728-pixel-x-90-2-learn
728-pixel-x-90
<< >>

തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരുടെ ആക്രമണം

തിരുവനന്തപുരം:തലസ്ഥാന നഗരിയില്‍ ജില്ലാക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ആക്രമണം.കോടതിക്കകത്ത് മീഡിയ റൂമില്‍ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചുകൊണ്ട് പതിച്ച പോസ്റ്ററുകളുടെ പേരിലാണ് വ്യാഴാഴ്ച്ച പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.വൈകീട്ട് മൂന്നിന് ശേഷം ഉണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിക്കാന്‍ ആറ് മണിയോടെ ചേര്‍ന്ന പ്രതിഷേധ പരിപാടിക്കു നേരേയും അഭിഭാഷകരുടെ കല്ലേറും ആക്രമണവും ഉണ്ടായി.പലര്‍ക്കും സാരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം ഹൈക്കോടതി പരിസരത്ത് നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരം ജില്ലാകോടതി വളപ്പില്‍ ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്.കോടതിയിലെ മീഡിയ റൂമിന് മുന്നില്‍ ‘നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്ന്’ ആക്ഷേപിച്ചുകൊണ്ട് പോസ്റ്ററുകള്‍ പതിച്ചിരുന്നു.ഇത് കവര്‍ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ക്യാമറമാന്‍മാരേയും ഫോട്ടോഗ്രാഫര്‍മാരെയും അഭിഭാഷകര്‍ തടയുകയായിരുന്നു.ഇതിന്റെ പേരില്‍ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.പ്രശ്‌നം രൂക്ഷമാകുമെന്നായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതി വിട്ട് പുറത്തേക്കുപോയി.വാഹനങ്ങളില്‍ പുറത്തേക്ക് പോകുന്നതിനിടെ കോടതിവളപ്പിന്റെ പ്രധാന കവാടം അടച്ചിട്ട് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടു.

പോലീസ് ഇടപ്പെട്ട് കോടതി കവാടം തുറപ്പിച്ച് പ്രശ്‌നം ലഘുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ വ്യാപക ആക്രമണവും കല്ലേറും ഉടലെടുത്തു.ഈ സമയം പുറത്തുണ്ടായ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം തുടര്‍ന്നിരുന്നു.തുടര്‍ന്ന് സി പി എം നേതാവും മുന്‍ എം എല്‍ എയുമായ വി ശിവന്‍കുട്ടി സ്ഥലത്തെത്തി.പ്രശ്‌നം ഒഴിവാക്കാന്‍ ഇരുകൂട്ടരും ശ്രമിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിക്കാന്‍ ചേര്‍ന്ന വൈകീട്ടത്തെ യോഗത്തില്‍ വീണ്ടും കല്ലേറും കുപ്പിയേറും ഉണ്ടായി.വിവിധ ദൃശ്യ,വാര്‍ത്താ മാധ്യമങ്ങളിലെ ആളുകള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.

Leave a Reply