728-pixel-x-90-2-learn
728-pixel-x-90
<< >>

തിരുവനന്തപുരം മണ്‍വിളയിലെ അഗ്നിബാധ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായി

തിരുവനന്തപുരം:മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ-സംഭരണ യൂണിറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്.അഗ്നിശമനസേനയുടെ  സമയോചിതവും  കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഒരു വന്‍ ദുരന്തത്തില്‍ നിന്നും തിരുവനന്തപുരം നഗരത്തെ രക്ഷപ്പെടുത്തിയത്.  ബലക്ഷയമുള്ള കെട്ടിടത്തിന്‍റെ ചില ഭാഗത്തെ ഭിത്തികള്‍ കയറും കപ്പിയും ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അഗ്നി ശമനസേനയും പൊലീസും.പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീ പിടിച്ചതാണ് അഗ്നിബാധ രൂക്ഷമാക്കിയത്. അഞ്ച് നില കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയതിനാല്‍  കെട്ടിടത്തിന് ബലക്ഷയമുണ്ട്. അതുകൊണ്ട് തന്നെ കെട്ടിടത്തിന് സമീപത്തേക്ക് പോകുകയെന്നത് ഏറെ ശ്രമകരമാണ്. ഏത് നിമിഷവും കെട്ടിടം നിലംപതിക്കാമെന്ന നിലയിലാണ്.വിമാനത്താവളത്തില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റടക്കം അമ്പതോളം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. പൊലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഇന്നലെ വൈകീട്ട് ഏഴ് മണി മുതല്‍ പ്രവര്‍ത്തനനിരതരാണ്.   fire

അഗ്നിബാധ തുടങ്ങിയ ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് കെട്ടിടത്തില്‍ ഏതാണ്ട് നൂറ്റമ്പതോളം ജീവനക്കാരുണ്ടായിരുന്നു. ഇവരെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചത് കൂടുതല്‍ ദുരന്തമുണ്ടാകുന്നതില്‍ നിന്ന് തടഞ്ഞു. രണ്ട് പേര്‍ക്ക് വിഷപുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളൊഴിച്ചാല്‍ മറ്റ് ആര്‍ക്കും തന്നെ പരിക്കുകളില്ല. ജയറാം രഘു, ഗിരീഷ് എന്നിവരെ വിഷ പുകശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.കത്തിക്കൊണ്ടിരിക്കുന്ന ഫാക്ടറി വളഞ്ഞു കൊണ്ട് ഫയര്‍ഫോഴ്സ് ഇപ്പോഴും തുടര്‍ച്ചയായി വെള്ളം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഫാക്ടറിക്ക് അകത്തുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കത്തി തുടങ്ങിയതോടെ വന്‍തോതില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം വമിക്കുന്നുണ്ട്. കഴിഞ്ഞ രാത്രി മുഴുവന്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിയതിനാല്‍, അത് പൊതുജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ഫാമിലി പ്ലാസ്റ്റിക്സിന്‍റെ നാല് കെട്ടിട്ടങ്ങളാണ് മണ്‍വിളയിലുള്ളത് അതില്‍ ഒരു കെട്ടിട്ടമാണ് ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴുണ്ടായ അഗ്നിബാധ മൂലം അഞ്ഞൂറ് കോടിയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഫാമിലി പ്ലാസ്റ്റിക്സിന്‍റെ ഉടമകളിലൊരാള്‍ പറയുന്നത്.

അതെ സമയം ഇന്ന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ് ഏകദിന മത്സരത്തിനു അഗ്നിബാധ മൂലം ഒരു തടസമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് വിഷപ്പുക ഭീഷണിയില്ല.

INDIANEWS24 TVPM DESK

Leave a Reply