തൃശൂര്‍: തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബി ജെ പി ഏറ്റെടുക്കുകയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബി ജെ പി യുടെ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയുമായിരുന്നു.നേരത്തേ തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇന്ന് വൈകുന്നേരമാണ് പ്രഖ്യാപനമുണ്ടായത്. ബിജെപി എ പ്ലസ് മണ്ഡലമായി പ്രഖ്യാപിച്ചിട്ടുള്ള തൃശൂരില്‍ നിരവധി പ്രാദേശിക നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് ബിജെപി നേതൃത്വം എത്തുകയായിരുന്നു. എല്‍ ഡി എഫിന് മുന്‍തൂക്കമുള്ള തൃശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുക്കുമെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്.പക്ഷെ ഇതിനകം യുഡിഎഫ് സ്ഥാനാര്‍ഥിയായ ടിഎന്‍ പ്രതാപനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യുവും പ്രചരണത്തില്‍ ഏറെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്.
സുരേഷ്ഗോപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെയും എല്‍ ഡി എഫ്-യു ഡി എഫ്-എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ്ണ ചിത്രം തെളിഞ്ഞു.ശക്തമായ ത്രികോണ മത്സരം നടക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന തിരുവനന്തപുരത്ത് മുന്‍ മന്ത്രി സി ദിവാകരനും നിലവിലെ എം പിയായ ശശി തരൂരും ബി ജെ പി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഏറ്റുമുട്ടുമ്പോള്‍ കൊല്ലത്ത് എല്‍ ഡി എഫും യു ഡി എഫും നേര്‍ക്ക് നേര് പോരാട്ടത്തിലാണ്.കെ എന്‍ ബാലഗോപാലിലൂടെ ഇക്കുറി സീറ്റ് തിരിച്ചു പിടിക്കാനാകും എന്ന ശുഭ പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. ആറ്റിങ്ങലില്‍ സിറ്റിംഗ് എം പിയായ സി പി എമ്മിലെ സമ്പത്തിനെ പൂട്ടാന്‍ മുന്‍ മന്ത്രി കൂടിയായ അടൂര്‍ പ്രകാശിനെയാണ് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്.ബി ജെ പിയുടെ ശോഭാ സുരേന്ദ്രനും രംഗത്തുണ്ട്.പക്ഷെ സമ്പത്ത് ആറ്റിങ്ങലില്‍ ഒരു പടി മുന്നില്‍ തന്നെയാണ്.മാവേലിക്കരയില്‍ സിറ്റിംഗ് എം പി കൊടിക്കുന്നില്‍ സുരേഷിന് തന്നെയാണ് മുന്‍ തൂക്കം.അതെ സമയം ബി ജെ പി യുടെ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തോടെ ത്രികോണ മത്സരത്തിലേക്ക് വഴി മാറിയ പത്തനംതിട്ടയില്‍ ഇതുവരെ അജയ്യനായി നിലകൊണ്ട സിറ്റിംഗ് യു ഡി എഫ് എം പി ആന്റോ ആന്റണിയെ പൂട്ടാന്‍ സിറ്റിംഗ് എല്‍ ഡി എഫ് എം എല്‍ എ വീണാ ജോര്‍ജ്ജിന് സാധിക്കും എന്ന് കണക്ക് കൂട്ടുന്നു.
ആലപ്പുഴയില്‍ സിറ്റിംഗ് യു ഡി എഫ് എം പിയായ കെ സി വേണുഗോപാല്‍ ഒഴിഞ്ഞതോടെ സിറ്റിംഗ് എല്‍ ഡി എഫ് എം എല്‍ എയായ ആരിഫിനു സാധ്യതയേറി.എതിര് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെക്കള് പ്രചരണത്തില്‍ ഏറെ മുന്നിലാണ് ആരിഫ്.കോട്ടയത്ത് കേരള കോണ്‍ഗ്രസിലെ പടല പിണക്കങ്ങള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന് സാധ്യത കല്പ്പിക്കുവാന് പ്രേരിപ്പിക്കുന്ന ഘടകമാണ്.എന്‍ ഡി എ സ്ഥാനാര്‍ഥിയായി എത്തുന്ന പി സി തോമസും പ്രചരണ രംഗത്ത് ഏറെ സജീവമാണ്.നിരവധി തവണ എം പി യും കേരളാ കോണ്‍ഗ്രസ് സ്ഥാപകനായ പി ടി ചാക്കോയുടെ മകനും കൂടിയായ പി സി തോമസ് രണ്ടാം സ്ഥാനത്ത് എത്തുവാനുള്ള സാധ്യത ഏറുകയാണ് കോട്ടയത്ത്. അതെ സമയം ഇടുക്കിയില്‍ ഇക്കുറി നിലവില്‍ എം പി യായ ജോയ്സ് ജോര്‍ജ്ജിനെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞ പ്രാവശ്യം പരാജയം രുചിച്ച ഡീന്‍ കുര്യാക്കോസിനു കഴിയുമെന്നാണ് കെ പി സി സി യുടെ വിലയിരുത്തല്‍.
ഏറണാകുളത്തു സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ രാജ്യ സഭാംഗവുമായ പി രാജീവിന് യു ഡി എഫിന്റെ ഉറച്ച കോട്ട ഭേദിക്കാനാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.മികച്ച രാജ്യസഭാംഗം എന്ന നിലയില്‍ ആര്‍ജ്ജിച്ച ഖ്യാതി രാജീവിന് ഗുണകരമാണ്.എറണാകുളത്തെ സിറ്റിംഗ് എം പി യായ കെ വി തോമസിന് സീറ്റ് നിഷേധിച്ചതും എന്‍ ഡി എ സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയതും നിലവില്‍ ഏറണാകുളം എം എല്‍ എയായ ഹൈബി ഈഡന് പ്രതികൂല ഘടകങ്ങളാണ്.അതെ സമയം ചാലക്കുടിയില്‍ യു ഡി എഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബഹന്നാന് സിറ്റിംഗ് എല്‍ ഡി എഫ് എം പിയായ ചലച്ചിത്ര താരം ഇന്നസെന്റിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ്.സുരേഷ് ഗോപി കൂടി എത്തുന്നത്തോടെ തൃശൂരില്‍ കടുത്ത മത്സരം ഉണ്ടാകുമെന്ന് ഉറപ്പാണ്.പാലക്കാട് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് പ്രചരണത്തിലും വിജയ സാധ്യതയിലും ഏറെ മുന്നില്‍ തന്നെയാണ്.അതേ സമയം ആലത്തൂരില്‍ സിറ്റിംഗ് എം പിയായ പി കെ ബിജുവിന് സാമൂഹിക മാദ്ധ്യമങ്ങളിലെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനായിട്ടുണ്ട്.പക്ഷെ എല്‍ ഡി എഫിന് കൃത്യമായ മുന്‍തൂക്കമുള്ള ആലത്തൂരില്‍ പി കെ ബിജുവിനെ അട്ടിമറിക്കാനുള്ള സാധ്യത രമ്യക്ക് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നില്ല.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയ വയനാട്ടില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അട്ടിമറിക്ക് സുനീറിലൂടെ തയ്യാറെടുക്കുകയാണ് എന്ന് എല്‍ ഡി എഫ് നേതൃത്വം പറയുന്നു.എന്‍ ഡി എ സ്ഥാനാര്‍ഥിയായി ബി ഡി ജെ എസ് നേതാവ് തുഷാ ര്‍ വെള്ളാപ്പള്ളി കൂടെ എത്തുന്നതോടെ വയനാട് ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.കോണ്‍ഗ്രസ് ഈസി വാക്കോവര്‍ കാണുന്ന വയനാട്ടില്‍ രാഹുലിന് കാര്യങ്ങള്‍ അത്ര ഈസി ആകില്ല എന്നതുറപ്പ്.മുസ്ലീം ലീഗിന്റെ അകമഴിഞ്ഞ പിന്തുണയാണ് രാഹുലിന്റെ ആശ്വാസം.അതെ സമയം .മുസ്ലീം ലീഗിന്റെ സീറ്റുകളായ പൊന്നാനിയും മലപ്പുറവും താരതമ്യേന യു ഡി എഫിന് സുരക്ഷിത മണ്ഡലങ്ങളാണ്.പക്ഷെ മലപ്പുറത്ത് ഇക്കുറി എല്‍ ഡി എഫിന്റെ വി പി സാനു പി കെ കുഞ്ഞാലിക്കുട്ടിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.ഏറെക്കുറെ പി.ജയരാജന് വിജയമുമുറപ്പിച്ച വടകരയില്‍ ആര് എം പി യുടെയും മറ്റു അവസരവാദ കൂട്ടുകെട്ടുകളുടെയും സഹായത്തോടെ മുന്‍ കെ പി സി സി പ്രസിടന്റ്റ് കൂടിയായ കെ മുരളീധരന് പൊരുതിക്കയറനാകുമെന്നു യു ഡി എഫ് കണക്കു കൂട്ടുന്നു. പി കെ ശ്രീമതി ടീച്ചറിന് വ്യക്തമായ മുന്‍ തൂക്കമുള്ള കണ്ണൂരില്‍ തങ്ങള്‍ക്ക് കണ്ടെത്താനാകുന്ന മികച്ച സ്ഥാനാര്‍ഥിയായ കെ.സുധാകരന് പിടിവള്ളിയാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് നേതൃത്വം.സിറ്റിംഗ് എം പിയായ യു ഡി എഫിന്റെ എം കെ രാഘവനും സിറ്റിംഗ് എം എല്‍ എയായ എല്‍ ഡി എഫിന്റെ പ്രദീപ്കുമാറും ഏറ്റുമുട്ടുന്ന കോഴിക്കോട് തീ പാറുന്ന മത്സരമാണ് നടക്കുന്നത്.അതെ സമയം കാസര്‍ഗോഡ് മണ്ഡലത്തില്‍ പ്രാദേശിക പിന്തുണ ആവോളമുള്ള എല്‍ ഡി എഫിന്റെ സതീഷ് ചന്ദ്രന് മുന്നില്‍ പിടിച്ചു നില്ക്കാന് കൊല്ലത്ത് നിന്നും എത്തിയ യു ഡി എഫിന്റെ രാജ് മോഹന്‍ ഉണ്ണിത്താന് ഏറെ ബുദ്ധിമുട്ടേണ്ടി വരും.
അവസാന ഫലങ്ങളില്‍ എല്‍ ഡി എഫ് കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്താനാണ് സാധ്യത.ചില മണ്ഡലങ്ങളില്‍ ശക്തമായ മത്സരമുയര്ത്തുന്നുണ്ടെങ്കിലും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ വിജയിക്കുവാനുള്ള സാധ്യത തുലോം കുറവാണ്.അതെ സമയം യു ഡിഎഫ് ചില എല്‍ ഡി എഫ് മണ്ഡലങ്ങള്‍ പിടിച്ചെടുത്തേക്കാമെങ്കിലും തങ്ങളുടെ നിരവധി സിറ്റിംഗ് സീറ്റുകള്‍ എല്‍ ഡി എഫിന് അടിയറവ് വയ്ക്കുവാനാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.പത്തു മണ്ഡലങ്ങളില്‍ വ്യക്തമായ മുന്‍തൂക്കമുള്ള എല്‍ ഡി എഫ് അഞ്ചു മണ്ഡലങ്ങളില്‍ യു ഡി എഫുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.എല്‍ ഡി എഫിന് പത്തു മുതല്‍ പതിനാല് മണ്ഡലങ്ങളില്‍ വരെ ഉയര്‍ന്ന സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.യു ഡി എഫിന് കൃത്യമായ മുന്‍ തൂക്കമുള്ളത് ആറു മണ്ഡലങ്ങളിലാണ്.അഞ്ചു മണ്ഡലങ്ങളില്‍ എല്‍ ഡി എഫുമായി കടുത്ത പോരാട്ടത്തിലാണ് യു ഡി എഫ്.
INDIANEWS24 ELECTION DESK