jio 800x100
jio 800x100
728-pixel-x-90
<< >>

ജ്ഞാനത്തിന്റെ “താക്കോല്‍”മനസ് നിറയ്ക്കുന്നു

ഷാജി കൈലാസ് നിര്‍മ്മാതാവിന്റെ കുപ്പായമണിഞ “താക്കോല്‍“,ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു വാണിജ്യ സിനിമയാണ് എന്ന മുന്‍വിധിയുമായെത്തുന്ന പ്രേക്ഷകന് മുന്നില്‍ ഇതള്‍ വിരിയുന്നത് ജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും മിസ്റ്റിസിസത്തിന്റെയും(mysticism)  ഒപ്പം മനസിന്റെ കാണാക്കയങ്ങളില്‍ ഒരിക്കലും തുറക്കാനാകാത്ത താഴിട്ട് പൂട്ടി സൂക്ഷിക്കുന്ന അലിവിന്റെയും കരുണയുടെയും കരുതലിന്റെയുമൊക്കെ  മേല്‍ മൂടുപടമിട്ട കാര്‍ക്കശ്യത്തിന്റെയും നേര്‍ക്കാഴ്ചകളാണ്.

നമുക്ക് പരിചിതമില്ലാത്ത താഴുകളും  താക്കോല്‍ക്കൂട്ടങ്ങളുമായി നീങ്ങുന്ന ഈ സിനിമ പലപ്പോഴും ആവശ്യപ്പെടുന്നത് അകക്കണ്ണുകള്‍ തുറന്നുള്ള സിനിമാസ്വാദനമാണ്‌.നിരവധി അടരുകളുള്ള (layers) ഈ ചിത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തത്വചിന്തകര്‍ക്കും ഒരേ പോലെ ആസ്വദിക്കുവാന്‍ സാധിക്കുന്നു എന്നതില്‍ നവാഗതനായ കിരണ്‍ പ്രഭാകര്‍ എന്ന സംവിധായകന് അഭിമാനിക്കാം.

താക്കോല്‍ എന്ന ചിത്രം ശരിക്കും നമ്മള്‍ കണ്ടു തുടങ്ങുന്നത് തിയേറ്റര്‍ വിട്ട ശേഷമാണ്.സിനിമയുടെ ക്ലൈമാക്സില്‍ എല്ലാം ഒന്നൊഴിയാതെ, തരിമ്പും സംശയങ്ങള്‍ അവശേഷിപ്പിക്കാതെ പ്രേക്ഷകനെ തീര്‍ത്തും സ്വതന്ത്രനാക്കി വിടുന്ന വാര്‍പ്പ് മാതൃകയെ തച്ചുടക്കുന്നുണ്ട് ഈ താക്കോല്‍.സിനിമയുടെ ക്ലൈമാക്സിലും തുറക്കാത്ത താഴുകള്‍ തുറക്കാനുള്ള ജ്ഞാനത്തിന്റെ താക്കോല്‍ പ്രേക്ഷകന് കൈമാറുന്നതില്‍ ഈ ചിത്രത്തിന്റെ ശില്‍പ്പികള്‍ പ്രകടിപ്പിച്ച വിഭവമാണ് അക്ഷരാര്‍ത്ഥത്തില്‍ താക്കോലിന്റെ ഹൈലൈറ്റ് !

താക്കോല്‍ എന്ന ചിത്രത്തില്‍ നിന്നും പ്രേക്ഷകനെ തേടി വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ സമാന കഥാപാത്രങ്ങളുടെ അവതരണത്തിലൂടെയും അവരുടെ വ്യഥകളിലൂടെയും പ്രേക്ഷകനിലേക്ക് അരിച്ചിറങ്ങുന്നുണ്ട്.ആ തിരിച്ചറിവില്‍ ഓരോ പ്രേക്ഷകനും ജ്ഞാനത്തിന്റെ താക്കോല്‍ പേറുന്ന കാഴ്ചയാണ്  ചിത്രത്തിന്റെ അകക്കാമ്പ് ( CRUX of the movie).

മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുടെ മനോഹരമായ അടരുകള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രജിത്ത്,മുരളി ഗോപി,രണ്‍ജി പണിക്കര്‍,ഇനിയ,നെടുമുടി വേണു,ലാല്‍,പി ബാലചന്ദ്രന്‍,സുധീര്‍  കരമന,സ്വരാജ് ഗ്രമിക എന്നിവര്‍  കാണിച്ച തികവ് തെല്ലൊന്നുമല്ല ചിത്രത്തെ സഹായിച്ചിരിക്കുന്നത്.കാസ്റ്റിംഗിന്റെ മകുടോദാഹരണമാണ് താക്കോല്‍ എന്നത് നിസ്തര്‍ക്കമാണ്.ഇന്ദ്രജിത്ത് അവതരിപ്പിച്ച ഫാദര്‍ ആംബ്രോസിന്‍റെ ബാല്യകാലം അവതരിപ്പിക്കാന്‍ റൂഷിന്‍ ഷാജി കൈലാസിനെ തെരഞ്ഞെടുത്തതാണ് ഏറ്റവും വലിയ ഉദാഹരണം.ആയുര്‍വേദ വൈദ്യന്‍ മറ്റൊരു ഉദാഹരണം.ഇന്ദ്രജിത്തും റോഷിന്‍ ഷാജി കൈലാസും ചേര്‍ന്ന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് ഇരുവരുടെയും അഭിനയത്തിലും ഭാവാഹദികളിലും വേഷപകര്‍ച്ചകളിലും ശാരീരിക ചലങ്ങളിലും ഒക്കെയുള്ള താദാത്മ്യം’ പ്രാപിക്കല്‍ അടുത്തെങ്ങും കണ്ടിട്ടില്ല.പലപ്പോഴും ബാലതാരം’ അവതരിപ്പിക്കുന്ന കുട്ടിക്കാലവും സീനിയര്‍ നടന്‍ അവതരിപ്പിക്കുന്ന മുതിര്‍ന്ന കാലവും തമ്മില്‍ പുലബന്ധവും ഉണ്ടാകാറില്ല.താക്കോലില്‍ സ്ഥിതി തുലോം വ്യത്യസ്തമാണ്.ഇതിനു അഭിനന്ദിക്കേണ്ടതു പുതുമുഖമായ റൂഷിന്‍ ഷാജി കൈലാസിനെ തന്നെയാണ്.പലപ്പോഴും തന്റെ നടന ചാതുര്യം വെളിപ്പെടുത്തിയിട്ടുള്ള ഇന്ദ്രജിത്തിന്  റൂഷിന്റെ ബാല്യകാലത്തില്‍ നിന്നും  ഇടവക വികാരിയിലെക്കുള്ള വേഷപ്പകര്‍ച്ച ഒരു സ്വാഭാവിക പരിണാമമായി നമ്മെ അനുഭവിപ്പിക്കാന്‍ സാധിച്ചു.ഇരുവരുടെയും രസത്രന്തം ചിത്രത്തിനു നല്‍കുന്ന ലിഫ്റ്റ്‌ ചെറുതല്ല.

ചിത്രം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സമ്മാനിച്ച ക്യാമറാമാന്‍ ആല്‍ബി,താക്കോലിന്റ ഹൃദയം തൊട്ടറിഞ്ഞു സംഗീതം പകര്‍ന്ന  എം ജയചന്ദ്രന്‍ തുടങ്ങിയവര്‍  സംവിധായകന്‍ കിരണ്‍ പ്രഭാകരനു തന്റെ കന്നി സംരംഭത്തിനു കരുത്ത് പകര്‍ന്നു..thakkol 2

താക്കോലും താഴും തേടുന്ന ഈ യാത്രയില്‍ മനസിനെ തൊട്ടുണര്‍ത്തുന്ന നിരവധി മുഹൂര്ത്തങ്ങളുണ്ട്‌.ഒപ്പം ശുദ്ധ നര്‍മ്മവും ഒരു ത്രില്ലര്‍ മൂഡും മേമ്പൊടി വിതറുന്ന താക്കോല്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും  ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു സമീപകാല MUST WATCH മൂവിയാണ്.തിരക്കഥ ആവശ്യപ്പെടുന്ന സാങ്കേതിക തികവോടെ വ്യത്യസ്തമായ ഒരു ഇതിവൃത്തം സിനിമയാക്കാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയ നിര്‍മ്മാതാവ് ഷാജി കൈലാസിനിരിക്കട്ടെ പ്രേക്ഷകന്റെ വക ഒരു പൊന്‍തൂവല്‍.നിര്‍മ്മാതാവിനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇനി വേണ്ടത് പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയാണ്.ഏകലവ്യനും ആറാം തമ്പുരാനും ദി’ കിംഗും നരസിംഹവുമൊക്കെ  തിയേറ്ററുകളെ പൂരപ്പറമ്പുകളാക്കിയ അതേ പിന്തുണ.

SANU SATHYAN INDIANEWS24 MOVIE DESK 

 

Leave a Reply