അറ്റ്ലാന്റ:മിനെസൊട്ടയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരൻ പൊലീസുകാരുടെ വംശീയവെറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ മിനിയാപൊളിസ് നഗരത്തിൽനിന്ന് രാജ്യമെങ്ങും ജനരോഷം പടരുകയാണ്.അറ്റ്ലാന്റയിൽ സിഎൻഎൻ ആസ്ഥാനവും നിരവധി വാഹനങ്ങളും ആക്രമിക്കപ്പെട്ടു,ന്യൂയോർക്കടക്കം ഡസൻകണക്കിന് അമേരിക്കൻ നഗരങ്ങളിലും പ്രതിഷേധം ഇരമ്പുന്നു, വാഹനങ്ങളും കടകളും കത്തിച്ചു.പ്രതിഷേധത്തിനിടെ ഡിട്രോയിറ്റിൽ യുവാവ് കൊല്ലപ്പെട്ടു,
തിങ്കളാഴ്ചയാണ് ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. തെരുവിൽ കാറിൽനിന്ന് പിടിച്ചിറക്കി വിലങ്ങുവച്ച് റോഡിൽ വീഴ്ത്തി ഡെറിക് ഷോവിൻ എന്ന പൊലീസുകാരൻ മുട്ടുകാൽ കഴുത്തിലമർത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഷോവിനെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തെങ്കിലും അയാൾക്കൊപ്പം ജോലിയിൽനിന്ന് പിരിച്ചുവിട്ട മറ്റ് മൂന്ന് പൊലീസുകാരെ പിടിച്ചിട്ടില്ല. കഴിഞ്ഞ നാല് രാത്രിയിൽ അമേരിക്കൻ തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവർ ചിലയിടങ്ങളിൽ പൊലീസിന്റെ വംശീയ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ നീണ്ട പട്ടിക കൈയിലേന്തിയിരുന്നു.കറുത്തവംശക്കാർ വൻതോതിൽ പങ്കെടുക്കുന്ന പ്രതിഷേധത്തിൽ വെള്ളക്കാരെയും കാണാം.
INDIANEWS24 US DESK