728-pixel-x-90-2-learn
728-pixel-x-90
<< >>

ടൂറിസ്റ്റ് ബസുകള്‍ ഓരോ സംസ്ഥാനത്തിനും പണം നല്‍കേണ്ടതില്ല; എ ഐ പി ഫീസ് വരുന്നു

ന്യൂഡല്‍ഹി:രാജ്യത്തെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ആശ്വാസകരമാകുന്ന ഓള്‍ ഇന്ത്യ പെര്‍മിറ്റ്(എ ഐ പി) സംവിധാനം വരുന്നു.ടൂറിസ്റ്റ് ബസുകള്‍ ഓരോ സംസ്ഥാനത്തേക്ക് കടക്കുന്നതിനും തുക അടയ്ക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാരില്‍ ഒറ്റത്തവണകൊണ്ട് വാര്‍ഷികതുകയായി പണം കെട്ടിവെക്കുന്നതാണ് എ ഐ പി സംവിധാനം.

ഏറെ ചര്‍ച്ചകളും തീരുമാനങ്ങളും കൈക്കൊണ്ട മുപ്പത്തിയാറാമത് ഗതാഗത വികസന കൗണ്‍സില്‍(ടി ഡി സി) യോഗത്തിലാണ് പുതിയ തീരുമാനം ഉരുത്തിരിഞ്ഞത്.യോഗത്തിലെ പ്രഖ്യാപനമനുസരിച്ച് ഓര്‍ഡിനറി ബസുകള്‍ക്ക് എ ഐ പിക്കായി പ്രതിവര്‍ഷം അമ്പതിനായിരം രൂപ കെട്ടിവെക്കണം,ലക്ഷ്വറി ബസുകള്‍ക്ക് 75,000 രൂപയും സൂപ്പര്‍ ലക്ഷ്വറി ബസുകള്‍ക്ക് ഒരു ലക്ഷവും എ ഐ പി ഫീസായി നല്‍കണം.കേരളം,കര്‍ണാടക,തമിഴ്‌നാട്,മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ തുക നീരസം ഉളവാക്കിയിട്ടുണ്ട്.വാഹനങ്ങളില്‍ നിന്നുള്ള വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിക്കുകയും ചെയ്തു.

എ ഐ പി സംവിധാനത്തില്‍ ഫീസ് കെട്ടിവച്ചാല്‍ ഓരോ സംസ്ഥാനത്തിനും പ്രത്യേകം പണം അടയ്‌ക്കേണ്ടതില്ല.എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള തുക കേന്ദ്രത്തില്‍ നിന്നും നല്‍കും.ഉദാഹരണത്തിന് കേരളത്തില്‍ നിന്നും ഒരു ബസ് കര്‍ണാടകയിലേക്ക് യാത്ര നടത്തിയാല്‍ അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കര്‍ണാടക സംസ്ഥാന അധികൃതര്‍ കേന്ദ്രത്തെ അറിയിക്കണം.സംസ്ഥാനത്തിന് അര്‍ഹമായ തുക ബസ് കേന്ദ്രത്തില്‍ കെട്ടിവച്ചിട്ടുള്ള എ ഐ പി ഫീസില്‍ നിന്നും ഏഴ് ദിവസത്തിനകം അനുവദിക്കും.ഇത്തരത്തില്‍ വാഹനങ്ങള്‍ക്കുള്ള ടൂറിസം പെര്‍മ്മിറ്റ് അഖിലേന്ത്യാ തലത്തില്‍ ഏകോപിപ്പിക്കുന്നതാണ് എ ഐ പിയെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വിജയ് ഛിബ്ബര്‍ അറിയിച്ചു.

നിലവിലെ സ്ഥിതി അനുസരിച്ച് ഓരോ സംസ്ഥാനത്തെയും ടൂറിസ്റ്റ് ബസുകള്‍ക്കായുള്ള നിരക്ക് വ്യത്യസ്തമാണ്‌.കൂടാതെ ചില സംസ്ഥാനങ്ങളിലേക്കുള്ള കാലാവധികള്‍ അടിക്കടി പുതുക്കണം എന്ന നിബന്ധനകളുമുണ്ട്‌.

കേന്ദ്രത്തിന്റെ കണക്ക് പ്രകാരം അമ്പതിനായിരം രൂപവീതം വാര്‍ഷിക ഫീസ് നല്‍കുന്ന ഒരു ലക്ഷം ബസുകളുടെ കണക്കെടുത്താല്‍ തന്നെ പ്രതിവര്‍ഷം കേന്ദ്രത്തിലേക്ക് അഞ്ഞൂറ് കോടി രൂപയുടെ വരുമാനമാകും.അതേസമയം 18 സംസ്ഥാനങ്ങലില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്‌ ഇത്തരത്തില്‍ ടൂറിസ്റ്റ് ബസുകളില്‍ നിന്നും ഫീസായി ഈടാക്കുന്ന വകയില്‍ പ്രതിവര്‍ഷം 298 കോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ്.എ ഐ പി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി കേരളത്തിലേതടക്കമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നീരസം പരിഹരിക്കപ്പെടുമോയെന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു.

INDIANEWS24.COM BUSINESS DESK

Leave a Reply