വാഷിംഗ്ടണ്‍: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടിച്ചുനില്ക്കാന് കഴിയാതെ ഡോണാള്‍ഡ് ട്രംപ് ഒടുവില്‍ മുട്ടുമടക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് അധികാരം കൈമാറാന്‍ ട്രംപ് ഒടുവില്‍ സമ്മതിച്ചു. ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ബൈഡന് സ്ഥാനമേല്‍ക്കുവാന്‍ ഇതോടെ വഴിതെളിഞ്ഞു.
ബൈഡന് വിജയിച്ചതായി മിഷിഗണ്‍ സ്റ്റേറ്റ് കാന്‍വാസിംഗ് ബോര്‍ഡും പ്രഖ്യാപിച്ചതോടെയാണ് ട്രംപിന്റെ പിന്മാറ്റം. ബോര്‍ഡില്‍ റിപ്പബ്ലിക്കന്‍സിനും ഡെമോക്രാറ്റുകള്‍ക്കും രണ്ടുവീതം അംഗങ്ങളാണ് ഉള്ളത്. എന്നാല്‍, റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ആരോണ്‍ വാന്‍ ലാംഗ്വെള്ഡ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായി വ്യക്തമാക്കിയതോടെ 3-0 എന്ന നിലയില്‍ ബൈഡന്റെ വിജയം സാധുവായതായി ബോര്‍ഡ് പ്രഖ്യാപിച്ചു.
സ്ഥാനമൊഴിയാനുള്ള സന്നദ്ധത തൊട്ടുപിന്നാലെ ട്രംപ് അറിയിക്കുകയായിരുന്നു. എന്നാല്‍, നിയമപോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു.