ടൊറന്റോ: ഗ്രേറ്റര്‍ ടൊറന്റോയില്‍ വീടുകളുടെ വില സര്‍വകാല റെക്കോഡില്‍ എത്തിയതായി കണക്കുകള്‍. പലിശനിരക്ക് കുറഞ്ഞതും ആവശ്യത്തിന് അനുസരിച്ച് വീടുകള്‍ ലഭ്യമല്ലാത്തതുമാണ് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഭാവിയില്‍ പലിശനിരക്ക് ഉയര്‍ന്നാല്‍ വിപണിയില്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്.
2014 മാര്‍ച്ചില്‍ ടൊറന്റോയില്‍ വിറ്റ വീടുകളുടെ ശരാശരി വില 553,193 ഡോളര്‍ ആണെന്ന് ദി ടൊറന്റോ റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് പറയുന്നു. 2013ലേതിനെക്കാള്‍ 8.6 ശതമാനം വര്‍ധനയാണിത്. ഈ വര്‍ഷം ജനുവരിക്ക് ശേഷം 5 ശതമാനത്തോളം വര്‍ധന ഉണ്ടായി. 2014ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 8081 വീടുകള്‍ ഗ്രേറ്റര്‍ ടൊറന്റോയില്‍ വിറ്റഴിഞ്ഞു. 2013 ആദ്യപാദത്തിനെക്കാള് 7.2 ശതമാനം കൂടുതല്‍.
കൊണ്ടോമീനിയം വില്പനയിലാണ് വന്‍കുതിപ്പ് ഉണ്ടായത്. പുതിയ വീടുകളുടെ ബുക്കിങ്ങിലും കോണ്ടോമീനിയത്തിനാണ് മാര്‍ക്കറ്റ്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കൊണ്ടോ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉള്ളതിനേക്കാള്‍ 12.5 ശതമാനം കൂടുതലാണ്. അതേസമയം സെമി ഡിറ്റാച്ഡ് വീടുകളുടെ ബുക്കിംഗ് 2 ശതമാനവും ടൌണ്‍ ഹൗസ് ബുക്കിംഗ് 5.3 ശതമാനവും കുറഞ്ഞു. ഡിറ്റാച്ഡ് വീടുകളുടെ ബുക്കിംഗ് നേരിയ തോതില്‍ കൂടി, 0.1 ശതമാനം. എണ്ണം പരിമിതമായതിനാല്‍ തങ്ങളുടെ ആഗ്രഹത്തിനൊത്ത വീട് കണ്ടെത്താന്‍ ആവശ്യക്കാര്‍ക്ക് കഴിയാത്തതാകും ഇതിന് കാരണമെന്ന് ടിആര്‍ഇബി പ്രസിഡണ്ട് ടിയാന് ഉഷെര് പറയുന്നു.
ടൊറന്റോയ്ക്ക് പുറമേ വാന്‍കൂവര്‍, കാല്‍ഗരി എന്നിവിടങ്ങളിലും വില്‍പ്പനയുടെ തോത് വര്‍ധിച്ചു. വാന്‍കൂവറില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കള്ഗരിയില് 8.6 ശതമാനവും. എന്നാല്‍, കാല്‍ഗരിയില്‍ ജനുവരിക്ക് ശേഷം നേരിയ തിരിച്ചടി ഉണ്ടായി.