728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ:വൈദ്യുതി എത്താന്‍ വൈകും

ടൊറന്റോ: ഹൈഡ്രോ ടൊറന്റോ ജീവനക്കാര്‍ രാപകല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ടൊറന്റോയില്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. ഈ ആഴ്ച അവസാനത്തേക്ക് മാത്രമേ മിക്കപേര്‍ക്കും വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് ഹൈഡ്രോ കാനഡ അറിയിച്ചു. ഇതോടെ ടൊറന്റോയില്‍ ഈ ക്രിസ്മസ് ഇരുട്ടിലാകുമെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം, കാലാവസ്ഥാകേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതുപോലെ ഞായറാഴ്ച രാത്രി കാറ്റ് വീശാതിരുന്നത് ആശ്വാസമായി.
ഹിമക്കാറ്റിനെയും മഞ്ഞുമഴയെയും തുടര്‍ന്ന് രണ്ടര ലക്ഷത്തിലേറെ പേര്‍ക്കാണ് ടൊറന്റോയില്‍ മാത്രം വൈദ്യുതിബന്ധം നഷ്ടമായത്. മുപ്പത് മണിക്കൂറോളം പിന്നിടുമ്പോള്‍ കേവലം ഇരുപതിനായിരത്തിലേറെ വൈദ്യുതിബന്ധം മാത്രമാണ് പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. 228000 പേര്‍ ഇപ്പോഴും ഇരുട്ടിലാണെന്നാണ് ഹൈഡ്രോ കാനഡയുടെ കണക്കുകള്‍. ആഴ്ച അവസാനത്തോടെ മാത്രമേ കൂടുതല്‍ പേര്‍ക്കും വൈദ്യുതി വീണ്ടും ലഭിക്കൂ എന്ന് ഹൈഡ്രോ കാനഡ അറിയിച്ചു. സ്കാര്‍ബറോ, നോര്‍ത്ത് യോക്, എറ്റോബികോക് എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ നാശമുണ്ടായതെന്ന് ഹൈഡ്രോ കാനഡ വക്താവ് വനേസ നെരോ പറഞ്ഞു.
ഏറ്റവും മോശം കാലാവസ്ഥ കടന്നുപോയെന്ന് കരുതുന്നതായി ടൊറന്റോ മേയര്‍ റോബ് ഫോര്‍ഡ് പറഞ്ഞു. ഞായറാഴ്ച രാത്രി ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും സംഭവിച്ചില്ല. ഈ സാഹചര്യത്തില്‍ നഗരത്തില്‍ അടിയന്തരസാഹചര്യം തല്‍ക്കാലം പ്രഖ്യാപിക്കുന്നില്ലെന്നും ഫോര്‍ഡ് പറഞ്ഞു.
നഗരത്തില്‍ ആറു ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 323 പേര്‍ ഇവിടങ്ങളിലായി കഴിയുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ഫോര്‍ഡ് പറഞ്ഞു.

Leave a Reply