728-pixel-x-90-2-learn
728-pixel-x-90
<< >>

ടു,ത്രീ സ്റ്റാര്‍ ബാറുകള്‍ പ്രവര്‍ത്തിക്കരുത്‌; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി:സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഭാഗികമായി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.വ്യാഴാഴ്ച്ച ഉച്ചയോടെ വന്ന വിധിയനുസരിച്ച് സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ നടത്താന്‍ അനുമതിയുണ്ടാകൂ.ഇതോടെ കേരളത്തില്‍ 62 ബാറുകള്‍ മാത്രമായിരിക്കും ഇനിയുണ്ടാകുക.ബാറുകളെ തരംതിരിക്കുന്ന മാനദണ്ഡത്തിലെ പോരായ്മക്ക് സര്‍ക്കാരിനെ കോടിതി വിമര്‍ശിച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ടൂ, ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടുന്നതോടെ നിലവിലുള്ള 312 ബാറുകളില്‍ 250 എണ്ണം പൂട്ടും.കഴിഞ്ഞ ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ഇടപെട്ട് 418 ബാറുകള്‍ പൂട്ടിയിരുന്നു.21 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും, 34 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുമാണ് കേരളത്തിലുള്ളത്.ഇവയ്‌ക്കൊപ്പം സംസ്ഥാനത്തുള്ള എട്ട് ഹെറിറ്റേജ് ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

ജസ്റ്റീസ് കെ സുരേന്ദ്ര മോഹനാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്ന അതേ മാനദണ്ഡം തന്നെയാണ് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കം ബാധകമാകുകയെന്ന് കോടതി നിരീക്ഷിച്ചു.മുമ്പൊരു കേസില്‍ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടിയാണ്‌ കോടതി ഫോര്‍ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനം അംഗീകരിച്ചത്.ഈ രണ്ട് തരത്തിലുമുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം ഒന്നാണെന്നിരിക്കെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലേതിന് നിരോധനമേര്‍പ്പെടുത്തുന്നത് ഭരണഘടന പ്രകാരമുള്ള സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി പറഞ്ഞു.

അതേസമയം ബാറുകള്‍ തരംതിരിക്കുന്നതിന് ആധികാരികമായ രേഖയില്ലെന്ന്‌ സര്‍ക്കാരിനെ വിമര്‍ശിച്ചു.ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചില്ലെന്നാണ് പരിശോധനയില്‍ മനസ്സിലാക്കാനായതെന്ന് കോടതി പറഞ്ഞു.കൂടാതെ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്നതോടെ പൂട്ടാന്‍ നിര്‍ബന്ധിതരായ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതി വ്യാഴാഴ്ച്ച വിധി പുറപ്പെടുവിച്ചത്.കഴിഞ്ഞ സെപ്തംബര്‍ 12 മുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലിലേതൊഴികെയുള്ള ബാറുകള്‍ പൂട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.എന്നാല്‍ ബാറുടമകളുടെ ഹര്‍ജിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് സെപ്തംബര്‍ 11ന് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.സംസ്ഥാന ഹൈക്കോടതിയോട് ബാറുടമകളുടെ ഭാഗം കേട്ട് എത്രയും വേഗം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നര്‍ദ്ദേശിക്കുകയും ചെയ്തു.ഇതിനായി സെപ്തംബര്‍ 30 വരെയാണ് സ്റ്റേ നല്‍കിയതെങ്കിലും ഹൈക്കോടതിയിലെ വാദം പൂര്‍ത്തിയാകാതിരുന്ന മുറയ്ക്ക് സ്‌റ്റേ നീട്ടുകയായിരുന്നു.കേസില്‍ വിധി പറയും വരെ പ്രവര്‍ത്തിക്കാനായിരുന്നു അനുമതി.വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ടു,ത്രീ സ്റ്റാര്‍ ബാറുടമകള്‍ പറഞ്ഞു.

INDIANEWS24.COM KOCHI

Leave a Reply