728-pixel-x-90-2-learn
728-pixel-x-90
<< >>

ടി എ റസാക്ക് ഇനി ഓര്‍മ്മ

കൊച്ചി: എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി എ റസാഖ്(58) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ് കണ്ടക്ടര്‍, എന്റെ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസ്സല്‍, ഭൂമിഗീതം, സ്‌നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍, പരുന്ത്, മായാ ബസാര്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്, മൂന്നാം നാള്‍ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്കുവേണ്ടി തിരക്കഥ എഴുതി. ജന്മനാടായ കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ജീവിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിരുന്നത്.

മലപ്പുറം കൊണ്ടോട്ടി തുറക്കലില്‍ ടി എ ബാപ്പുവിന്റെയും ഖദീജയുടെയും മകനായി 1958 ജനിച്ചു. കൊളത്തൂര്‍ എ എം എല്‍ പി സ്‌കൂള്‍ ,കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എട്ടാം ക്ലാസുമുതല്‍ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. ‘വര’ എന്ന സമാന്തര പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചത് ടി എ റസാക്ക് ആണ്. കെ എസ് ആര്‍ ടി സിയിലും ജോലി നോക്കിയിരുന്നു.

എ ടി അബു സംവിധാനം ചെയ്ത ധ്വനിയുടെ സഹസംവിധായകനായാണ് റസാഖ് സിനിമയിലെത്തിയത്. ജി എസ് വിജയന്റെ ഘോഷയാത്രയ്ക്കു വേണ്ട ആദ്യ തിരക്കഥയൊരുക്കിയെങ്കിലും ആദ്യം റിലീസ് ചെയ്തത് കമലിന്റെ മോഹന്‍ലാല്‍ ചിത്രം വിഷ്ണുലോകം ആണ്.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അവാര്‍ഡുകള്‍ നേടിക്കൊണ്ട് റസാക്ക് മലയാള സിനമാലോകത്ത് പ്രത്യോക ശ്രദ്ധാകേന്ദ്രമായി.സിബി മലയില്‍ സംവിധാനം ചെയ്ത് കാണാക്കിനാവിന് മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.ഇതേ ചിത്രത്തിന്റെ തിരക്കഥ മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും നേടി.2002ല്‍ പുറത്തിറങ്ങിയ ആയിരത്തില്‍ ഒരുവന്‍ മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് നേടികൊടുത്തു.2004ല്‍ പുറത്തിറങ്ങിയ പെരുമഴക്കാലം എന്ന കമല്‍ ചിത്രത്തിലൂടെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തിന് ദേശീയ പുരസ്‌കാരവും റസാഖിനെ തേടിവന്നു.പെരുമഴക്കാലം 2004ലെ മികച്ച കഥക്കുള്ള കേരള സ്‌റ്റേറ്റ് അവാര്‍ഡ്, ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങിയവ കരസ്ഥമാക്കിയിരുന്നു.ഇതുകൂടാതെ റസാക്കിന്റെ രചനകള്‍ക്ക് വിവിധ ചാനലുകള്‍ നല്‍കുന്ന സിനിമാ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി തിരക്കഥ എഴുതിയത്.

INDIANEWS24.COM Kochi

Leave a Reply