ശക്തമായ മഴയിൽ തിരുവനന്തപുരം വലിയശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണ് വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടപ്പോൾ
തിരുവനന്തപുരം : തലസ്ഥാന നഗരിയും പരിസര പ്രദേശങ്ങളും പേമാരിയില്‍ കുതിര്‍ന്നു. കനത്ത മഴയും മണ്ണിടിച്ചിലും നാഗര്‍കോവില്‍- തിരുവനന്തപുരം- കൊല്ലം പാതയില്‍ തീവണ്ടി ഗതാഗതം അക്ഷരാര്‍ത്ഥത്തില്‍ താറുമാറാക്കി. പ്രതിദിന തീവണ്ടികള്‍ ഉള്‍പ്പെടെ 11 തീവണ്ടികള്‍ റദ്ദാക്കി. 12 തീവണ്ടികളുടെ യാത്ര പുനഃക്രമീകരിച്ചു. ആറുമണിക്കൂറോളം തീവണ്ടി ഗതാഗതം നിശ്ചലമായി. ബുധനാഴ്ച പുലര്‍ച്ചെ തടസപ്പെട്ട ഗതാഗതം പത്തിന് ശേഷമാണ് ഭാഗികമായിട്ടെങ്കിലും പുനരാരംഭിക്കാന്‍ കഴിഞ്ഞത്. കേരള എക്സ്പ്രസ് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ടു. ചെന്നൈ – മലബാര്‍, മാവേലി എക്സ്പ്രസുകള്‍ തിരുവനന്തപുരത്തിന് പകരം കൊല്ലത്ത് നിന്നുമാണ് യാത്ര പുറപ്പെട്ടത് . നാഗര്‍കോവിലില്‍ നിന്നുള്ള പരശുറാം നേമത്ത് യാത്ര അവസാനിപ്പിച്ചു. ബാംഗ്ലൂര്‍ -കൊച്ചുവേളി, വഞ്ചിനാട്, ഇന്റര്‍സിറ്റി എന്നീ ട്രെയിയിനുകള്‍ കൊല്ലത്തും അമൃത എക്സ്പ്രസ്സിന് മുരുക്കുംപുഴയിലും യാത്ര അവസാനിപ്പിക്കേണ്ടതായി വന്നു.
ചൊവ്വാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയാണ് തമ്പാനൂര്‍ സ്റ്റേഷനിലെ ട്രാക്കുകളെ മുക്കിയത്. ബുധനാഴ്ച രാവിലെ 4.15 ന് വലിയശാലയിലും തുടര്‍ന്ന് കൊച്ചുവേളിയിലും ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. ഇതോടെ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നും കൊല്ലം, നാഗര്‍കോവില്‍ ഭാഗങ്ങളിലേക്കുമുള്ളള്ള യാത്ര തടസപ്പെട്ടു. രാവിലെ അഞ്ചിന് പുറപ്പെടുന്ന വേണാട് എക്സ്പ്രസാണ് ആദ്യം റദ്ദാക്കിയത്. തുടര്‍ന്ന് ആറിന് കോഴിക്കോട്ടേക്ക് തിരിക്കുന്ന ജനശതാബ്ദി എക്സ്പ്രസും റദ്ദാക്കി.തിരുവനന്തപുരത്തെ സ്ഥിതി ഏകദേശം നിയന്ത്രണത്തിലായി എന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
INDIA NEWS TVM