ന്യൂഡല്‍ഹി:രാജ്യത്ത് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കോള്‍ തനിയെ കട്ടായിപോയാല് ഉപഭോക്താവിന് ഒരു രൂപ നഷ്ടപരിഹാരം.ഓരോ തവണ കട്ടാകുമ്പോഴും ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കും.ഒരു ദിവസം പരമാവധി മൂന്ന് കോളുകള്‍ക്ക് മാത്രമേ നഷ്ടപരിഹാരം കിട്ടൂ.വരുന്ന ജനുവരി ഒന്ന് മുതല്‍ നഷ്ടപരിഹാരം നല്കി തുടങ്ങാന്‍ ടെലികോം കമ്പനികളോട് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) നിര്‍ദേശിച്ചു.
കോള്‍ ഡ്രോപ് ഉണ്ടായാല്‍ നാലുമണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കു നഷ്ടപരിഹാരത്തുക നിക്ഷേപിച്ച് അതിന്റെ വിവരങ്ങള്‍ അറിയിക്കണം എന്നാണു കമ്പനികള്‍ക്കുള്ള നിര്‍ദേശം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളാണെങ്കില്‍ അടുത്ത ബില്ലില്‍ ഈ തുക കുറയ്ക്കണം. മൊബൈല്‍ ഫോണുകളില്‍ ഉപഭോക്താക്കള്‍ കോള്‍ വിളിച്ചു സംസാരം ആരംഭിച്ചുകഴിഞ്ഞാല്‍ അത് ഉപഭോക്താക്കള്‍തന്നെ അവസാനിപ്പിക്കുന്നതിനു മുന്‍പേ കട്ടായി പോകുന്നതിനെയാണു കോള്‍ ഡ്രോപ് ആയി കണക്കാക്കുക. കോള്‍ വിളിക്കുന്ന ഉപഭോക്താവിനാണു നഷ്ടപരിഹാരം കിട്ടുക.
INDIANEWS24.COM NEWDELHI