728-pixel-x-90-2-learn
728-pixel-x-90
<< >>

തകര്‍ന്ന വിമാനത്തില്‍ പെരുമ്പാവൂരിലെ ദമ്പതികളും

മോസ്‌കോ:ദുബായില്‍ നിന്നും റഷ്യയിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി ദമ്പതികളും.എറണാകുളത്തെ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശികളായ ശ്യാംമോഹന്‍, ഭാര്യ ആതിര എന്നിവരാണ് മരിച്ചത്.ഇവരുള്‍പ്പെടെ 55 യാത്രക്കാരും ഏഴ് ജീവനക്കാരും അടക്കം 62 പേരാണ് ശനിയാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

ഇന്ത്യയുടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചതായി വ്യക്തമാക്കിയത്.വെള്ളിയാഴ്ച്ച രാത്രി ദുബായിലെ പ്രാദേശിക സമയം 10.30ന് ശേഷം പറന്നുയര്‍ന്ന ഫ്‌ളൈദുബായ് വിമാനം റഷ്യന്‍ സമയം ശനിയാഴ്ച്ച പുലര്‍ച്ചെ 3.50നായിരുന്നു അപകടത്തില്‍പ്പെട്ടത്.തെക്കന്‍ റഷ്യയിലെ റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപ്പിടിക്കുകയായിരുന്നു.റണ്‍വേയില്‍ മൂടല്‍ മഞ്ഞുണ്ടായിരുന്നത് അപകടത്തിന് കാരണമായെന്ന് അറിയുന്നു.ആദ്യശ്രമത്തില്‍ വിമാനം ഇറക്കാന്‍ നോക്കിയപ്പോള്‍ നടന്നില്ല.തുടര്‍ന്ന്‌ രണ്ടാം ശ്രമത്തില്‍ അപകടത്തില്‍പ്പെട്ടു.

ശ്യാംമോഹന്‍-ആതിര ദമ്പതികളെ കൂടാതെ വിമാനത്തില്‍ ഇന്ത്യക്കാരാരും ഉണ്ടായിരുന്നില്ല.44 റഷ്യക്കാരും എട്ട് യുക്രെയ്ന്‍കാരും ഒരു ഉസ്ബക്കിസ്ഥാന്‍ കാരുനുമായിരുന്നു മറ്റ് യാത്രികര്‍.വിമാനത്തിലെ ജീവനക്കാരായി സ്‌പെയിനിലെ രണ്ട് പേര്‍ ഉണ്ടായിരുന്നു.സൈപ്രസ്,കൊളംബിയ,കിര്‍ഗിസ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ ഓരോരുത്തരുമായിരുന്നു മറ്റ്‌ ജീവനക്കാര്‍.

INDIANEWS24.COM Gulf Desk

Leave a Reply