jio 800x100
jio 800x100
728-pixel-x-90
<< >>

തട്ടിപ്പില്‍ പങ്കുണ്ടെന്ന് ശാലു

തിരുവനന്തപുരം/കോട്ടയം: സോളാര്‍ തട്ടിപ്പിലൂടെ ബിജു രാധാകൃഷ്‌ണന്‍ െകെക്കലാക്കിയ കോടിക്കണക്കിനു രൂപയില്‍നിന്നു മോശമല്ലാത്ത വിഹിതം ലഭിച്ചിട്ടുണ്ടെന്നു നടി ശാലു മേനോന്‍ പോലീസിനോടു സമ്മതിച്ചു. സിനിമയെടുക്കാന്‍ പരിപാടിയിട്ടിരുന്നെന്നും എന്തു പ്രശ്‌നമുണ്ടായാലും രാഷ്‌ട്രീയബന്ധങ്ങള്‍ ഉപയോഗിച്ചു രക്ഷപ്പെടുത്താമെന്നു വാക്കുതന്നിരുന്നതിനാലാണു ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും ശാലു പറഞ്ഞു.

തിരുവനന്തപുരം സ്വദേശി റാസിഖ്‌ അലിയില്‍നിന്ന്‌ 75 ലക്ഷം രൂപ ബിജുവിനൊപ്പം ചേര്‍ന്നു തട്ടിയെടുത്തെന്ന കേസില്‍ അറസ്‌റ്റിലായ ശാലു മേനോന്‍ അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിലാണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

ചങ്ങനാശേരിയിലെ വീട്ടില്‍നിന്നു കസ്‌റ്റഡിയിലെടുത്ത ശാലുവിനെ തിരുവനന്തപുരത്തെത്തിച്ച്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയായിരുന്നു ചോദ്യംചെയ്യല്‍. ഇന്നലെ െവെകിട്ട്‌ ഏഴിന്‌ ആരംഭിച്ച ചോദ്യംചെയ്യല്‍ എട്ടരവരെ നീണ്ടു. അതിനുശേഷം വനിതാ സെല്ലിലേക്കുമാറ്റി. കേസില്‍ രണ്ടാം പ്രതിയാണു ശാലു.
ശാലുവിനെ ഇന്നു തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. കസ്‌റ്റഡിയില്‍ വിട്ടുകിട്ടേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ്‌ പ്രത്യേകസംഘം ഇപ്പോള്‍. ബിജു രാധാകൃഷ്‌ണനുമായി അടുത്തബന്ധമാണുള്ളതെന്നു ശാലു പോലീസിനോടു പറഞ്ഞു. ബിജുവില്‍നിന്നു പലതവണയായിഒരു കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്‌. വീടുവയ്‌ക്കുന്നതിനും കാര്‍ വാങ്ങുന്നതിനും 50 ലക്ഷം രൂപ ആദ്യം തന്നു. പിന്നീടു പലപ്പോഴായി ലക്ഷങ്ങള്‍ നല്‍കി. സരിത എസ്‌. നായരുമായി വേര്‍പിരിഞ്ഞെന്നാണു ബിജു പറഞ്ഞിരുന്നത്‌. ബിജുവും സരിതയും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ബന്ധമില്ല. കലാകാരിയെന്ന നിലയില്‍ ഉന്നത രാഷ്‌ട്രീയനേതാക്കളുമായി വ്യക്‌തിബന്ധമുണ്ട്‌. അതിനപ്പുറം മറ്റൊന്നുമില്ല. ബിജുവുമായി ബന്ധം നിലനിര്‍ത്തേണ്ടിവന്നതില്‍ പശ്‌ചാത്താപമുണ്ടെന്നും ശാലു മേനോന്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മിക്കണമെന്ന തന്റെ ആഗ്രഹം ബിജു രാധാകൃഷ്‌ണന്‍ മുതലെടുക്കുകയായിരുന്നെന്നുംഅവര്‍ വെളിപ്പെടുത്തി. സിനിമ നിര്‍മിക്കുന്നതിന്‌ അഞ്ചു കോടി രൂപ മുടക്കാമെന്നു ബിജു സമ്മതിച്ചു.

ലൊക്കേഷന്‍ നോക്കാന്‍ ഊട്ടി, കോയമ്പത്തൂര്‍, പാലക്കാട്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ ബിജുവിനോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്‌. പുറത്തുപറയാന്‍ പറ്റാത്ത പലതും ബിജു ചതിയിലൂടെ ചെയ്യിച്ചിട്ടുണ്ട്‌. ആറുവര്‍ഷത്തെ അടുപ്പം ബിജു മുതലാക്കുകയായിരുന്നു. സോളാര്‍ പദ്ധതി മറ്റ്‌ സംസ്‌ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ബിജു ലക്ഷ്യമിട്ടിരുന്നെന്നും ശാലു മേനോന്‍ പറഞ്ഞു.

സരിതയ്‌ക്കു രാഷ്‌ട്രീയത്തിലുള്ള വ്യക്‌തിബന്ധങ്ങള്‍ കണ്ടു താന്‍ അമ്പരന്നിട്ടുണ്ടെന്നു ശാലു പറഞ്ഞെങ്കിലും ഇതു സംബന്ധിച്ചു കൂടുതല്‍ ചോദ്യങ്ങള്‍ക്ക്‌ അന്വേഷണസംഘം മുതിര്‍ന്നില്ല.

നാഗര്‍കോവിലില്‍ കേന്ദ്രസഹായത്തോടെ ആരംഭിക്കുന്ന കാറ്റാടിപ്പാടം പദ്ധതിയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറാക്കാമെന്നു വിശ്വസിപ്പിച്ചാണു റാസിഖ്‌ അലിയില്‍നിന്ന്‌ 75 ലക്ഷം രൂപ തട്ടിയെടുത്തത്‌. ഇതിന്റെ വിഹിതമായ 10 ലക്ഷം രൂപ തനിക്കു ബിജു തന്നെന്നു ശാലു വെളിപ്പെടുത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്താന്‍ എ.ഡി.ജി.പി: എ. ഹേമചന്ദ്രന്‍ നിര്‍ദേശം നല്‍കിയത്‌. ശാലുവിനെ പരാതിക്കാരനായ റാസിഖ്‌ അലി തിരിച്ചറിഞ്ഞശേഷമായിരുന്നു അന്വേഷണസംഘം ചോദ്യംചെയ്യല്‍ ആരംഭിച്ചത്‌.

പെരുന്ന അരവിന്ദം വീട്ടില്‍നിന്നു ചങ്ങനാശേരി സി.ഐ. നിഷാദ്‌മോനും സംഘവും ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 നാണ്‌ ശാലുവിനെ കസ്‌റ്റഡിയിലെടുത്തത്‌. പോലീസ്‌ വീട്ടിലെത്തി അഞ്ചു മിനിറ്റിനകം ശാലു മേനോന്‍ ഒരു ബാഗ്‌ മാത്രമെടുത്തു യാത്രയ്‌ക്കു തയാറായി. പോലീസിന്റെ നിര്‍ദേശാനുസരണം സ്വന്തം കാറില്‍ വനിതാ പോലീസിനൊപ്പം അവര്‍ കയറി.

പോലീസിനെയും ശാലുവിനെയും കൂടാതെ ഡ്രൈവര്‍ മാത്രമാണ്‌ ആ വാഹനത്തിലുണ്ടായിരുന്നത്‌. ചെങ്ങന്നൂര്‍ ഡിെവെ.എസ്‌.പി. ഓഫീസിലേക്കു കൊണ്ടുപോകുമെന്നാണ്‌ പോലീസ്‌ അറിയിച്ചിരുന്നെതങ്കിലും എം.സി. റോഡിലൂടെ തിരുവനന്തപുരത്തേക്കു യാത്ര തുടരുകയായിരുന്നു. ശാലുവിനെതിരേ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ്‌ നല്‍കിയ ഹര്‍ജിയുടെ അടിസ്‌ഥാനത്തിലായിരുന്നു ഉത്തരവ്‌. കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ ഈസ്‌റ്റ്‌ പോലീസ്‌ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമെടുത്ത കേസ്‌ പ്രത്യേക അന്വേഷണ സംഘത്തിന്‌ െകെമാറിയിരുന്നു. സോളാര്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്‌ണനെ ഒളിവില്‍ പോകാന്‍ ശാലു മേനോന്‍ സഹായിച്ചതും ബിജുവിനു സ്വന്തം മൊെബെല്‍ ഫോണ്‍ െകെമാറിയതും വിവാദം സൃഷ്‌ടിച്ചിരുന്നു. ഈ സംഭവത്തിലും ശാലുവിനെ പ്രതിയാക്കും.

ജയിലില്‍ അയയ്‌ക്കരുതെന്നു കെഞ്ചി
തിരുവനന്തപുരം: നിങ്ങള്‍ നിയമത്തിന്റെ വലയിലാണ്‌. ഗോഡ്‌ ഫാദര്‍മാര്‍ രക്ഷിക്കില്ല- എ.ഡി.ജി.പി: ഹേമചന്ദ്രന്‍ ശബ്‌ദം കടുപ്പിച്ചപ്പോള്‍ കരച്ചിലിന്റെ വക്കോളമെത്തിയ ശാലു മേനോന്‍ എല്ലാം തുറന്നുപറഞ്ഞു.

കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്താണു ചോദ്യംചെയ്യല്‍ തിരുവനന്തപുരത്താക്കിയതെന്നും മൂന്നാമതൊരു ചെവി അറിയരുതെന്നു തനിക്കു നിര്‍ബന്ധമുണ്ടെന്നും എ.ഡി.ജി.പി. ശാലുവിനോടു വ്യക്‌തമാക്കി. സത്യം തുറന്നുപറഞ്ഞാല്‍ നിയമത്തിന്റെ പരിരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞതോടെ ശാലു പൊട്ടിക്കരഞ്ഞു.

സര്‍, എന്നെ വിശ്വസിക്കണം. ബിജു ചതിക്കുകയായിരുന്നു. അയാളൊടൊപ്പം പലയിടങ്ങളിലും പോയിട്ടുണ്ട്‌. സഹോദരിയെന്ന്‌ അഭിസംബോധനചെയ്‌താണ്‌ ആദ്യം അയാളെത്തിയത്‌. സിനിമ നിര്‍മിക്കണമെന്ന എന്റെ മോഹം ചൂഷണം ചെയ്‌ത്‌ അയാള്‍ ചതിക്കുകയായിരുന്നു. സൂപ്പര്‍താരങ്ങളെ നേരിട്ടു പരിചയമുണ്ടെന്ന്‌ അയാള്‍ പറഞ്ഞിട്ടുണ്ട്‌. അയാള്‍ തട്ടിപ്പുകാരനാണെന്ന്‌ തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ െകെവിട്ടുപോയിരുന്നു.

ചോദ്യംചെയ്യലിനിടെ അമ്മയെ കാണണമെന്നാവശ്യപ്പെട്ടു പലവട്ടം വിതുമ്പി. പിന്നെ ജയിലില്‍ അയയ്‌ക്കരുതെന്നു പറഞ്ഞ്‌ കെഞ്ചി. ദാഹിക്കുന്നെന്നു പറഞ്ഞപ്പോള്‍ പോലീസുകാര്‍ വെള്ളം നല്‍കി. എന്നാല്‍ താന്‍ ഭക്ഷണം കഴിച്ചില്ലെന്നും ഓറഞ്ച്‌ ജ്യൂസ്‌ വേണമെന്നും ആവശ്യപ്പെട്ടു. ജയകേരളാ നൃത്ത വിദ്യാലയത്തില്‍ നൂറുകണക്കിനു വിദ്യാര്‍ഥികളുണ്ട്‌. അവര്‍ക്കിടയില്‍ സല്‍പ്പേര്‌ തകര്‍ന്നു.
തട്ടിപ്പിനു മനപ്പൂര്‍വം കൂട്ടുനിന്നതല്ല. സ്‌നേഹത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു-ശാലു പറഞ്ഞു. തലകറക്കം അനുഭവപ്പെടുന്നെന്നു ശാലു പറഞ്ഞതനുസരിച്ചു ഡോക്‌ടര്‍മാരെയും പോലീസ്‌ സജ്‌ജമാക്കിയിരുന്നു.

 

Leave a Reply