കൊച്ചി : തിര , ഗീതാഞ്ജലിയെ വിഴുങ്ങുമോ എന്നതായിരുന്നു കഴിഞ്ഞ വാരം മല്ലുവുഡിലെ മില്ല്യണ്‍ ഡോളര്‍ ചോദ്യം !!
ഏതായാലും വിനീത് ശ്രീനിവാസന്റെ മൂന്നാമത്തെ സംരംഭമായ തിര മലയാളസിനിമയിലേക്ക് ആഞ്ഞടിക്കുക തന്നെ ചെയ്തു. കരയിലും കണ്ടുനിന്നവരിലും തിര സൃഷ്ടിക്കുന്ന ചലനങ്ങള്‍ ചെറുതല്ല.
പല സിനിമകളിലും കണ്ടു കഴിഞ്ഞ , കര്‍മ്മയോധ തുടങ്ങിയ ചിത്രങ്ങള്‍ കൈകാര്യം ചെയ്തു പരാജയം രുചിച്ച പ്രമേയമാണ് വിനീത് ശോഭനയുടെ സഹായത്തോടെ തീരത്തടുപ്പിച്ചത്. ബോറടിക്കാതെ പ്രേക്ഷര്‍ക്ക് കണ്ടിരിക്കാം എന്ന ഉറപ്പു തിര തരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയുടെ ഒഴുക്ക് തിരയല്‍പ്പെട്ടുപോകാതെ മുന്നോട്ടുകൊണ്ടു പോകാന്‍ വിനീത്ശ്രീ നിവാസന് കഴിഞ്ഞു.
ചിത്രത്തിന് മനപൂര്‍വ്വം നല്കിയിരുക്കുന്ന ഒരു ” പാന്‍ ഇന്ത്യ ” സ്വഭാവം പ്രമേയത്തിന്റെ സാര്‍വ്വലൌകികത വെളിവാക്കുന്നു. മണിച്ചിത്രത്താഴിനും മിത്ര് മൈ ഫ്രണ്ടിനും ശേഷമുള്ള ശോഭനയുടെ മികവുറ്റ പ്രകടനമാണ് തിരയിലെ ഡോ. രോഹിണി പ്രണാബ്. ശോഭനയും തിരക്കഥയും സംവിധാന മികവും തന്നെയാണ് തിരയിലെ സൂപ്പര്‍താരങ്ങള്‍. രാകേഷ് മോണ്ടോടിയും വിനീതും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത് . ധ്യാന്‍ ശ്രീനിവാസന് തന്റെ വേഷം ഭംഗിയാക്കി. മലയാള സിനിമയ്ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു യുവ നടനെ കൂടി തിരയിലൂടെ ലഭിച്ചിരിക്കുന്നു.
മികച്ച കാസ്റ്റിംഗാണ് തിരയുടെ ശ്രദ്ധേയമായ ഒരു ഘടകം. പശ്ചാത്തലത്തിന് ഇണങ്ങിയ ഈണമാണ് എടുത്തുപറയാനുള്ള മറ്റൊരു ഘടകം. ഒരു ത്രില്ലര്‍ മൂഡ് സൃഷ്ടിക്കാനും അത് നില നിര്‍ത്താനും ഷാന്‍ റഹ്മാന് സാധിച്ചു. ഛായാഗ്രഹകന് ജോമോന് ടി ജോണും സംവിധായകന് മികച്ച പിന്തുണ നല്കി. ഇത്തരമൊരു വേറിട്ട സിനിമ നിര്‍മ്മിക്കാന്‍ വിനീതിന് പ്രേരണയും സ്വാതന്ത്യവും നല്കിയ നിര്‍മ്മാതാവ് മനോജ് മേനോന് മലയാള സിനിമക്ക് മുതല്‍ക്കൂട്ടായേക്കാവുന്ന ഒരു നിര്‍മ്മാതാവാണ്.
പുതുമ തേടുന്ന പ്രേക്ഷകന് തീര്‍ച്ചയായും തിര ഒരു മികച്ച സിനിമാനുഭാവമായിരിക്കും , ചിത്രം സശ്രദ്ധയോടെ വീക്ഷിച്ചാല്‍.
SANU INDIA NEWS