728-pixel-x-90-2-learn
728-pixel-x-90
<< >>

തൃശ്ശൂര്‍ പൂരത്തിന് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണനിയന്ത്രണാധികാരം

തൃശ്ശൂര്‍:പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് ഇക്കുറി ജില്ലാ ഭരണകൂടത്തിന്റെ കനത്ത നിയന്ത്രണം.വെടിക്കെട്ട് പുര നിയന്ത്രിക്കുന്നത് മുതല്‍ ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ വരെ കര്‍ശന വ്യവസ്ഥകളാണ് ബുധനാഴ്ച്ച തൃശൂര്‍ ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.അതേസമയം ഇതുസംബന്ധിച്ച കേസ് അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.17നാണ് ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം.

വെടിക്കെട്ട് പൂരയുടെ നിയന്ത്രണത്തില്‍ ദേവസ്വം അധികൃതര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ക്കും തുല്യമായ അധികാരം ഉണ്ടായിരിക്കുമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.റെവന്യു, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ എക്‌സ്‌പ്ലോസീവ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ളവരും ഉണ്ടാകും.ഇവര്‍ക്കൊപ്പം ദേവസ്വം അധികൃതരുടെ കൂടി സാന്നിധ്യത്തിലേ വെടിക്കെട്ടുപുര തുറക്കാനാകൂ.നിബന്ധനകളില്‍ പറയുന്നതില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം നല്‍കിയിരിക്കുന്നത്.വെടിക്കെട്ട് സാമഗ്രികളുടെ എണ്ണവും അളവും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം.ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.തഹസില്‍ദാര്‍ ആയിരിക്കും വെടിക്കെട്ട് പൂരയുടെ താക്കോല്‍ സൂക്ഷിക്കുക.

പൂരത്തിന് ആനകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് പുതിയ നിബന്ധനകള്‍ പുറപ്പെടുവിച്ചത്.രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടയിലുള്ള സമയത്ത് ആനകളെ എഴുന്നള്ളിക്കരുതെന്ന് വ്യക്തമാക്കുന്നു.കൂടാതെ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

തൃശ്ശൂര്‍പൂരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളില്‍ കൊടിയേറ്റ് നടന്നു കഴിഞ്ഞ സാഹചര്യത്തില്‍ പൂരനഗരി ഉത്സവലഹരിയിലായിരിക്കുകയാണ്.സ്വരാജ് റൗണ്ടിലും പരിസരത്തും ഒരുക്കങ്ങളെല്ലാം ഏറെക്കുറേ പൂര്‍ത്തിയായി കഴിഞ്ഞു.

INDIANEWS24.COM TSR

Leave a Reply