ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ നാലു ചക്ര വാഹനങ്ങള്‍ക്കെല്ലാം ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇതിനുള്ള ഉത്തരവ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുന്നതിനായാണ് ഇത്. വാഹനങ്ങളുടെ വിന്‍ഡ് സ്ക്രീനിലായിരിക്കണം ഫാസ്ടാഗ് ഘടിപ്പിക്കേണ്ടത്.
1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്തേണ്ട ആവശ്യം വരുന്നില്ല. ഡിജിറ്റല്‍ സംവിധാനം വഴി താനെ ടോള്‍ ഈടാക്കും. ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കേണ്ട തിരക്കും വാഹനങ്ങളുടെ നീണ്ട നിരയും കുറയ്ക്കാനാകും. ഇതുവഴി സമയം ലാഭിക്കാനാകുമെന്നുമാണ് അവകാശപ്പെടുന്നത്.
ഒരു പ്രീപെയ്ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം (ആര് എഫ് ഐ ഡി) വഴി ബന്ധിപ്പിച്ചാണ് ഫാസ് ടാഗിന്റെ പ്രവര്‍ത്തനം. ഇത് വാഹനത്തിന്റെ വിന്‍ഡ് സ്ക്രീനില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. ഈ അക്കൗണ്ടില്‍ ആവശ്യത്തിനുള്ള തുക നേരത്തെ റീചാര്‍ജ് ചെയ്ത് വയ്ക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്ടാഗില് റീചാര്‍ജ് ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെഫ്റ്റ്,ആര്‍ടിജിഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ റീചാര്‍ജ്ജിംഗ് നടത്താം.
പുതിയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം വാഹന ഡീലര്‍മാര്‍ക്കാണ്. രജിസ്ട്രേഷന് മുമ്പ് ഇത് ഘടിപ്പിച്ചിരിക്കണം. പഴയ വാഹനങ്ങള്‍ക്ക് ബാങ്കുകള്‍ വഴിയും ടോള്‍ പ്ലാസകളില്‍ നിന്നും ഫാസ്ടാഗ് വാങ്ങി ഘടിപ്പിക്കാം.
INDIANEWS24.COM NEWDELHI