jio 800x100
jio 800x100
728-pixel-x-90
<< >>

ഞങ്ങളുടെ വീട്ടിലെ പരസ്യപ്പലകകള്‍

പരസ്യവും പബ്ലിസിറ്റിയും ഒരമ്മയുടെ ഇരട്ടപെറ്റ മക്കളാണെങ്കിലും അവ തമ്മില്‍ കൃത്യമായ വ്യത്യാസം മാര്‍ക്കറ്റിംഗ് &അഡ്വര്‍ട്ടൈസിംഗ് രംഗത്തെ പണ്ഡിതര്‍ പറഞ്ഞുവച്ചിട്ടുണ്ട്.തിരിച്ചറിയപ്പെടുന്ന ഒരു പണം മുടക്കി (identified sponsor)പിന്നിലുള്ളതിനെ പരസ്യം(Advertisement)എന്നും താതനില്ലാത്തതിനെ (Not having an identified sponsor) പബ്ലിസിറ്റി എന്നുമാണു വ്യതിരിക്തമായി ഇരു വിഭാഗത്തെയും പരസ്യഗുരുക്കള്‍ വിവക്ഷിച്ചിരിക്കുന്നത്.

ചുരുക്കത്തില്‍ ‘പോ മോനേ ദിനേശാ’ എന്ന സംജ്ഞ ജനങ്ങള്‍ ഏറ്റെടുത്തു ‘അളിയാ കിടുപടം, കലക്കി, ലാലേട്ടന്‍ തകര്‍ത്തു…. പോ മോനേ ദിനേശാ….! ‘ എന്നു പരസ്പരം സംബോധന ചെയ്ത് ‘നരസിംഹം’ വിജയിപ്പിച്ചത് ആന്റണി പെരുമ്പാവൂര്‍ ജനങ്ങള്‍ക്ക് കാശ് കൊടുത്തിട്ടല്ല.അത്തരം പ്രചരണത്തെ’പബ്ലിസിറ്റി’ എന്നും ആറ് ഷീറ്റിലടിച്ച നെടുങ്കന്‍ പോസ്റ്ററുകളും പരസ്യപ്പലകകളും ചിത്രത്തിന്റെ പ്രചരണത്തിനായി ഉപയോഗിച്ചതിനെ ‘പരസ്യം’ എന്നും വിളിക്കാം.നിര്‍മ്മാതാവ് തന്നെ പണം മുടക്കാതെ അത്തരം പരസ്യങ്ങള്‍ വരികയുമില്ലല്ലോ.

ഇതൊക്കെ പറഞ്ഞുവരുന്നത് ലോഹിതദാസ് എന്ന പ്രതിഭാധനന്റെ തിരക്കഥകള്‍ ചലച്ചിത്രമാക്കി നൂറുമേനി കൊയ്ത സിനിമാഗുരുവിന്റെ പുതിയ ചിത്രം കണ്ട ഷോക്കിലാണ്.അല്‍പ്പം കൂടി സിനിമാ വ്യവസായ ചരിത്രം പറയാതെ വയ്യ.

പണ്ടൊക്കെ ഒരു ചിത്രം നിര്‍മ്മിക്കുന്നത് തിയേറ്ററുകളിലെത്തുന്ന ജനത്തെ-പ്രേക്ഷകരെ-മാത്രം ലക്ഷ്യമാക്കിയായിരുന്നു. പക്ഷേ ജനങ്ങള്‍ ചിത്രം വിജയിപ്പിക്കുമ്പോള്‍ നടീനടന്‍മാരും സംവിധായകരും ഇതര സാങ്കേതിക പ്രവര്‍ത്തകരും തങ്ങളുടെ പ്രതിഫലം കുത്തനെ കൂട്ടിയപ്പോള്‍ സിനിമകള്‍ക്ക് തിയേറ്ററിനു പുറത്തെ വരുമാനം അന്വേഷിക്കേണ്ടതായി വന്നു.ഒരു മനുഷ്യന്‍ ജീവിതമാകെ അത്യദ്ധ്വാനം ചെയ്ത് നേടുന്ന തുക കേവലം രണ്ടോ മൂന്നോ ചിത്രങ്ങള്‍ കൊണ്ട് നേടുന്നവരാണ് ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും. ഇതിനു ബലിയാടാകുന്നത് എല്ലായ്‌പ്പോഴും നിര്‍മ്മാതാക്കളുമാണ്. കേവലം ഒരു ചിത്രത്തിന്റെ പരാജയം പോലും ഒരു നിര്‍മ്മാതാവിനെ പാപ്പരാക്കും എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.ഇത്തരുണത്തിലാണ് നിര്‍മ്മാതാക്കള്‍ ഓഡിയോ – വീഡിയോ – റീമേക്ക് – ഡബ്ബിംഗ് -വിദേശ പ്രദര്‍ശന വിതരണാനുമതി തുടങ്ങിയ അധിക വരുമാനങ്ങളെ കുറിച്ച് ആലോചിച്ച്‌ സേഫാകാന്‍ തുടങ്ങിയത്.പക്ഷെ ഒരിക്കലും അവര്‍’SAFE’ ആയില്ല.
അവരുടെ അന്വേഷണം ‘IN FILM MARKETING’ ല്‍ തുടങ്ങി ടെലിവിഷന്‍ സംപ്രേഷണാവകാശം(Satellite rate)  എന്നിങ്ങനെ രഹസ്യമായി ‘ADULTS ONLY’ ചിത്രങ്ങള്‍ എടുക്കുന്നിടം വരെ എത്തിയിരുന്നു. ഇതില്‍ പ്രേക്ഷകന് എന്നും അരോചകമായിരുന്നത് ‘IN FILM MARKETING’ എന്ന ‘കാശ് കൊടുത്ത് പരസ്യം സിനിമയിലൂടെ കാണേണ്ടിവരുന്ന’ ഇടപാടായിരുന്നു.

സിനിമയുടെ ആസ്വാദനത്തെയും കഥാഗതിയെയും നശിപ്പിക്കുന്ന ഇത്തരം ‘AD INTERVENTIONS’ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങള്‍ പ്രേക്ഷകന്‍ കഴിവതും നിരാകരിക്കുവാന്‍ ശ്രമിച്ചിട്ടുമുണ്ട്.ഗാനരംഗങ്ങളിലും നഗര ദൃശ്യങ്ങളിലും മാത്രം ഒതുങ്ങി നിന്ന IN FILM MARKETING കഥാഗതിയില്‍ വരുന്നത് നേരറിയാന്‍ സി ബി ഐ തുടങ്ങിയ ചിത്രങ്ങളില്‍ കല്ലുകടിയായി പ്രേക്ഷകന് അനുഭവപ്പെട്ടു. ജനം നെഞ്ചിലേറ്റിയ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന സി ബി ഐ പുലി ഒരു പ്രത്യേക  ബിസ്‌ക്കറ്റും ചായയും ഇടക്കിടെ കഴിക്കുന്നതും പരസ്യത്തിലെന്ന പോലെ പ്രശംസാ വാചകങ്ങള്‍ പറയുന്നതും നായിക ഒരു പ്രമുഖ ടെലികോം കമ്പനിയിലെ സ്റ്റാഫ് എന്ന വ്യാജേന ‘പാവപ്പെട്ടവന്റെ ആശ്രയമായ ഫോണ്‍’ പ്രമോട്ട് ചെയ്യുന്നതും കണ്ടപ്പോള്‍ നമുക്ക് ഓക്കാനമാണുണ്ടായത്. ഇന്നും ചാനലുകളില്‍ നിരന്തരം പ്രദര്‍ശിപ്പിക്കുന്ന ആ കൊള്ളാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ തിയേറ്ററില്‍ പരാജയപ്പെട്ടതിനു പ്രത്യേകിച്ച് കാരണമന്വേഷിക്കേണ്ട.

ഇന്ത്യകണ്ട ഏറ്റവും വലിയ പരസ്യചിത്ര സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ ഒരു പ്രമുഖ ഷൂ ബ്രാന്‍ഡിന്റെ പരസ്യത്തിനായി ഒരു ഫീച്ചര്‍ ‘പരസ്യ’ഫിലിം എടുത്ത് നമ്മെ ഞെട്ടിച്ചു. അതിനദ്ദേഹം കരുവാക്കിയത് മജീദ് മജീദിയുടെ വിശ്വവിഖ്യാതമായ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന ചിത്രത്തെയും.മെച്ചപ്പെട്ട ഒരു ബോളിവുഡ് ചിത്രമായിട്ടു കൂടി ചലച്ചിത്ര പരസ്യാഭാസമായി വിലയിരുത്തപ്പെട്ട ആ സംരംഭം പച്ച തൊട്ടില്ല.

പണ്ടൊക്കെ സംവിധായകര്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചിത്രീകരിക്കുന്ന ആശുപത്രികളുടെയും പത്ര സ്ഥാപനങ്ങളുടെയുമൊക്കെ പേരുമാറ്റുമായിരുന്നു.എന്തിനേറെ പറയുന്നു പത്രങ്ങളുടെ പേര് പോലും മാറ്റുമായിരുന്നു.അങ്ങനെയാണ് കേരളരമ, മലയാളഭൂമി തുടങ്ങിയ ഇല്ലാ പത്രങ്ങള്‍ സിനിമയില്‍ നമ്മള്‍ കണ്ടത്‌.കെ എസ് ഗോപാലകൃഷ്ണനും മറ്റും വേണമെങ്കില്‍ ആദ്യകാലത്ത് ചന്ദ്രികാ സോപ്പിന്റെയും 501 ബാര്‍ സോപ്പിന്റെയും നിരോധിന്റെയുമൊക്കെ പരസ്യങ്ങള്‍ കുത്തിത്തിരുകാമായിരുന്നു. സ്ത്രീ ശരീരം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കാശ് കൊടുത്ത് തിയേറ്ററില്‍ കേറുന്നവനെ പരസ്യമെന്ന അമേദ്യം തീറ്റിച്ചില്ല.

സാക്ഷാല്‍ ജോയ് ആലുക്കാസിനെ കഥാപാത്രമാക്കി കസ്തൂരിമാന്‍ എന്ന യുക്തിഭദ്രമായ ചിത്രമെടുത്ത് വിജയിപ്പിച്ച ലോഹിതദാസിനേയും ഡയമണ്ട് നെക് ലേസ് എടുത്ത ലാല്‍ജോസിനെയും കടത്തിവെട്ടിയിരിക്കുകയാണ് സര്‍വ്വശ്രീ സിബി മലയിലും തുണയായ തിരക്കഥാകൃത്തും.കല്യാണിന്റെ പരസ്യപ്പലകയെ കേന്ദ്ര കഥാപാത്രമാക്കി തുടര്‍ന്നു വനിത,സിമാര്‍ എന്നുവേണ്ട സര്‍വ്വ പരസ്യങ്ങളും കുത്തിനിറച്ച്‌ ശരാശരി 500 രൂപ മുടക്കി തിയേറ്ററില്‍ കയറുന്ന കുടുംബങ്ങളെ വിഡ്ഢികളാക്കിയ സിനിമാഗുരു സ്വന്തം സ്ഥാപനമായ ഫിലിം സ്‌കൂളിന്റെ പരസ്യം കൂടി കാണിക്കുന്നതു കണ്ടപ്പോള്‍,’അണ്ണാ, നമിച്ചു’- അക്ഷരാര്‍ത്ഥത്തില്‍ അങ്ങാണ് യഥാര്‍ത്ഥ ന്യൂജനറേഷന്‍ താരം ! എന്നു ഉറക്കെപ്പറഞ്ഞുപോയി.
ഇനിയും ഇത്തരം അതിഥികളുമായി അങ്ങെത്തണം.ഞങ്ങള്‍ വിഡ്ഢികളായ പ്രേക്ഷകര്‍ അതും കാത്തിരിക്കാം.

parasyappalaka

SANU INDIANEWS24

Leave a Reply