jio 800x100
jio 800x100
728-pixel-x-90
<< >>

തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം,വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് പരിഹാരമുണ്ടാകും-ഡോ.ടി എം തോമസ്‌ ഐസക്

ഡോ.ടി എം തോമസ്‌ ഐസകിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

തിരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതമായിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം ദേശീയ തലത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ ഇടപെടൽ ശേഷി ദുർബലപ്പെടുത്തും. വരാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഈ തിരിച്ചടി പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഈ തിരഞ്ഞെടുപ്പു ഫലത്തെ വിശകലനം ചെയ്യുമ്പോൾ എത്തിച്ചേരാവുന്ന നിഗമനം,
2014ൽ എൽഡിഎഫിന് കേരളത്തിൽ 40.11 ശതമാനം വോട്ട് ലഭിച്ചിരുന്നു. 2016ൽ 43.48 ശതമാനമായി ഉയർന്നു. ഇപ്പോൾ പ്രാഥമിക വിലയിരുത്തലിൽ 35.1 ശതമാനമാണ് എൽഡിഎഫിൻ്റെ വോട്ടുവിഹിതം. ഇടതുപക്ഷത്തിൻ്റെ അടിസ്ഥാനവോട്ടിൽ ഉണ്ടായിട്ടുള്ള ഗൗരവമായ ചോർച്ചയിലേയ്ക്കാണ് ഈ ഇടിവ് നിസംശയം വിരൽ ചൂണ്ടുന്നത്. ഏതെങ്കിലുമൊരു വിഭാഗത്തിൻ്റെ ഒരു പ്രത്യേകദിശയിലേയ്ക്കുള്ള ഏകീകരണം കൊണ്ട് മാത്രം വിശദീകരിക്കാനാവുന്ന പ്രതിഭാസമല്ല ഇത്. ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും ഇടതുപക്ഷത്തെ പിന്താങ്ങിയ എല്ലാ വിഭാഗത്തിൻ്റെയും വോട്ടുകളിൽ കുറവു സംഭവിച്ചിട്ടുണ്ട്. ഇതാണ് വോട്ടിംഗിലെ അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള പരിശോധനയിൽ വെളിപ്പെടുന്നത്.

ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസും ബിജെപിയും രാഷ്ട്രീയ നേട്ടത്തിന് ഒരു സുവർണാവസരമായിക്കണ്ട് പ്രക്ഷോഭത്തിലേയ്ക്ക് എടുത്തു ചാടുകയായിരുന്നല്ലോ. ഇടതുപക്ഷത്തെ പിന്താങ്ങിയിരുന്ന ഒരു വിഭാഗം വോട്ടർമാരെ ആഴത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വർഗീയപ്രചരണം നടത്താൻ അവർക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഭാഗം ബിജെപിയിലേയ്ക്കല്ല, യുഡിഎഫിലേയ്ക്കാണ് പോയത്. തിരഞ്ഞെടുപ്പുവേളയിൽ ഈയൊരു ആപത്ത് വ്യക്തമായിരുന്നു. എന്നാൽ പട്ടികവിഭാഗങ്ങളിൽ ദൃശ്യമായ ഇടതുപക്ഷാനുഭാവവും സംഘപരിവാറിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമൂലം മതന്യൂനപക്ഷങ്ങളിലുണ്ടായ അംഗീകാരവും കൊണ്ട് ഇത് അതിജീവിക്കുമെന്നാണ് ഞങ്ങൾ കരുതിയത്.isaac cm

ശബരിമല വിവാദകാലത്ത് വർഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപിയുടെ പരിശ്രമങ്ങൾക്കെതിരെ ഇടതുപക്ഷം നടത്തിയ തത്ത്വാധിഷ്ഠിതമായ പോരാട്ടം ഒരുകാര്യം വ്യക്തമാക്കി. കേരളത്തിൽ ആർഎസ്എസിൻ്റെയും സംഘപരിവാറിൻ്റെയും മുന്നേറ്റത്തെ തടയാൻ ഇടതുപക്ഷം മാത്രമേയുള്ളൂ. എന്നാൽ ഇത്തവണ ഇത് വോട്ടായി മാറിയില്ല. മാത്രമല്ല, കഴിഞ്ഞ തവണ എൽഡിഎഫിന് വോട്ടു ചെയ്തവരിൽ ഒരു വിഭാഗം യുഡിഎഫിലേയ്ക്ക് മാറുകയും ചെയ്തു. തിരഞ്ഞെടുപ്പിൻ്റെ ഒരു ഘട്ടത്തിലും ഇത് തിരിച്ചറിയാതെ പോയത് വലിയൊരു വീഴ്ചയാണ്.

ഇങ്ങനെ സംഭവിക്കാൻ കാരണം, തിരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടത്തിലും മതന്യൂനപക്ഷങ്ങൾ അടക്കമുള്ളവർ പ്രകടിപ്പിച്ച വലിയ പിന്തുണയാണ്. സർക്കാരിൻ്റെ പ്രകടനങ്ങളിലുള്ള മതിപ്പും സംഘപരിവാറിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത ചെറുത്തു നിൽപ്പിലുള്ള അനുഭാവവും വളരെ പ്രകടമായിരുന്നു. എൽഡിഎഫിനോടുള്ള വിരോധമോ അകൽച്ചയോ എവിടെയും പ്രകടമായില്ല. അതേസമയം ശക്തമായ മോദി വിരുദ്ധവികാരം ദൃശ്യമായിരുന്നു താനും. എന്നാൽ കേന്ദ്രത്തിൽ ഏറ്റവും വലിയ പാർടിയായി കോൺഗ്രസ് വന്നാലേ ബിജെപിയ്ക്ക് ബദൽ സർക്കാർ ഉണ്ടാക്കാൻ കഴിയൂ എന്ന പ്രചാരണത്തെ ഫലപ്രദമായി ചെറുക്കുന്നതിന് എൽഡിഎഫിനു കഴിഞ്ഞില്ല. അതാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. ഇന്ന് യുഡിഎഫിന് വോട്ടു ചെയ്ത ഈ വിഭാഗങ്ങളുടെ നിലപാട് സ്ഥായിയാണെന്നു ഞങ്ങൾ കരുതുന്നില്ല. അതുകൊണ്ടാണ് ഈ തിരിച്ചടി താൽക്കാലികമാണ് എന്ന നിഗമനത്തിലെത്തുന്നത്.

ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾത്തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ ദൗർബല്യങ്ങൾ – പ്രവർത്തനശൈലിയിൽ, വിവിധ സാമൂഹിക വിഭാഗങ്ങളോടുള്ള ബന്ധത്തിൽ, സർക്കാരിൻ്റെ നേട്ടങ്ങളെ രാഷ്ട്രീയ പിന്തുണയായി മാറ്റുന്നതിൽ – ഒക്കെയുള്ള ദൗർബല്യങ്ങളെ നിശിതമായ സ്വയം വിമർശനത്തോടെ കണ്ടെത്തി പരിഹരിച്ചേ തീരൂ. അതിലൂടെ മാത്രമേ ഇന്നത്തെ തിരിച്ചടിയിൽ നിന്നുള്ള കരകയറ്റം ഉറപ്പാക്കാനാവൂ.

ബിജെപിയുടെ വോട്ടിംഗ് ശതമാനം വർദ്ധിച്ചിട്ടില്ല. ബിജെപിയ്ക്ക് ഒരു സീറ്റുപോലും നേടാൻ കഴിയാത്തതും 2016നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം വർദ്ധിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്. പക്ഷേ, ഇതിനർത്ഥം ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതിനുവേണ്ടി ബിജെപി വോട്ടു മറിച്ചിട്ടില്ല എന്നല്ല. ഏതാണ്ട് ആറു മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ഗണ്യമായി ഉയർന്നിട്ടുണ്ട്. ആ വളർച്ച ആനുപാതികമായി മറ്റു മണ്ഡലങ്ങളിൽ കാണുന്നില്ല. ആ വോട്ടും യുഡിഎഫിലേയ്ക്കു പോയിട്ടുണ്ട്.

കോൺഗ്രസ് ജയിച്ചാലേ, മതനിരപേക്ഷ സർക്കാരുണ്ടാകൂ എന്ന് തെറ്റിദ്ധരിച്ചവർക്ക് ദേശീയ തിരഞ്ഞെടുപ്പുഫലം തിരിച്ചറിവാകും. കേരളവും പഞ്ചാബുമൊഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്. ഇത് സ്വയംകൃതാർത്ഥമാണ്. ഇവിടങ്ങളിലെല്ലാം ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുന്നതിന് ഉചിതമായ ഇടപെടലുകൾ നടത്തുന്നതിന് കോൺഗ്രസിന് കഴിഞ്ഞില്ല. ഇന്നത്തെ പ്രതികൂലമായ സാഹചര്യത്തിലും വർഗീയതയ്ക്കെതിരെ മാത്രമല്ല, ബിജെപി ശക്തമായി തുടരാൻ പോകുന്ന നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിൻ്റെ മുന്നിൽ ഇടതുപക്ഷം ഉണ്ടാകും. ഇത്തരമൊരു സമീപനം കൈക്കൊള്ളുന്നതിന് ഇടതുപക്ഷത്തിനേ കഴിയൂ. അതാണ് ഇടതുപക്ഷത്തിൻ്റെ പ്രസക്തി.

അവലംബം:ഡോ.ടി എം തോമസ്‌ ഐസകിന്‍റെ ഫേസ്ബുക്ക്‌ പേജ്.

Leave a Reply