728-pixel-x-90-2-learn
728-pixel-x-90
<< >>

തെറ്റില്ലാതെ ‘നിര്‍ണായകം’; അത്രമാത്രം

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി വി കെ പ്രകാശ് ഒരുക്കിയ നിര്‍ണായകം തെറ്റില്ലാത്തൊരു ചിത്രം എന്ന ഗണത്തില്‍ വിശേഷിപ്പിക്കാം എന്നു മാത്രം.സമയത്തിന് ജീവനോളം വിലയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന ചിത്രം പൊതുറോഡ് തടസ്സപ്പെടുത്തുന്ന രാഷ്ട്രീയ സംഘടനകളുടെ സമ്മേളനങ്ങള്‍ക്കും പ്രകടനത്തിനും എതിരായ താക്കീതാകുന്നു.ആശയ സമ്പന്നമായ ചിത്രത്തില്‍ പ്രകടനമികവുകൊണ്ട് എല്ലാവരും മികച്ചുനിന്നു.

സാങ്കേതികമായും ആവിഷ്‌കാര രീതിയിലും വലിയ പോരായ്മകള്‍ ഉണ്ടായില്ലെന്നത് വ്യക്തം.എങ്കിലും മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് സംവിധാനത്തില്‍ പ്ലസ് പോയിന്റുകളൊന്നും വി കെ പ്രകാശില്‍ നിന്നും ഉണ്ടായിട്ടില്ല.നിയമയുദ്ധം നിര്‍ണായകമാകുന്ന ചിത്രത്തില്‍ ബോബി-സഞ്ജയ് ടീമിന്റെ രചന ഒട്ടും ഏശിയില്ല.കോടതി ചിത്രങ്ങളുടെ ക്ലീഷേ സിനിമാറ്റിക് എന്‍ഡ് നിര്‍ണായകത്തിന് വലിയ വെല്ലുവിളിയാകുന്നു.

നന്നേ ചെറുപ്പത്തിലെ അച്ഛനില്‍ നിന്നും അകലേണ്ടി വരുന്ന കുട്ടി സ്‌കൂള്‍ തലം മുതല്‍ ലക്ഷ്യമിട്ടിരുന്നത് പട്ടാളക്കാരനാകാനാണ്.ടെസ്റ്റെഴുതി നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഓഫീസറാകാനുള്ള ട്രെയിനിംഗില്‍ കയറിപ്പറ്റി.അവിടത്തെ ചിട്ടവട്ടങ്ങളും കര്‍ക്കശ നിയമങ്ങളും മടുത്ത് ഇറങ്ങിപോരുന്നു.ഒടുവില്‍ ചെറുപ്പത്തിലേ വിട്ടുപോയ അച്ഛന്‍ പയറ്റുന്ന നിര്‍ണായക നിയമയുദ്ധത്തിന് സാക്ഷിയാകുന്നതോടെ നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണെന്ന തിരിച്ചറിവ് നേടുന്നു.ഏത് നിയമങ്ങളും ചിട്ടവട്ടങ്ങളും പാലിക്കാന്‍ തയ്യാറായി അയാള്‍ പട്ടാളത്തില്‍ തിരികെയെത്തുന്നു.

വേഷപകര്‍ച്ചയില്‍ വേറിട്ട പ്രകടനം കാഴ്ച്ചവച്ചതായി എടുത്തു പറയാന്‍ അര്‍ഹിക്കുന്നത് അഡ്വ.സിദ്ധാര്‍ത്ഥ്‌ ശങ്കറായി എത്തിയ പ്രംപ്രകാശ് മാത്രം.ആസിഫ് അലിയുടെ അമ്മയായി എത്തുന്ന ടിസ്‌ക ചോപ്രയും ജഡ്ജിയായി സുധീര്‍ കരമനയും റോളുകള്‍ ഗംഭീരമാക്കി.ലെന,സൈജു കുറുപ്പ്,നെടുമുടി വേണു,അനുപ് ചന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചു.ആസിഫ് അലിയും മാളിവിക മോഹനും തങ്ങളുടെ റോളുകള്‍ മോശമാക്കിയില്ലെങ്കിലും നായിക- നായികന്‍ എന്നതിനപ്പുറം കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

INDIANEWS24.COM Movies

Leave a Reply