728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ ഒരുങ്ങുന്നു, കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്

ടൊറന്റോ: കാനഡയിലെ ആദ്യത്തെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ടൊറന്റോ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നു. ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയ 6 മാസത്തിനുള്ളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ ടിഷ്യൂ റികണ്‍സ്ട്രക് ഷന്‍ ചികിത്സാ രംഗത്ത്‌ അതൊരു വിപ്ലവമാകും. ഒപ്പം, അംഗവിഹീനരായ ആയിരങ്ങള്‍ക്ക് ജീവിതത്തില്‍ പുതിയ പ്രത്യാശയും.

കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അനുയോജ്യരായ ആളുകള്‍ക്കായി കാത്തിരിക്കുകയാണ് ടൊറന്റോ വെസ്റ്റേണ്‍ ഹോസ്പിറ്റലിലെ സര്‍ജന്മാര്‍.രണ്ട് കയ്യും നഷ്ടപ്പെട്ട ആളോ, ഒരു കൈ നഷ്ടപ്പെട്ട കുട്ടികളോ, ജന്മനാ കൈ ഇല്ലാത്ത കുട്ടികളോ ആകാം ആദ്യ ശസ്ത്രക്രിയക്ക് വിധേയമാകുക. മസ്തിഷ്കമരണം സംഭവിച്ച ഏതെങ്കിലും രോഗികളില്‍ നിന്നാകും മാറ്റിവെക്കാനുള്ള കൈ.

1964ല്‍ ഇക്വഡോറിലാണ് ആദ്യത്തെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. പക്ഷെ, പരാജയപ്പെട്ടു. ദീര്‍ഘകാലത്തേക്ക് വിജയിച്ച ആദ്യത്തെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് 1999ല്‍ അമേരിക്കയിലാണ്. അന്ന് സര്‍ജന്മാരുടെ സംഘത്തില്‍ അംഗവും നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ ഹാന്‍ഡ്‌ ആന്‍ഡ്‌ അപ്പര്‍ ഏക്സ്ട്രീമിറ്റി പ്രോഗ്രാമിന്‍റെ ഡയറക്ടറുമായ ഡോ. സ്റ്റീവന്‍ മക്കേബിന്റെ മേല്‍നോട്ടത്തിലാകും ടൊറന്റോയില്‍ ശസ്ത്രക്രിയ നടക്കുക. മുഖംമാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള വൈദ്യശാസ്ത്രമേഖലയിലേക്ക് കാനഡയുടെ വളര്‍ച്ചയ്ക്ക് ഈ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയ തുടക്കമാകുമെന്ന് ഡോ. മക്കേബ് പറഞ്ഞു.

ലോകത്ത് ഇതുവരെ എണ്‍പതോളം കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. പക്ഷെ, ഇവയില്‍ നല്ലൊരു പങ്കും പരാജയമായിരുന്നു.

Leave a Reply