കണ്ണൂര്‍: ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനെ ആക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍. കണ്ണൂര്‍ ടൗണിലും തളിപ്പറമ്പിലുമാണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചത്. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പൊലീസിനെ വിരട്ടി കാര്യം നേടാന്‍ നോക്കേണ്ടെന്ന സുധാകരനെതിരായ തിരുവഞ്ചൂരിന്റെ പ്രസ്താവനയെതുടര്‍ന്നാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മണല്‍മാഫിയക്കുവേണ്ടി കെ സുധാകരന് എംപി നടത്തിയ പരാക്രമം കോണ്‍ഗ്രസില്‍ പരസ്യ ഏറ്റുമുട്ടലായി മാറുന്നതിന്റെ സൂചനയാണ് പോസ്റ്റര്‍ യുദ്ധം. വൈകിട്ടോടെ ജില്ലയിലെ മറ്റു ഭാഗങ്ങളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ആഭ്യന്തരമന്ത്രിയെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയാണ്് തളിപ്പറമ്പിലെ പോസ്റ്ററില്‍. ആഭ്യന്തരമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും പോസ്റ്ററിലുണ്ട്. തിരുവഞ്ചൂരിന്റെ ഭരണത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ലോക്കപ്പാണ് ലഭിക്കുകയെന്നും വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കാട്ടുനീതിയാണ് നടക്കുന്നതെന്നും പോസ്റ്ററുകളിലുണ്ട്. തിരുവഞ്ചൂര്‍ ബിനാമി മന്ത്രിയെന്നും പോസ്റ്ററില്‍ ആക്ഷേപിക്കുന്നു. തളിപ്പറമ്പില്‍ ബസ്സ്റ്റാന്‍ഡ് കോംപ്ലക്സിലും ടാക്സി സ്റ്റാന്‍ഡിലും വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററില്‍ കെ സുധാകരന് സിന്ദാബാദുമുണ്ട്. ഏതാനും മാസംമുമ്പ് സുധാകര അനുകൂലികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പടമുള്ള പോസ്റ്റര്‍ കീറി നശിപ്പിച്ചിരുന്നു. അന്ന് സുധാകരന് അനുകൂലമായും ഉമ്മന്ചാണ്ടിക്കെതിരായും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു