jio 800x100
jio 800x100
728-pixel-x-90
<< >>

തമിഴ്നാട്ടില്‍ ഇനി “വിജയ്‌ സര്‍ക്കാര്‍” ഒപ്പം വരലക്ഷ്മിയും

തമിഴ്നാടിന്റെ വര്‍ത്തമാനകാല രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന വിജയ്‌ -മുരുഗദോസ് ചിത്രമായ സര്‍ക്കാര്‍ മികച്ച ഇനിഷ്യല്‍ കളക്ഷനാണ് നേടുന്നത്.വിജയ്‌ ചിത്രങ്ങളുടെ ആവര്‍ത്തന വിരസമായ സ്ഥിരം ചേരുവകള്‍ ആവോളമുണ്ടെങ്കിലും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ചിന്തകള്‍ അഴിമതിയും സ്വജനപക്ഷപാതവും മാഫിയകളും മതാതിപധ്യവും വിഴുങ്ങിയ രാഷ്ട്രീയത്തിനു ചില തിരിച്ചറിവുകള്‍ സമ്മാനിക്കുന്നു.

യുഎസ് ആസ്ഥാനമായ ജിഎല്‍ എന്ന ഐടി കമ്പനിയുടെ സിഇഒയാണ് സുന്ദര്‍ രാമസാമി എന്ന, വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം. ‘കോര്‍പ്പറേറ്റ് മോണ്‍സ്റ്റര്‍’ എന്ന് ഐടി വ്യവസായ ലോകത്ത് കുപ്രസിദ്ധിയുള്ള സുന്ദര്‍ രാമസാമി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാണ്  ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് എത്തിയിരിക്കുന്നതെന്ന വാര്‍ത്ത പിന്നാലെയെത്തുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ സ്വന്തം ബൂത്തിലെത്തുന്ന സുന്ദറിന് തന്റെ പേരില്‍ ആരോ കള്ളവോട്ട് രേഖപ്പെടുത്തിയിരിക്കുന്നെന്ന വിവരമാണ് ലഭിക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുന്ന അയാള്‍ വിജയിക്കുന്നു. എന്നാല്‍ അവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല അയാള്‍. കള്ളവോട്ട് എന്നത് ആഴത്തിലും പരപ്പിലുമുള്ള രാഷ്ട്രീയ അഴിമതികളുടെ മുകള്‍പ്പരപ്പിലെ സൂചകം മാത്രമാണെന്ന തിരിച്ചറിവില്‍ പ്രത്യക്ഷ രാഷ്ട്രീയത്തില്‍ത്തന്നെ ഇതര സാധ്യതകള്‍ തേടുകയാണ് അയാള്‍. പ്രമുഖ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് സുന്ദര്‍ രാമസാമി നടത്തുന്ന രാഷ്ട്രീയ പ്രതിക്രിയകളാണ്  ‘സര്‍ക്കാരി’ന്റെ കഥാതന്തു.

വിജയ്‌ എന്ന  സൂപ്പര്‍താരം അവതരിപ്പിക്കുന്ന നായകകഥാപാത്രം അന്ത്യത്തില്‍ പരാജയപ്പെടാനുള്ള സാധ്യത നൂറിലൊന്നുപോലും ഇല്ല എന്ന യാഥാര്‍ഥ്യം പ്രേക്ഷകര്‍ക്കും ബോധ്യമുണ്ട് എന്നുള്ളതാണ് അത്തരമൊരു താരത്തെവച്ച് സിനിമയെടുക്കുമ്പോള്‍ സംവിധായകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇവിടെ ‘സുന്ദര്‍ രാമസാമി’ക്ക് പൂര്‍ത്തിയാക്കേണ്ട മിഷന്‍ സിനിമയുടെ തുടക്കത്തില്‍ത്തന്നെ ഒറ്റയടിക്ക് അവതരിപ്പിക്കപ്പെടുന്നില്ല എന്നതാണ് തിരക്കഥയില്‍ മുരുഗദോസ് കാണിച്ചിരിക്കുന്ന മിടുക്ക്. പകിട്ടുള്ള ഗാന, നൃത്ത രംഗങ്ങളും ഹൈ ഡോസ്  ഫൈറ്റ് സീക്വന്‍സുകളും ‘ഇളയ ദളപതി’ സ്റ്റൈല്‍ മാനറിസങ്ങളുമൊക്കെയുന്ടെങ്കിലും  കടുത്ത വിജയ് ആരാധകര്‍ അല്ലാത്ത പ്രേക്ഷകര്‍ക്കും കണ്ടിരിക്കാവുന്ന സിനിമയായി സര്‍ക്കാരിനെ മാറ്റുന്നത് തിരക്കഥാരചനയിലെ വിശിഷ്യാ  ആദ്യ പകുതിയില്‍ പുലര്‍ത്തിയിരിക്കുന്ന ഈ കൈയ്യടക്കമാണ്. വോട്ട് ചെയ്യാന്‍ സുന്ദര്‍ എത്തുന്ന ബൂത്തില്‍ തുടങ്ങി പിന്നീട് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയകക്ഷിയെയും സ്ഥിരം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയുമൊക്കെ പരിചയപ്പെടുത്തി കൂട്ടത്തില്‍ ‘വിജയ് ചേരുവകളും’ ചേര്‍ത്ത് പതിയെ വളര്‍ന്നുവരുന്ന നരേറ്റീവ് സാധാരണ കാണിയെയും ബോറടിപ്പിക്കാത്തതാണ്.പക്ഷെ ഈ കയ്യടക്കം ചിത്രത്തിലുടനീളം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ ന്യൂനത.ക്ലൈമാക്സിലെ ക്രാഷ് ലാന്‍ഡിംഗ് ഇതിനുദാഹരണമാണ്.

പാലാ കറുപ്പയ്യയാണ് പ്രധാന രാഷ്ട്രീയകക്ഷിയുടെ അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം “രണ്ട്” എന്ന പ്രതിനായക കഥാപാത്രമായി രാധാരവിയും എത്തുന്നു.നായകന് ഒരു അലങ്കാരം എന്ന നിലയില്‍ കീര്‍ത്തി സുരേഷിന്റെ നായികാ കഥാപാത്രം ഒതുക്കപ്പെട്ടിരിക്കുന്നു. ചിത്രത്തിലെ സര്‍പ്രൈസ്  വരലക്ഷ്മി ശരത്കുമാറിന്റെ കോമളവല്ലിയാണ്. പാലാ കറുപ്പയ്യയുടെ മകളായി എത്തുന്ന കഥാപാത്രം പടയപ്പയിലെ നീലാംബരിയെ ഓര്‍മ്മപ്പെടുത്തുന്നു.മികച്ച പ്രകടനമാണ് വിജയുടെ പ്രതിനായികയായി എത്തുന്ന വരലക്ഷ്മി കാഴ്ച വെച്ചിരിക്കുന്നത്. വരലക്ഷ്മിയുടെ ഈ കരിയര്‍ ബെസ്റ്റ് കഥാപാത്രം അവരുടെ കരിയറിലെ വഴിത്തിരിവായേക്കും.sarkkar vara

എ ആര്‍ റഹ്മാന്‍റെ ഗാനങ്ങള്‍  ക്ലീഷേ മെറ്റാലിക് ഡാന്‍സ് നമ്പര്‍ മാത്രമായി എന്ന് പറയാതെ വയ്യ. പശ്ചാത്തലസംഗീതവും തീം മ്യൂസിക്കും മികച്ച  നിലവാരം പുലര്‍ത്തി.നീലാകാശം പച്ചക്കടല്‍ മുതല്‍ അങ്കമാലി ഡയറീസിനും സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനുമൊക്കെ ക്യാമറ ചലിപ്പിച്ച മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാരിന്റെ ഛായാഗ്രഹണം. തമിഴ് അഭ്രപാളികള്‍ ഇനി കുറേക്കാലം ഗിരീഷിന്റെതു കൂടിയാകും.

രക്ഷകന്‍’ കഥാപാത്രങ്ങളിലൂടെ മുന്‍പുതന്നെ ‘അരസിയല്‍’ പറയുന്ന സിനിമകളാണ് വിജയുടേതെങ്കിലും സര്‍ക്കാര്‍ ഉച്ചത്തില്‍  സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചാണ്. സര്‍ക്കാരിലെ കഥാപാത്രങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും അടുത്ത കാലങ്ങളില്‍ യാത്ര പറഞ്ഞവരുമായ തമിഴ് രാഷ്ട്രീയത്തിലെ വന്‍ മരങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു എന്നത് യാദൃശ്ചികമല്ല.കമലിനും രജനിക്കും ഒപ്പം ഒരു തിരുത്തല്‍ ശക്തിയായി താനും ഉണ്ടാകും എന്ന് വിജയ്‌ സര്‍ക്കരിലൂടെ ശക്തമായി പറയുന്നു.ഒപ്പം കമലഹാസനും രാജനീകന്തിനും തമിഴ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനും ഇത്തരം ചിത്രങ്ങള്‍ സഹായിക്കും.ഏതായാലും തമിഴ് നാടിനെ കര കയറ്റാന്‍ വരുംകാല തെരഞ്ഞെടുപ്പില്‍ സൂപ്പര്‍ താരങ്ങളുടെ ഒരു പട തന്നെയുണ്ടാകും എന്നത് തീര്‍ച്ചയാണ്  പക്ഷേ താന്‍ സ്ഥാനമോഹിയല്ലെന്നും എപ്പോഴും പ്രതിപക്ഷത്ത് ഒരു തിരുത്തല്‍ ശക്തിയായിരിക്കാനാണ് ആഗ്രഹമെന്നും പറയുന്ന വിജയുടെ സുന്ദര്‍ രാമസ്വാമി തമിഴ് രാഷ്ട്രീയത്തില്‍ ഒരു പുതുമയാണ്. പിഴവുകള്‍ക്കതീതമല്ലെങ്കിലും സര്‍ക്കാര്‍ മുരുഗദോസിനും വിജയ്ക്കും നേട്ടമാകുമെന്നാണ് ട്രേഡ് പണ്ഡിറ്റുകളുടെ പ്രവചനം.കേരളത്തിലും സര്‍ക്കാര്‍ നേടിയത്  വന്‍ ഇനിഷ്യലാണ്.

INDIANEWS24 MOVIE DESK

Leave a Reply