ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആം ആദ്മി പാര്‍ടി തയ്യാറെടുക്കുന്നതായി സൂചന. തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. നിലവിലെ തൂക്കുനിയമസഭയില്‍ വലിയ രണ്ടാമത്തെ കക്ഷിയാണ് 28 സീറ്റുള്ള എഎപി.
സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ജനാഭിപ്രായം അറിയാന്‍ എഎപി എസ്എംഎസ്മുഖേന അഭിപ്രായ വോട്ടെടുപ്പ് നടത്തിവരികയാണ്. അഭിപ്രയവോട്ടെടുപ്പ് ഞായറാഴ്ച സമാപിക്കും.
പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വിമര്‍ശനം എഎപി നേതാവ് അരവിന്ദ് കേജ്റിവാള്‍ തള്ളി. കോന്ഗ്രസിനെയും ബിജെപിയെയുംകാള് നല്ലതുപോലെ ഭരിക്കാന്‍ എഎപിക്ക് കഴിയും. ചന്ദ്രനില്‍ പോകുന്നതുപോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല നാടുഭരിക്കുക. എഎപി അധികാരത്തില്‍ വന്നാല്‍ ജനലോക്പാല്‍ നടപ്പാക്കുന്നതിനാകും ആദ്യപരിഗണനയെന്നും കേജ്റിവാള്‍ പറഞ്ഞു.
അതേസമയം, എഎപി സര്‍ക്കാര്‍ രൂപീകരിക്കണം എന്ന പക്ഷത്തിനാണ് അഭിപ്രായവോട്ടെടുപ്പില്‍ നിലവിലെ അവസ്ഥയില്‍ വ്യക്തമായ മുന്‍തൂക്കമെന്ന് പാര്‍ട്ടി മനീഷ് സിസോദിയ പറഞ്ഞു. പിന്തുണ തേടി ഞങ്ങള്‍ കോണ്‍ഗ്രസിനെ സമീപിച്ചില്ല. അവര്‍ ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു- മനീഷ് പറഞ്ഞു.
70അംഗ സഭയില്‍ എട്ട് പേരുള്ള കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാല്‍ എഎപിക്ക് 36 വോട്ട് ലഭിക്കും.