തിരുവനന്തപുരം: കൊലയാളി ഗെയിം ആയ ബ്ലൂവെയില്‍ ഗെയിം കളിച്ച് കേരളത്തില്‍ ഒരു കൗമാരക്കാരന് ആത്മഹത്യ ചെയ്തതായി സംശയം. തിരുവനന്തപുരം വിളപ്പില്‍ശാല സ്വേദിശിയായ മനോജ് തൂങ്ങിമരിച്ചത് ബ്ലൂവെയില്‍ ഗെയിമിന്റെ സ്വാധീനം മൂലമാണെന്ന് മാതാപിതാക്കളാണ് പരാതിപ്പെട്ടിരിക്കുന്നത്. അപകടകരമായ ഗെയിം രാജ്യത്തുടനീളം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമനിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.
കഴിഞ്ഞമാസം 26നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജ് ആത്മഹത്യ ചെയ്തത്. ഒമ്പത് മാസം മുമ്പ് മകന് ബ്ലൂ വെയില് ഡൗണ്‍ലോഡ് ചെയ്തിരുന്നതായും കളിച്ചിരുന്നതായും മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു.ഒറ്റയ്ക്ക് യാത്രചെയ്യാത്ത മനോജ് വീട്ടുകാരറിയാതെ കടല്‍ കാണാന്‍ പോയിരുന്നു. നീന്തലറിയാത്ത കുട്ടി ഗെയിമിലെ ടാസ്കിന്റെ ഭാഗമായി പുഴയിലെ ചുഴിയില്‍ ചാടി കൂട്ടുകാരെകൊണ്ട് പടം എടുപ്പിച്ചിരുന്നു. മനോജ് കയ്യില്‍ കോമ്പസു കൊണ്ട് മുറിവേല്‍പ്പിക്കുകയും രാത്രി സെമിത്തേരിയില്‍ പോയിരുന്നതായും മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഗെയിം കളിക്കാന്‍ തുടങ്ങിയ ശേഷം മനോജിന്റെ സ്വഭാവത്തില്‍ വ്യക്തമായ മാറ്റം കണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. മരിക്കുന്നതിന് മുമ്പ് ബ്ലൂ വെയില് ഗെയിം ഡിലീറ്റ് ചെയ്ത ഫോണ്‍ പൊലിസ് പരിശോധിച്ച് വരികയാണ്.
ഇന്റര്‍നെറ്റിലൂടെ കളിക്കുന്ന ഗെയിം നെറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഫേസ് ബുക്ക്, ഗൂഗിള്‍, വാട്ട്സാപ്പ്, മൈക്രോ സോഫ്റ്റ്, യാഹൂ എന്നിവരോടാണ് ഗെയിമിന്റെ ലിങ്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അപകട സാധ്യത കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് ഐ ടി മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇവ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് അറിയിച്ചത്.
INDIANEWS24.COM T V P M