ന്യൂഡല്‍ഹി• ലൈംഗികാരോപണം നേരിടുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ പരാതി നല്കിയ മാധ്യമപ്രവര്‍ത്തക രാജി വച്ചു. തെഹല്‍ക്കയില്‍ ഇനി തുടരാന്‍ കഴിയില്ലെന്നു രാജിക്കത്തില്‍ പരാതിക്കാരി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് ഇന്ന് ഗോവ പൊലിസ് മുംബൈയിലെത്തും.
മാധ്യമപ്രവര്‍ത്തകയുടെ സഹപ്രവര്‍ത്തകരായ മൂന്നുപേരില്‍ നിന്നു കഴിഞ്ഞദിവസം പൊലീസ് തെളിവെടുത്തിരുന്നു. വിവാദസംഭവം നടന്ന ഉടന്‍ പരാതിക്കാരി വിവരങ്ങള്‍ കൈമാറിയത് ഇവര്‍ക്കായിരുന്നു.
തേജ്പാലിന്റെ അടുത്ത ബന്ധു വീട്ടിലെത്തി അമ്മയെ കണ്ടു കേസില്‍ നിന്നു പിന്മാറാന് സമ്മര്‍ദം നടത്തിയതായ പെണ്‍കുട്ടിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ പരാതിക്കാരിക്കു മതിയായ സംരക്ഷണം നല്‍കണമെന്നു ദേശീയ വനിതാ കമ്മിഷന് മുംബൈ പൊലീസിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.