728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ – ഡല്‍ഹി നോണ്‍സ്റ്റോപ്പ്‌ ഫ്ലൈറ്റ് നവംബറില്‍

ടൊറന്റോ: ടൊറന്റോയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് നോണ്‍സ്റ്റോപ്പ്‌ ഫ്ലൈറ്റ് സര്‍വീസ് നവംബറില്‍ തുടങ്ങും. എയര്‍ കാനഡയാണ് സര്‍വീസ് നടത്തുക. ഇതോടൊപ്പം യുഎഇലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. ഭാവിയില്‍ മുംബൈയിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് എയര്‍ കാനഡ അറിയിച്ചു.

ടൊറന്റോ- ഡല്‍ഹി റൂട്ടില്‍ ആഴ്ചയില്‍ നാല് വീതം സര്‍വീസുകള്‍ ആകും ഉണ്ടാകുക. 787-9 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസ്. വിവിധ ക്ലാസ്സുകളിലായി 298 സീറ്റുകള്‍ ഉണ്ടാകും. 13 മണിക്കൂര്‍ 50 മിനിറ്റാണ് പറക്കല്‍ സമയം. കാനേഡിയന്‍ സമയം രാത്രി 8.50ന് പിയേഴ്സന്‍ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പിറ്റേന്ന് രാവിലെ 9.15ന് ഡല്‍ഹിയിലെത്തും.

കൂടുതല്‍ 787 ഡ്രീംലൈനറുകള്‍ക്ക് എയര്‍ കാനഡ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇവ എത്തുന്ന മുറയ്ക്ക് മുംബൈയിലേക്കുള്ള സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കും.  യുഎഇയിലേക്ക് ആഴ്ചയില്‍ ആറു വീതം സര്‍വീസുകള്‍ നവംബറില്‍ തുടങ്ങാനും എയര്‍ കാനഡ തീരുമാനിച്ചിട്ടുണ്ട്.

എട്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂഡല്‍ഹി സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ കാനഡ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ സൂറിച്ച് വഴി ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയിരുന്നെങ്കിലും ലാഭകരമല്ലാത്തതിനാല്‍ 2007ല്‍ നിര്‍ത്തി.

എയര്‍ കാനഡയുടെ പുതിയ ടൊറന്റോ-ഡല്‍ഹി സര്‍വീസ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് റിയാ ട്രാവല്‍സ് ടൊറന്റോ യൂണിറ്റ് മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ സെയില്‍സ് ഓഫീസര്‍ സജി തോമസ്‌ പറഞ്ഞു. നോണ്‍സ്റ്റോപ്പ്‌ ഫ്ലൈറ്റ് ആയതിനാല്‍ സമയം ലഭികാനാകും. നിലവില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത് എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ് എന്നീ സര്‍വീസുകളെയാണ്. എയര്‍ കാനഡയുടെ നേരിട്ടുള്ള സര്‍വീസ് വരുന്നതോടെ ഈ റൂട്ടില്‍ മത്സരം ശക്തമാകും. തല്‍ഫലമായി ടിക്കറ്റ്നിരക്കുകളില്‍ കുറവ് വരാന്‍ സാധ്യതയുണ്ടെന്നും സജി പറഞ്ഞു.

Leave a Reply