jio 800x100
jio 800x100
728-pixel-x-90
<< >>

തെരഞ്ഞെടുപ്പില്‍ വിധിയെഴുതുക ഏതൊക്കെ ഘടകങ്ങള്‍

പലരും വന്നുപോയി. പക്ഷേ, ആരാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിന്‍റെ ജനമനസുകളെ ഇളക്കിമറിച്ചത്. പലതും കാണുകയും കേള്‍ക്കുകയും ചെയ്തു. പക്ഷെ, ഏത് വിഷയങ്ങളാകും ഈ തെരഞ്ഞെടുപ്പില്‍ ചിലരെ വീഴ്ത്തുകയും മറ്റ് ചിലരെ വാഴ്ത്തുകയും ചെയ്യുക. രാജ്യത്തെയും സംസ്ഥാനത്തെയും പൊതുരാഷ്ട്രീയ സ്ഥിതിഗതിക്കപ്പുറം , ജാതിമത സമവാക്യങ്ങള്‍ക്കപ്പുറം പ്രചാരണ വേളയില്‍ ജനമനസ്സുകളെ സ്വാധീനിച്ച ഘടകങ്ങള്‍ നിരവധി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം കേരളം പോളിംഗ്ബൂത്തിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വരെ ഇരുപക്ഷവും കൊണ്ടും കൊടുത്തും മുന്നേറിയപ്പോള്‍ നഗരത്തിലും നാട്ടിന്‍പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന സംഭവവികാസങ്ങള്‍.

വി. എസ് അച്യുതാനന്ദന്‍റെ നിലപാടുകള്‍

സി.പി.എം ഔദ്യോഗികനേതൃത്വവുമായി ഇടഞ്ഞുനിന്ന വി. എസ് അച്യുതാനന്ദന്‍റെ നിലപാട് മാറ്റമായിരുന്നു ഈ തെരഞ്ഞെടുപ്പിലെ മുഖ്യസവിശേഷത. ടി. പി വധം, എസ്.എന്‍.സി ലാവലിന്‍ കേസ് തുടങ്ങിയ വിഷയങ്ങളില്‍ തന്‍റെ എതിര്‍പ്പുകള്‍ക്ക് അവധികൊടുത്ത് വി. എസ് ഇടതുപക്ഷത്തിന്‍റെ മുഖ്യപ്രചാരകനായി. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വി. എസിനെ കാണാനും കേള്‍ക്കാനുമാണ് ഏറ്റവും വലിയ ജനക്കൂട്ടം ഉണ്ടായത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ നല്ലൊരു ശതമാനം വോട്ടുകള്‍ വിഭാഗീയപ്രശ്നങ്ങളാല്‍ മരവിച്ചുപോയിരുന്നു. ഇത്തവണ വി. എസിന്‍റെ നിലപാടുമാറ്റം ഇ വോട്ടുകളില്‍ വലിയൊരു പങ്ക് എല്‍.ഡി.എഫിന് തിരിച്ചുനല്‍കും.

 

ആര്‍.എസ്.പിയുടെ മുന്നണിമാറ്റം

സി.പി.എമ്മിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിയെ തെരഞ്ഞെടുപ്പില്‍ ഇത്തവണ കാര്യമായി വേട്ടയാടിയില്ല. പക്ഷെ, മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ ആര്‍.എസ്.പി ഇടതുബാന്ധവം അവസാനിപ്പിച്ച്‌ യു.ഡി.എഫില്‍ ചേക്കേറിയത് ഇടതിന് തിരിച്ചടിയായി. സി.പി.എം അനായാസജയം പ്രതീക്ഷിച്ചിരുന്ന കൊല്ലം സീറ്റില്‍ എന്‍. കെ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രംഗത്ത്‌ വന്നതോടെ സ്ഥിതി പ്രവചനാതീതമായി. മത്സരരംഗത്തുള്ള സി.പി.എമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്‌ എം. എ ബേബി. ആ മണ്ഡലത്തില്‍തന്നെ ശക്തമായ മത്സരം എന്ന പ്രതീതി ഉയര്‍ന്നത് മറ്റ് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് തിരിച്ചടിയായി.

പ്രേമചന്ദ്രനെ അവസരവാദിയായി ചൂണ്ടിക്കാട്ടിയായിരുന്നു എല്‍.ഡി.എഫ് ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളായ പീലിപ്പോസ് തോമസ്‌, അബ്ദുറഹ്മാന്‍ എന്നിവര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികല്‍ ആയതെങ്ങനെ എന്നതായിരുന്നു യു.ഡി.എഫിന്‍റെ മറുചോദ്യം.

മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതിപരാമര്‍ശം

ഉമ്മന്‍‌ചാണ്ടിയുടെ ഗണ്മാന്‍ ആയിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉണ്ടായ ഹൈക്കോടതി പരാമര്‍ശം യു.ഡി.എഫിന് അപ്രതീക്ഷിത പ്രഹരമായി. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രധാന വിഷയങ്ങള്‍ ടി. പി വധം, ആര്‍.എസ്.പിയുടെ മുന്നണിമാറ്റം തുടങ്ങിയവയില്‍ ഒതുക്കിനിര്‍ത്തുന്നതില്‍ യു.ഡി.എഫ് ഒരുപരിധി വരെ വിജയിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി പരാമര്‍ശത്തോടെ സോളാറും ഭൂമിതട്ടിപ്പും ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകള്‍ വീണ്ടും സജീവ പ്രചാരണവിഷയമായി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ പരാമര്‍ശങ്ങള്‍ ഭാഗികമായി സ്റ്റേ ചെയ്യിക്കാന്‍ കഴിഞ്ഞെങ്കിലും അഴിമതി ആരോപണങ്ങള്‍ക്ക് ജനങ്ങളോട് മറുപടി പറയാന്‍ യു.ഡി.എഫ് ബാധ്യസ്ഥരാകുകയും ചെയ്തു.

ഇടുക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരായ ഭൂമി തട്ടിപ്പ് ആരോപണം

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ രാഷ്ട്രീയവും സാമുദായികവുമായ ധ്രുവീകരണങ്ങള്‍ക്ക് വേദിയായ ഇടുക്കിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിനെതിരെ ഉയര്‍ന്ന ഭൂമിതട്ടിപ്പ് ആരോപണം യു.ഡി.എഫ് ആയുധമാക്കി. എന്നാല്‍, പ്രസ്തുത ഭൂമിയുടെ പട്ടയം ക്രമപ്രകാരമുള്ളതാണെന്ന് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി തിരിച്ചുവരവിന് ശ്രമിക്കുകയാണ് എല്‍.ഡി.എഫ്.

 

ടി. പി വധവും എം. എന്‍ ഷംസീറും

യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനവിഷയമായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ചത് ടി. പി ചന്ദ്രശേഖരന്‍ വധമാണ്. ആദ്യഘട്ടത്തില്‍ ഇത് വേണ്ടത്ര ഫലംചെയ്തില്ല. എന്നാല്‍, ടി. പി വധക്കേസിലെ പ്രതികളില്‍ ഒരാളെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. എന്‍ ഷംസീര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന ടി. പിയുടെ വിധവ കെ. കെ രമയുടെ ആരോപണം വടകര മണ്ഡലത്തിലെങ്കിലും യു.ഡി.എഫിന് സഹായകമായി.

പിണറായിയുടെ പരാമര്‍ശം

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. കെ പ്രേമചന്ദ്രനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പൊതുവേദിയില്‍ നടത്തിയ മോശം പദപ്രയോഗമാണ് പ്രചാരണത്തിന്‍റെ അവസാനനാളുകളില്‍ ഏറെ ചര്‍ച്ചയായത്. ഒരുപക്ഷെ, എല്‍.ഡി.എഫിന് മേല്‍ക്കൈ ലഭിക്കുമായിരുന്ന പ്രധാന പ്രചാരണവിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റുന്നതിന് ഇത് യു.ഡി.എഫിനെ സഹായിക്കുകയും ചെയ്തു.

Leave a Reply