728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ ലോകത്തിലെ മികച്ച നാലാമത്തെ നഗരം, പക്ഷെ..?

ടൊറന്റോ: ലോകത്ത് ജീവിക്കാന്‍ പറ്റിയ നഗരങ്ങളുടെ പട്ടികയില്‍ ടൊറന്റോയ്ക്ക് നാലാംസ്ഥാനം. ടൊറന്റോ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക വൈറ്റല്‍ സൈന്‍ റിപ്പോര്‍ട്ടിലാണ് കനേഡിയന്‍ നഗരം ഈ സ്ഥാനം കൈവരിച്ചത്. പക്ഷെ, ടൊറന്റോ അതിഗുരുതരമായ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ പിന്നോട്ടുപോക്ക് സമീപഭാവിയില്‍ തന്നെ സംഭവിക്കാമെന്നും ടൊറന്റോ ഫൌണ്ടേഷന്‍ പ്രസിഡണ്ടും  സിഇഒയുമായ രാഹുല്‍ ഭരദ്വാജ് മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ ടൊറന്റോയിലെ ജനസംഖ്യയില്‍ പകുതിയിലേറെ കുടിയേറ്റക്കാരാണ്. 2025 ആകുമ്പോഴേക്ക് കുടിയേറ്റക്കാരുടെ എണ്ണം 63 ശതമാനമായി ഉയരുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ലോകത്തിലെ മികച്ച നഗരങ്ങളില്‍ ഒന്നില്‍ ജീവിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ഇവരില്‍ ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ലെന്ന് ഭരദ്വാജ് വ്യക്തമാക്കുന്നു.

നഗരത്തിലെ ആകെ ജനസംഖ്യയില്‍ 43 ശതമാനം താഴ്ന്നതോ വളരെ താഴ്ന്നതോ ആയ വരുമാനം ഉള്ളവരാണ്. ലോകത്തിലെ മികച്ച വിദ്യാഭ്യാസസമ്പ്രദായം ഉണ്ടായിട്ടും യുവാക്കളുടെ ഇടയില്‍ തൊഴിലില്ലായ്മ 20 ശതമാനത്തോളമുണ്ട്.

വീടുകളുടെ വില കുതിച്ചുയരുന്നത് സ്വന്തമായി ഒരു പാര്‍പ്പിടം എന്ന സ്വപ്നം ബഹുഭൂരിപക്ഷം ടൊറന്റോ നിവാസികള്‍ക്കും അപ്രാപ്യമാക്കും. രാജ്യത്ത് വാന്‍കൂവര്‍ കഴിഞ്ഞാല്‍ വീടുകള്‍ക്ക് കൂടിയ വിലയുള്ളത് ഇവിടെയാണ്. ഈ വര്‍ഷത്തെ കണക്കുപ്രകാരം സബ്സിഡിയുള്ള വീടുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ എണ്ണം 170000ല്‍ കൂടുതലാണ്. അപേക്ഷ നല്‍കി എട്ട് വര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ വീട് അനുവദിക്കപ്പെടുന്നുള്ളൂ.

ടൊറന്റോയില്‍ ഒരു സാധാരണ ഇരുനിലവീടിന് 691,000 ഡോളറാണ് ശരാശരി വില. ഇത് സ്വന്തമാക്കണമെങ്കില്‍ ശരാശരി വാര്‍ഷികവരുമാനം 140,000 ഡോളര്‍ എങ്കിലും വേണം. നഗരത്തില്‍ ശരാശരി വീട്ടുവാടക പ്രതിമാസം 1,100 ഡോളറിനു മുകളിലാണ്.

ടൊറന്റോയില്‍ 29 ശതമാനം കുട്ടികള്‍ ഏറിയോ കുറഞ്ഞോ തോതില്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍, പിയേഴ്സന്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്ത് ഇപ്പോഴും നഗരം നേരിടുന്ന മുഖ്യപ്രശ്നമാണ്.

അഭിമാനിക്കാവുന്ന ഏറെ നേട്ടങ്ങള്‍ ടൊറന്റോ കൈവരിച്ചിട്ടുണ്ടെന്ന് ഭരദ്വാജ് പറഞ്ഞു. എന്നാല്‍, പുതിയ വെല്ലുവിളികളെ നേരിടാന്‍ വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം. അല്ലാത്ത പക്ഷം ഇപ്പോള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ അതിവേഗം നഷ്ടമാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply