നിരൂപക പ്രശംസയും ജനപ്രീതിയും ഒരുപോലെ പടിച്ചുപറ്റിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലേഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട മികച്ച ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തിക്കൊണ്ടാണ് ഈ ചിത്രം റീല്‍ ഏഷ്യന്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മാധ്യമപ്രവര്ത്തകന് സജീവ് പാഴൂരിന്റെ തിരക്കഥയില്‍ കഴിഞ്ഞ ജൂണില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മത്സരിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഫഹദ് രണ്ടാം വട്ടമാണ് ദിലേഷ് പോത്തനുമായി ഒരുമിക്കുന്നത്. ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായ ഈ ചിത്രം ലോകത്താകമാനം മൂപ്പത് കോടി രൂപ കളക്ട് ചെയ്തതായാണ് വിവരം.
പുതുമുഖ നായിക നിമിഷ സജയനൊപ്പം ഒരുപിടി പുതുമുഖ അഭിനയപ്രതിഭകള്‍ മാറ്റുരച്ച സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. അലന്‍സിയര്‍ ലേ ലോപ്പസ് അവതരിപ്പിച്ച ഹെഡ്കോണ്‍സ്റ്റബിളും ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവധായകന് കൂടിയായ രാജിവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. തിയേറ്റര്‍ റിലീസിന് മുമ്പേ ഹിറ്റായ പാട്ടുകളുടെ സംഗീതം നിര്‍വ്വഹിച്ചത് ബിജിബാല്‍ ആണ്. ത്രില്ലടിപ്പിക്കുന്ന ബി ജി എമ്മും ബിജിബാല്‍ ചിത്രത്തിനായി ഒരുക്കി.
INDIANEWS24.COM Movies