തിരുവനന്തപുരം:വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ് പ്രതി എം ആർ ബിജുലാലിനെ അറസ്റ്റ് ചെയ്തു.ബിജുലാലിന്റെ അഭിഭാഷകന്റെ വഞ്ചിയൂരിലുള്ള ഓഫീസിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ബിജുലാലിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യും.കേസിനെ തുടർന്ന് ഒളിവിലായിരുന്ന ബിജുലാൽ കീഴടങ്ങാനെത്തിയതാണെന്ന് അഭിഭാഷകൻ പറഞ്ഞു. ബിജുലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
അറസ്റ്റിനു പിന്നാലെ ട്രഷറിയിൽ സീനിയർ അക്കൗണ്ടൻറ്ആയ ബിജുലാലിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.അതേസമയം വഞ്ചിയൂർ ട്രഷറിയിൽനിന്ന് ബിജുലാൽ കൂടുതൽ തുക തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. 50 ലക്ഷംരൂപ കൂടി തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം.രണ്ട് കോടിരൂപ തട്ടിയെടുത്തതായി നേരത്തെ കണ്ടെത്തിയിരുന്നു. ആറു മാസത്തിനിടെയാണ് ഇത്രയും തുക തട്ടിയെടുത്തത്.
മേയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്വേഡ് ഉപയോഗിച്ച് ജില്ലാ കലക്ടറുടെ അക്കൗണ്ടിൽനിന്നാണ് ബിജുലാൽ പണം തട്ടിയത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നു കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്.
INDIANEWS24 TVPM DESK