728-pixel-x-90-2-learn
728-pixel-x-90
<< >>

തിലകമില്ലാതെ രണ്ടു വര്‍ഷങ്ങള്‍ !

തിലകക്കുറിയില്ലാതെ മലയാള ചലച്ചിത്രലോകത്തിന്റെ സഞ്ചാരം രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു.തിരുവനന്തപുരത്തെ ആശുപത്രിയില്‍ ദിവസങ്ങളോളം മരണത്തോടു മല്ലടിച്ചു കിടന്ന് പ്രതീക്ഷയും ആശങ്കയുമേകി 2012 സെപ്തംബര്‍ 24ന് ഒരു പ്രഖ്യാപനം പോലെ ആ കണ്ണീര്‍ വാര്‍ത്തയെത്തി.അതെ, പരുക്കന്‍ ശബ്ദവും കണിശതയുള്ള മുഖഭാവവുമായി എത്തുന്ന നടന വിസ്മയം ജീവിതമെന്ന ബിഗ്‌ സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.സുരേന്ദ്രനാഥ തിലകന്‍ മരണത്തിന് കീഴടങ്ങി.

THILAKAN 2പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പഞ്ചായത്തില്‍ പ്ലാങ്കമണ്‍ ഗ്രാമത്തില്‍ പാലപ്പുറത്ത് ടി എസ് കേശവന്റെയും ദേവയാനിയുടെയും ആറ് മക്കളില്‍ രണ്ടാമത്തെ മകനായി 1935 ജൂലൈ 15ന് ജനനം.വളര്‍ന്നു വലുതായി യൗവ്വനത്തിലെത്തിയപ്പോഴേക്കും പട്ടാളത്തില്‍ ചേര്‍ന്നു.സ്വന്തം നിലപാടുകളെ ഏറ്റവും വലിയ ശരിയായി ഉയര്‍ത്തിപ്പിടിച്ച തിലകന്‍ എന്നും അങ്ങനെ തന്നെയായിരുന്നു.പട്ടാള ജീവിതം മതിയാക്കി ഇറങ്ങിപ്പോന്നു.നാടകങ്ങളിലൂടെയുള്ള പ്രയാണം ആരംഭിച്ചു.എഴുപതുകളുടെ തുടക്കത്തില്‍ സിനിമയിലേക്കു രംഗപ്രവേശം.എണ്‍പതുകളോടെ സജീവമായി.തുടര്‍ന്ന് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പല തവണ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് 2009ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.

തിലകക്കുറിയില്ലാത്ത ചമയത്തിന്റെ പകിട്ടുമായാണ് കഴിഞ്ഞ രണ്ട് വര്‍ഷവും മലയാള സിനിമ THILAKAN 4സഞ്ചരിച്ചത്.പിതാക്കന്‍മാരുടെ വേഷത്തില്‍ നിരവധി പേര്‍ എന്നും മലയാളത്തില്‍ വന്നുപോയിട്ടുണ്ട്.കര്‍ക്കശത്തിന്റെ കടന്നുകയറ്റം സ്വഭാവത്തില്‍ ക്രൂരത പകര്‍ന്ന  കൗശലക്കാരനായും കളിയും ചിരിയുമായി മക്കളെ നേരായ വഴിക്കെത്തിക്കുന്ന സ്നേഹധനനുമായും തിലകന്‍ പ്രേക്ഷകനു മുന്നിലെത്തുമ്പോള്‍ ആ വിടവ് നികത്താന്‍ വേറെ ആരെന്ന ചോദ്യത്തിന് പുകള്‍പെറ്റ ഫിലിംമേക്കേഴ്‌സിനും പോലും ഉത്തരമുണ്ടായിരുന്നില്ല.

നെഞ്ചോടു ചേര്‍ത്തുവെക്കാതെ മനസ്സുകൊണ്ടു താലോലിക്കുന്ന അച്ഛന്റെ വിചാരങ്ങളില്‍ പ്രേക്ഷക ലക്ഷങ്ങള്‍ നൊമ്പരപ്പെട്ടതിന് എത്രയെത്ര ഉദാഹരണങ്ങള്‍.കിരീടം,സന്താനഗോപാലം,ഗമനം തുടങ്ങി ഉസ്താദ് ഹോട്ടല്‍ വരെ അങ്ങനെ ആ പട്ടിക നീളുന്നു.സ്വന്തം തീരുമാനങ്ങളെ മാത്രം ശരിയെന്നു വിശ്വസിക്കുമ്പോള്‍ മക്കള്‍ പരാജയം പിണയുന്നതിന്റെ THILAKAN 3നിസ്സഹായതയു ചാക്കോ മാഷിലൂടെയും പെരുന്തച്ചനിലൂടെയുമൊക്കെ നാം പലകുറി കണ്ടിരിക്കുന്നു.സര്‍വ്വനാശം വിതച്ചാലും മനസ്സില്‍ അടിഞ്ഞുകൂടിയ ദുഷ്ടചിന്ത കൈവെടിയാത്ത നെഗറ്റീവ് ക്യാരക്റ്ററുകളും ഈ നടന് അനായാസം വഴങ്ങിയിട്ടുണ്ട്(കാട്ടുകുതിര,നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍,വിളംബരം തുടങ്ങിയവ ).അതീവ ഗൗരവമേറിയ സാഹചര്യങ്ങളെ വരുതിയിലാക്കാന്‍ തന്ത്രപൂര്‍വ്വം നീങ്ങുന്ന അച്യുതമേനോനെയും(ഇന്ത്യന്‍ റുപ്പി)കൗശലത്തോടെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന തിരുമുറ്റം കൊച്ചുതൊമ്മനെയും(വീണ്ടും ചില വീട്ടുകാര്യങ്ങള്‍) പ്രേക്ഷകരുടെ ഹൃദയം നിറച്ചത് ചിരിയാലും ചിന്തയാലുമാണ്.

സാക്ഷാല്‍ അമിതാഭ് ബച്ചനുമായി ദേശീയ അവാര്‍ഡിനായ് മത്സരിച്ച പേരുംതച്ചന്‍,സദയം,മൃഗയ,കോലങ്ങള്‍,ചെങ്കോല്‍,യവനിക.മണിച്ചിത്രത്താഴ്‌,സന്ദേശം.മൂന്നാം പക്കം,കുടുംബവിശേഷം,സ്ഫടികം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വേഷങ്ങളിലൂടെ തിലകന്‍ മലയാള THILAKAN 5സിനിമയെ ഉന്നതിയിലേക്ക് പിടിച്ചുയര്‍ത്തുകയായിരുന്നു.

മൂക്കില്ലാരാജ്യത്ത് തുടങ്ങി തിലകനെ തേടിയെത്തിയ കോമഡി കഥാപാത്രങ്ങളൊന്നും ചില ചിരിസിനിമകളെ പോലെ സ്‌കിറ്റിന്റെ വലിയ രൂപമായിരുന്നില്ല.കാര്യങ്ങള്‍ ഗൗരവത്തോടെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചിരിക്കാനുള്ള വകയായി മാറുന്ന ജീവസുറ്റ നര്‍മ്മങ്ങളായിരുന്നു.മദിരാശിയിലെ അധോലോക ഡോണായി വിലസുമ്പോഴും സ്വന്തം മുറിയില്‍ ഫോണ്‍ ബെല്ലടി കേട്ട് ഞെട്ടുന്ന നാടോടിക്കാറ്റിലെ സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള രംഗം തന്നെ വലിയ ഉദാഹരണം.സ്വന്തം ബംഗ്ലാവില്‍ വിശന്നു വലയുന്ന ജഡ്ജിയായി THILAKAN 7കിലുക്കത്തിലും പ്രേക്ഷകര്‍ക്ക് കുലുങ്ങി ചിരിക്കാനുള്ള വക സമ്മാനിക്കുന്നതായിരുന്നു.ഈ ചിത്രങ്ങളെല്ലാം വീണ്ടും കണ്ടുപോകുമ്പോഴും ഇത്തരം ആളുകളെ നാം ജീവിതത്തില്‍ കണ്ടുമുട്ടുന്നുണ്ടാകും ഇവരെ വെള്ളിത്തിരയിലെത്തിയാല്‍ ആര് വേഷം പകരും എന്നതാണ്.കഴിഞ്ഞ രണ്ട് വര്‍ഷമായി ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിലാണ് മാഞ്ഞിട്ടും മായാത്ത തിലകമായി അഭിനയകലയുടെ ഉസ്താദായി ആ നടന പ്രതിഭ വിരാജിക്കുന്നത്.

SWARAJ INDIANEWS24

Leave a Reply