ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് സര്‍വേ ഫലം.ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. എബിപി ന്യൂസ് – ദൈനിക് ഭാസ്കര്‍ – നീല്‍സണ്‍ അഭിപ്രായ സര്‍വേ ഫലമാണിത് .എഴുപതംഗ സഭയില്‍ ആരും കേവല ഭൂരിപക്ഷം നേടില്ല. ബിജെപി 32 സീറ്റ് നേടും. കോണ്‍ഗ്രസ് 25 സീറ്റിലേക്ക് ഒതുങ്ങും; ആം ആദ്മി പാര്‍ട്ടി പത്തു സീറ്റ് വരെയും മറ്റു കക്ഷികള്‍ മൂന്നു സീറ്റ് വരെയും നേടും. കടുത്ത മല്‍സരം നടക്കുന്ന 20 സീറ്റുകളിലെ ഫലം അന്തിമ വിധിയില്‍ നിര്‍ണായകമാകും. നിലവില്‍ കോണ്‍ഗ്രസ് 43, ബിജെപി 23 എന്നിങ്ങനെയാണു കക്ഷിനില.
ഇതിനിടെ, ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ഷീല ദീക്ഷിത് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നു ടിഎന്‍എസ് അഭിപ്രായ സര്‍വേ പറയുന്നു. ഏറ്റവും വലിയ അട്ടിമറിയിലൂടെ അരവിന്ദ് കേജ്രിവാള് ഇവിടെ വിജയിക്കുമെന്നാണു പ്രവചനം.
നീല്‍സണ്‍ സര്‍വേയില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും കൂടിയ പിന്തുണ ബിജെപിയുടെ ഡോ. ഹര്‍ഷ് വര്‍ധനാണ് , 34%. ആം ആദ്മിയുടെ അരവിന്ദ് കേജ്രിവാളിനെ 33% പിന്തുണച്ചു.