jio 800x100
jio 800x100
728-pixel-x-90
<< >>

ടൈറ്റാനിയം അഴിമതിക്കേസ്: രാജി വെക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി ആരോപണക്കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും രാജി വെക്കില്ലെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാഴാഴ്ച്ച ഉണ്ടായ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ പ്രതിചേര്‍ക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

കെ.കെ.രാമചന്ദ്രന്‍ നായര്‍ നടത്തിയ പത്രസമ്മേളനത്തിന്റെ പേരിലാണ് രമേശ് ചെന്നിത്തലയെ കേസില്‍ ഉള്‍പ്പെടുത്തിയത്, ചെന്നിത്തലയ്ക്ക് അഴിമതിയില്‍ യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെ കുറിച്ച് പഠിക്കാന്‍ സുപ്രീം ‌കോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.ഇതില്‍ ആശങ്കയുമായെത്തിയ തൊഴിലാളികള്‍ക്കുവേണ്ടിയാണ് 2005ല്‍ താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഫാക്ടറികള്‍ക്കുവേണ്ടി മലിനീകണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ ഫാക്ടറികള്‍ക്കെല്ലാം കൂടി ഏലൂരില്‍ ഒന്നും തിരുവനന്തപുരത്തെ  ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ടസ് ലിമിറ്റഡിന് ഒന്നും പ്ലാന്റ് നിര്‍മിക്കുകയായിരുന്നു.ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി.തിരുവനന്തപുരത്തേത് പ്രവര്‍ത്തനം തുടരുമ്പോഴേക്കും 2006ലെ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു.പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന കരാറുകാരന്‍ ഇടക്കുവച്ച് പണി നിര്‍ത്തിയതാണ് നഷ്ടമുണ്ടാക്കിയത്, മുഖ്യമന്ത്രി പറഞ്ഞു.

പാകപ്പിഴകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്തിന് ഇടത് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി എന്ന് മുഖ്യമന്ത്രി ചോദിച്ചു.വലിയ ആഘോഷത്തോടെയാണ് ഇടത് സര്‍ക്കാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഇതുസംബന്ധിച്ച് കേസുണ്ടാകുന്നത് 2006ലാണ് അന്ന് താനടക്കമുള്ള ആരുടെയും പേര് ഉണ്ടായിരുന്നില്ല.മാത്രമല്ല അതിന് ശേഷം അഞ്ച് വര്‍ഷം ഇടത്പക്ഷം ഭരിച്ചപ്പോള്‍ മറ്റ് നടപടികളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പിന്നീട് 2011ലാണ് തങ്ങള്‍ക്കെതിരെ കേസെടുക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരടക്കം 12 പേര്‍ക്കെതിരെ കേസ് തുടരാനാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി ഉത്തരവിട്ടത്.മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമതടസ്സമില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.കേസെടുക്കുന്ന സമയത്ത് ഇവരാരും മന്ത്രിമാരായിരുന്നില്ലെന്നതിനാല്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.കേസിലുണ്ടായിട്ടുള്ളത് ഗുരുതരമായ ക്രമക്കേടാണ്.മാലിന്യ പ്ലാന്റ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി.കേസിലെ പ്രതികളായ ഡി.ബാസുവിനെയും രാജീവനെയും ചോദ്യം ചെയ്യാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി സത്യം പുറത്തുകൊണ്ടുവരാന്‍ കെ.കെ.രാമചന്ദ്രന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.കേസെടുക്കുന്ന സമയത്ത് കെ.പി.സി.സി. പ്രസിഡന്റായിരുന്നതുകൊണ്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ കേസ് വന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ടൈറ്റാനിയം പ്രൊഡക്ടസ് ലിമിറ്റഡില്‍ അഴിമതി നടന്നുവെന്ന ഹര്‍ജിയില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് പ്രത്യേക ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടനാണ് വ്യാഴാഴ്ച്ച ഉത്തരവിട്ടത്.

INDIANEWS24 Kerala

Leave a Reply