728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ: ഗതാഗതം താറുമാറായി

ടൊറന്റോ: ചൊവ്വാഴ്ച രാത്രി മുതല്‍ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ ഒന്റാറിയോയുടെ തെക്കന്‍ പ്രദേശങ്ങളിലും ടൊറന്റോയിലും ഗതാഗതം താറുമാറായി. റോഡ്‌, റെയില്‍, വിമാന സര്‍വീസുകളെ മോശം കാലാവസ്ഥ സാരമായി ബാധിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച നില്‍ക്കുമെന്നാണ് എന്‍വയേര്‍ണമെന്റ് കാനഡ പറയുന്നത്. എന്നാല്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ വ്യാഴാഴ്ച ഉച്ചവരെയെങ്കിലും കാത്തിരിക്കണം.

ടൊറന്റോയില്‍ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുക അതീവ ദുഷ്കരമായി. ചില റോഡുകള്‍ അടച്ചിട്ടുണ്ട്. ബസ് സര്‍വീസുകള്‍ മുടക്കം വരാതെ അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നു.

ലേയ്ക്ക്ഷോര്‍ ഈസ്റ്റ്‌ലൈനില്‍ അഞ്ചും വെസ്റ്റ്‌ ലൈനില്‍ നാലും ട്രെയിനുകള്‍ ഗോ ട്രാന്‍സിറ്റ് ക്യാന്‍സല്‍ ചെയ്തു. കിച്നര്‍, റിച്ച്മണ്ട് ഹില്‍ ലൈനുകളില്‍ ഒന്നുവീതം സര്‍വീസുകള്‍ റദ്ദാക്കി. നിലവിലുള്ള ട്രെയിനുകളില്‍ ചിലത് രണ്ട് മണിക്കൂര്‍വരെ വൈകിയാണ് ഓടുന്നത്.

ലെസ്ലിക്കും ബേ വ്യൂ അവെന്യൂവിനും ഇടയില്‍ വെസ്റ്റ്‌ ബൌണ്ട് ഫിഞ്ച് അവന്യൂ ഈസ്റ്റ്‌ മോശം സാഹചര്യത്തെത്തുടര്‍ന്ന് ഉച്ചയോടെ പോലീസ് അടച്ചു. സ്കാര്‍ബറോ ആര്‍ടി ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുവരെ പ്രവര്‍ത്തിച്ചില്ല.

റോഡില്‍നിന്ന് മഞ്ഞ് നീക്കംചെയ്യാന്‍ 14-16 മണിക്കൂര്‍ വേണ്ടിവരുമെന്ന് ടൊറന്റോ റോഡ്‌ ഓപ്പറേഷന്‍സ് മാനേജര്‍ ട്രെവര്‍ ടെന്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയേ ഈ ജോലി പൂര്‍ത്തിയാകൂ.

വിവിധ വിമാനത്താവളങ്ങളില്‍ ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തു.

ബുധനാഴ്ച രാത്രി താപനില മൈനസ് 16ലേക്ക് താഴും. അതിശൈത്യ മുന്നറിയിപ്പും താപനില പൊടുന്നനെ കുറഞ്ഞേക്കാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Leave a Reply