തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ ന്യൂസീലാന്‍ഡ് സംഘം സ്പോര്‍ട്ട്സ് ഹബ്ബ് സന്ദര്‍ശിച്ചു. അടുത്ത മാസം ഏഴിന് നടക്കുന്ന ഇന്ത്യ- ന്യൂസിലണ്ട് ടി-20 മത്സരത്തിന് മുന്നോടിയായി ആയിരുന്നു സംഘത്തിന്റെ വരവ്. ന്യൂസിലണ്ട് ടീം മാനേജര്‍ മിഷീല്‍ സാന്ഡല്, സുരക്ഷാ തലവന്‍ ഇയാന്‍ സ്നേര്‍ എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങളും മറ്റും വിലയിരുത്തുന്നതിനായി എത്തിയത്. മത്സരത്തിന് വേണ്ടി നടത്തിയ ഒരുക്കങ്ങളിലും സ്റ്റേഡിയത്തിലും സംഘം തൃപ്തി പ്രകടിപ്പിച്ചു.
രാവിലെ മുംബൈയില്‍ നിന്നെത്തിയ സംഘം 10 മണിയോടെയാണ് ടി-20 നടക്കുന്ന സ്പോര്‍ട്ട്സ് ഹബ്ബിലെത്തിയത്. ബിസിസിഐ ഓപ്പറേഷന്‍സ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അമിത്, കെസിഎ സെക്യൂരിറ്റി കമ്മിറ്റി ചെയര്മാന് കാര്‍ത്തിക് വര്‍മ്മ, കണ്‍വീനര്‍ ജോണ്സണ്, സ്റ്റേഡിയം കമ്മിറ്റി കണ്‍വീനര്‍ ജയന്, കാര്യവട്ടം സ്പോര്‍ട്ട്സ് ഫെസിലിറ്റീസ് ഇന്‍ ചാര്‍ജ് മുത്തണ്ണ, കെസിഎ ജനറല്‍ മാനേജര്‍ രഞ്ജി തോമസ് എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് ടീമംഗങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന കോവളം ലീല ഹോട്ടല്‍ സന്ദര്‍ശിച്ചു. ലീല ഹോട്ടല്‍ അധികൃതരുമായും ചര്‍ച്ച നടത്തിയ സംഘം ഹോട്ടല്‍ താമസ സൗകര്യത്തിലും തൃപ്തി അറിയിച്ചു. വൈകീട്ട് ഡിജിപി ലോക്നാഥ് ബെഹ്റ, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ പ്രകാശ് എന്നിവരുമായും സംഘം കൂടിക്കാഴ്ച്ച നടത്തി.
INDIANEWS24.COM T V P M