ടൊറന്റോ: കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട മാഫിയസംഘത്തിലെ 88 പേര് അറസ്റ്റില്‍. ‘ന്യൂ മണി സോ സിക്ക്’ എന്ന മാഫിയാസംഘത്തിലെ അംഗങ്ങളാണ് വിശാല ടൊറന്റോയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായത്. മാള്‍ട്ടനില്‍ കഴിഞ്ഞ വര്‍ഷം ജോനാതന് ഡേവിസ് എന്ന പതിനേഴുകാരന് വെടിയേറ്റു മരിച്ച സംഭവത്തിലെ അന്വേഷണത്തെത്തുടര്‍ന്നാണ് കൂട്ട അറസ്റ്റ്.
രണ്ടു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി വെടിവെപ്പുകളില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കള്ളപ്പണ ഇടപാട് തുടങ്ങി ടൊറന്റോയില്‍ വര്‍ഷങ്ങളായി സജീവമായിരുന്നു സംഘം. 34 തോക്കുകള്‍, 14 ലക്ഷം ഡോളര്‍, 11 ലക്ഷം ഡോളര്‍ വിലവരുന്ന മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തു. ‘പ്രോജക്റ്റ് സിഫോണ്‍’ എന്ന് പേരിട്ട ഓപ്പറേഷനിലാണ് സംഘത്തെ കുടുക്കിയത്.
മാള്‍ട്ടനില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു അപ്പാര്‍ട്ട്മെന്റിന് സമീപം സംഘം നടത്തിയ വെടിവെപ്പിലാണ് വഴിയരികില്നിന്നിരുന്ന ജോനാതന് ഡേവിസ് കൊല്ലപ്പെട്ടത്. മിസിസാഗയില്‍ ജിയോവനി ഡെലഹായ് എന്ന ഇരുപത്തെട്ടുകാരന് കൊല്ലപ്പെട്ട വെടിവെപ്പും നടത്തിയത് ഇതേ സംഘത്തിലെ അംഗങ്ങളാണ്. കൂടുതല്‍ കൊലപാതകങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.ഒക്ടോബറില്‍ മറ്റൊരു മാഫിയാസംഘത്തിലെ 114 പേരെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.