ദുബായ്:പുതുവര്‍ഷത്തിലെ രണ്ടാം ദിനമായ തിങ്കളാഴ്ച്ച ദുബായ് എയര്‍പോര്‍ട്ടില്‍ വന്‍തിരക്ക് അനുഭവപ്പെടുമെന്ന് എമിറേറ്റ്സിന്റെ മുന്നറിയിപ്പ്.ജനുവരി രണ്ടാം തീയതിയായ ഈ ദിവസം ഇവിടെ നിന്നും യാത്രയാകാന്‍ തീരുമാനിച്ചവര്‍ ടേക്ക്ഓഫിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.ഇതേവരെയുള്ള ബുക്കിംഗിന്റെ കണക്കുകളനുസരിച്ച് മാത്രം അന്നേ ദിവസം ടെര്‍മിനലിന് മുന്നിലൂടെ 87,000 പേരെങ്കിലും കടന്നുപൊകുമെന്നാണ് കണക്കാക്കുന്നത്.
ക്രിസ്മസും ന്യൂഇയറും ആഘോഷിച്ച ശേഷം കുടുംബവുമൊത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളുടെ എണ്ണക്കൂടുതലായിരിക്കാം ഇത്രയും തിരക്കു കുടാന് കാരണമെന്ന് അനുമാനിക്കുന്നു.വിമാനത്തവളത്തിലേത് കൂടാതെ നഗരത്തിലേയും തിരക്ക് കണക്കിലെടുത്താണ് അധികൃതര്‍ നേരത്തെ തന്നെ യാത്രക്കാര്‍ക്കും മറ്റും നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയത്.നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്കിനു സാധ്യതയുള്ളതിനാല്‍ വീടുകളില്‍നിന്നു നേരത്തേ യാത്ര പുറപ്പെടാനും അധികൃതര്‍ ആവശ്യപ്പെടുന്നു.യാത്ര സുഗമമാക്കാന്‍ എമിറേറ്റ്സ് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും പദ്ധതിയുണ്ട്.
വിമാനം പുറപ്പെടുന്നതിന് ആറു മണിക്കൂര്‍ മുമ്പു തന്നെ ടെര്‍മിനല്‍ മൂന്നില്‍ ചെക്ക് ഇന്‍ ചെയ്യാനാകും. എമിറേറ്റ്സ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാര്‍ പാര്‍ക്ക് ചെക്ക് ഇന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പു മുതല്‍ ആറു മണിക്കൂര്‍ മുമ്പു വരെ കാര്‍ പാര്‍ക്ക് ചെക്ക് ഇന്നിലെ 16 കൗണ്ടറുകള്‍ വഴി ലഗേജ് നല്‍കാം.വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പു മുതല്‍ 90 മിനിറ്റു മുമ്പു വരെ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാം. സ്വന്തം മൊബൈല്‍ ഫോണ്‍ വഴിയോ വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വീസ് കിയോസ്കുകള്‍ വഴിയോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടത്താവുന്നതാണ്.
ജനുവരി രണ്ടിനാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ യുഎഇയിലേക്കു സീറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഏജന്‍സികള്‍ അറിയിച്ചു. ക്രിസ്മസും ന്യൂഇയറും നാട്ടില്‍ ആഘോഷിച്ച ശേഷം സ്കൂള്‍ തുറക്കുന്നതിനു മുമ്പു മടങ്ങിയെത്തുന്നവരാണ് ഏറെയും.ജനുവരിയിലെ ആദ്യ മൂന്നു ദിവസങ്ങളില്‍ ടെര്‍മിനല്‍ മൂന്നിലൂടെ മാത്രം രണ്ടരലക്ഷത്തോളം പേര് കടന്നുപോകുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് അവധി കഴിഞ്ഞു മടങ്ങുന്നവരാവും ഇതില്‍ അധികവും.