ന്യൂദല്‍ഹി: ലോക ജനതക്ക് മുന്നില്‍ ഇന്ത്യന്‍ ജനതയുടെ മാനം കളഞ്ഞ ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ.കുറ്റക്കാരാണെന്ന് ദല്‍ഹിയിലെ പ്രത്യേക അതിവേഗ കോടതി കണ്ടത്തെിയ നാലു പേര്‍ക്കാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്.
പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷ സംബന്ധിച്ച വാദത്തിനും എതിര്വാദത്തിനുമൊടുവിലാണ് ബുധനാഴ്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിയത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും മാനസാന്തരത്തിന് അവസരം നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ സാകേത് അതിവേഗ കോടതിക്ക് പുറത്ത് രാവിലെ തന്നെ ആളുകള്‍ തടിച്ചുകൂടി. കോടതിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ബസിലെ ക്ളീനര്‍ മുകേഷ് സിങ് (26), പഴക്കച്ചവടക്കാരന് പവന് ഗുപ്ത (19), ജിംനേഷ്യം പരിശീലകന് വിനയ് ശര്‍മ (20), അക്ഷയ് സിങ് താക്കൂര്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന് ആരോപിച്ച ഒന്നൊഴികെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചിരുന്നു. ബുധനാഴ്ച ശിക്ഷ സംബന്ധിച്ച വാദവും പൂര്‍ത്തയായി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണണമെന്ന് പ്രോസിക്യൂഷന് വാദിച്ചപ്പോള്‍ ഈ കേസ് ആ ഗണത്തില്പ്പെടില്ളെന്നായിരുന്നു പ്രതിഭാഗം വാദം. ദയക്ക് യാചിച്ച നിസ്സഹായയായ പെണ്‍കുട്ടിയോട് അലിവില്ലാതെ പെരുമാറിയ പ്രതികളോട് ദയ കാട്ടരുതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യമാണിതെന്നും പ്രോസിക്യൂഷന് വാദിച്ചു.ശിക്ഷ വിധിക്കുമ്പോള്‍ ഓരോ പ്രതിയും ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രത്യേകം പരിഗണിക്കണം. മാനഭംഗംചെയ്ത് കൊലപ്പെടുത്തുന്നതിന് വധശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു.
വധശിക്ഷ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ഒരാളുടെയും ജീവനെടുക്കാന്‍ നമുക്ക് അധികാരമില്ളെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഒരു നിമിഷത്തെ പ്രേരണകൊണ്ട് ചെയ്ത കുറ്റകൃത്യമാണിത്. അല്ലാതെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ല. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് അവരോട് ദയ കാണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയോട് അപേക്ഷിച്ചു.
വധശിക്ഷ വിധിക്കേണ്ടത് കുറ്റകൃത്യത്തെ·അടിസ്ഥാനമാക്കിയല്ല. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലമാണ് പരിഗണിക്കേണ്ടത്. ഈ പ്രതികള്‍ക്ക് അത്തരമൊരു പശ്ചാത്തലമില്ല. ഈ കേസില്‍ വധശിക്ഷ ചോദിക്കുന്നതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അടക്കമുള്ളവരുടെ ബാഹ്യസമ്മര്ദങ്ങളാണെന്നും പ്രതിഭാഗം ആരോപിച്ചു. ജിം ഇന്‍സ്ട്രക്ടറായ വിനയ് ശര്‍മ താന്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണെന്നും പവന് ഗുപ്ത തനിക്ക് 19 വയസ്സ് മാത്രമേയുള്ളൂവെന്നും വാദമുയര്‍ത്തി. പ്രതികളുടെ പ്രായം പരിഗണിച്ച് പരമാവധി ജീവപര്യന്തം ശിക്ഷ മാത്രമേ നല്‍കാവൂവെന്നും പ്രതിഭാഗം വാദിച്ചു. രാവിലെ കോടതിമുറിയിലേക്കു കൊണ്ടുപോകുമ്പോള്‍ തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ബുധനാഴ്ച കേസിലെ വിധിയുണ്ടാകുമെന്ന് കരുതി വിദേശ മാധ്യമപ്പട അടക്കം വന്‍ ജനക്കൂട്ടമാണ് സാകേത് കോടതിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നത്.