728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരത്ത് മാവോയിസ്റ്റ് ആക്രമണ സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് പത്ത് നഗരങ്ങളിലായി സജീവമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ തലസ്ഥാന നഗരിയില്‍ ചെറിയ തോതില്‍ ആക്രമണങ്ങള്‍ നടത്തി സാന്നിധ്യമറിയിക്കാനിടയുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസിന് കര്‍ശന ജാഗ്രതാനിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.രാത്രി പട്രോളിംഗിന് പിസ്റ്റള്‍ കരുതണമെന്നും സ്‌റ്റേഷനുകള്‍ക്ക് റൈഫിളുമായി 24 മണിക്കൂറും കാവല്‍ വേണമെന്നും ആയുധശേഖരം കരുതലോടെ സൂക്ഷിക്കണമെന്നും സിറ്റിപോലീസ് കമ്മിഷണര്‍ എച്ച് വെങ്കിടേഷ് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചു.

കേരളത്തിലെ പത്ത് നഗരങ്ങളില്‍ മാവോയിസ്റ്റുകളുടെ അര്‍ബന്‍ ആക്ഷന്‍ കമ്മിറ്റികള്‍ സജീവമാണ്. ഐ.ടി സ്ഥാപനങ്ങള്‍, കോളേജുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടുന്നൊക്കെ യുവാക്കളെ ചേര്‍ക്കുന്നു. ആദിവാസി മേഖലകളില്‍ നിന്ന് നഗര പ്രദേശങ്ങളിലേക്ക് ചുവടുറപ്പിച്ച് സംഘടന ശക്തിപ്പെടുത്തുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. ജനകീയപ്രശ്‌നങ്ങളും സമരങ്ങളും ഏറ്റെടുക്കും. ചൂഷണവും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ആക്രമിക്കാനിടയുണ്ട്.

പാലക്കാട് കെ എഫ് സിയില്‍ ആക്രമണം നടത്തിയ അരുണ്‍, ശ്രീകാന്ത് എന്നിവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാനായത് പൊലീസിന് മികവായെങ്കിലും നേതൃത്വത്തെക്കുറിച്ച് കാര്യമായൊന്നും ഇവരില്‍ നിന്ന് കിട്ടിയില്ല. അര്‍ബന്‍ ആക്ഷന്‍ കമ്മിറ്റി ശക്തമാണെന്ന് തെളിയിക്കാനാണ് പാലക്കാട് നഗരത്തില്‍ ആക്രമണം നടത്തിയത്. ഇവരുടെ രൂപം തിരിച്ചറിഞ്ഞ് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കോയമ്പത്തൂര്‍ പൊലീസ് മേധാവികള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്.പാലക്കാട് ആക്രമണത്തിന്റെ ആസൂത്രണം കൊച്ചിയിലാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഒരു ഓപ്പറേഷനായി പാലക്കാട്ടെത്താനായിരുന്നു ഇവര്‍ക്കുള്ള നിര്‍ദ്ദേശം.

INDIANEWS24 TVPM

Leave a Reply