728-pixel-x-90-2-learn
728-pixel-x-90
<< >>

കാറ്റിനും സാധ്യത ; ടൊറന്റോയില്‍ ജനജീവിതം ദുരിതത്തില്‍

ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു

ക്രിസ്മസ് ഇരുട്ടിലാകും

ടൊറന്റോ: ശനിയാഴ്ച രാത്രി ഉണ്ടായ കനത്ത ഹിമക്കാറ്റിലും മഞ്ഞുമഴയിലും വൈദ്യുതിബന്ധവും ഗതാഗതവും താറുമാറായതോടെ ടൊറന്റോയില്‍ ജനജീവിതം ദുരിതത്തില്‍. ടൊറന്റോ നഗരത്തില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയ്ക്കും ഹിമക്കാറ്റിനും സാധ്യതയില്ല. എന്നാല്‍, ശക്തമായ കാറ്റ് വീശിയേക്കുമെന്നു മുന്നറിയിപ്പുണ്ട്. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടവരുത്തിയേക്കും. 24 മണിക്കൂറിനുള്ളില്‍ സ്ഥിതി വീണ്ടും വഷളായാല്‍  നഗരത്തില്‍ ‘അടിയന്തര സാഹചര്യം’ പ്രഖ്യാപിക്കുമെന്ന് മേയര്‍ റോബ് ഫോര്‍ഡ് അറിയിച്ചു. നഗരത്തില്‍ ആറു കമ്മ്യൂണിറ്റി  സെന്ററുകള്‍  വാമിംഗ് സെന്ററുകള്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക്  വെള്ളവും ഭക്ഷണവും ഉള്‍പ്പെടെ ഇവിടെ വിതരണം ചെയ്യും. ക്രിസ്മസ് രാവിന് മുമ്പ് ടൊറന്റോയില്‍ ജനജീവിതം സാധാരണ നിലയിലാകാന്‍ സാധ്യത കുറവാണ്.
വാമിംഗ് സെന്ററുകള്‍ ആയി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സെന്ററുകള്‍ ഇവയാണ്.

* ഡെന്നിസ് ആര്‍. ടിംബ്രെല്‍ സെന്റര്‍ [എഗ്ലിംഗ്ടന്‍\ഡോണ്‍മില്‍സ്]
* മാല്‍വേന്‍ കമ്മ്യൂണിറ്റി സെന്റര്‍- 30 സീവേല്‍സ് റോഡ്‌ [നീല്‍സന്‍\ഫിഞ്ച്]
* എജിന്‍കോര്‍ട്ട് കമ്മ്യൂണിറ്റി സെന്റര്‍ – 31 ഗ്ലെന്‍ വാല്‍ഫോര്‍ഡ് റോഡ്‌ [ഷെപ്പേര്‍ഡ്\മിഡ്ഡ്ലാന്‍ഡ്‌]
* നോര്‍ത്ത് വുഡ്ഡ് കമ്മ്യൂണിറ്റി സെന്റര്‍ – 15 ക്ലബ്ഹൌസ് കോര്‍ട്ട് [ഫിഞ്ച്\ജെയിന്‍]
* മിച്ചെല്‍ ഫീല്‍ഡ് കമ്മ്യൂണിറ്റി സെന്‍റര്‍ – 89 ചര്‍ച്ച് അവെ. [യംഗ്\ഫിഞ്ച്]
* ജോസഫ്‌ പി പിസിനിനി കമ്മ്യൂണിറ്റി സെന്റര്‍ -1369 സെന്റ്‌ ക്ലെയര്‍ അവെ. വെസ്റ്റ്‌ [ സെന്റ്‌ ക്ലെയര്‍\ കീല്‍]
ടൊറന്റോയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത മഞ്ഞുമഴയും ഹിമക്കാറ്റുമാണ് ശനിയാഴ്ച സംഭവിച്ചതെന്ന് മേയര്‍ പറഞ്ഞു. സമീപവാസികളും സുഹൃത്തുക്കളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനും വൈദ്യുതിബന്ധം ഉള്ളവര്‍ മറ്റുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഏറ്റവും കനത്ത നാശനഷ്ടമാണ് ടൊറന്റോയില്‍ സംഭവിച്ചതെന്ന് ഹൈഡ്രോ ടൊറന്റോ അറിയിച്ചു. കൂടുതല്‍ വൈദ്യുതിവിതരണ ലൈനുകള്‍ 12 മണിക്കൂറിനുള്ളില്‍ നിലവില്‍ വരും. പക്ഷേ വൈദ്യുതിബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ മൂന്ന് ദിവസം വേണ്ടിവരും. തെരുവുകളിലെയും ആശുപത്രികളിലെയും വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഹൈഡ്രോ ടൊറന്റോ അറിയിച്ചു.
റോഡുകള്‍ തെന്നിത്തെറിച്ചു കിടക്കുന്നതിനാല്‍ നിരവധി വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൈവേയില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കുറവാണ്. കാല്‍നട യാത്രയും ദുഷ്കരമായി.

Leave a Reply