ജോണ്‍ എബ്രഹാമിന്റെ ജീവിതത്തിന്റെ അവസാനത്തെ മൂന്നു ദിവസത്തെ കോര്‍ത്തിണക്കി പതിവ് ചട്ടക്കൂട്
സിനിമാ സങ്കല്‍പ്പത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ ജോണ്‍ എന്ന പേരില്‍ ഒരു സിനിമ എത്തുന്നു.‘ജോൺ’ സിനിമയുടെ ടീസർ അദ്ദേഹത്തിന്റെ മുപ്പത്തിയൊന്നാം ചരമദിനത്തിൽ പുറത്തിറങ്ങി. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ടീസറിന്റെ ഓൺലൈൻ ലോഞ്ചിംഗ് നിർവ്വഹിച്ചത്. പത്രപ്രവര്‍ത്തകനായ പ്രേംചന്ദും കുടുംബവുമാണ് ഈ സിനിമയ്ക്ക് ജീവന് നല്‍കുന്നത്.
പ്രശസ്ത തിരക്കഥാകൃത്തായിരുന്ന ടി. ദാമോദരന്റെ മകളും പ്രേംചന്ദിന്റെ പത്നിയുമായ ദീദി ദാമോദരനാണ് സ്ക്രിപ്റ്റ് ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ നിര്‍മ്മാണ നിര്‍വ്വഹണം പ്രേം ചന്ദിന്റെയും ദീദിയുടെയും മകളും വിഷ്വല്‍ കമ്യുണിക്കേഷന്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥിനിയായ മുക്തയും ടീമുമാണ് നിര്‍വ്വഹിക്കുന്നത്.
ജോണ്‍ എബ്രഹാമിനൊപ്പം സിനിമയും സ്വപ്നം കണ്ട് നടന്ന ഓര്‍മ്മകള്‍ പറയാനുണ്ട് പ്രേംചന്ദിന്. അമ്മ അറിയാന്‍ സിനിമയുടെ കാലഘട്ടത്തിലും കയ്യൂര്‍ സിനിമയുമായി ജോണ്‍ നടക്കുമ്പോഴും അതിനൊപ്പം നിഴല്‍ പോലെ നടന്ന് ജോണിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ കൂട്ടുനിന്ന് ജോണിന്റെ മരണത്തിന്റെ വാര്‍ത്ത പത്രത്തിലേക്ക് എഴുതിക്കൊടുക്കേണ്ടി വന്ന ഒരു പത്രപ്രവര്‍ത്തകന്റെ നിസ്സഹായാവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട് പ്രേം. ഇണങ്ങിയും, പിണങ്ങിയും കഴിഞ്ഞ കാലഘട്ടങ്ങള്‍. ഓരോ സുഹൃത്തുക്കള്‍ക്കും ജോണ്‍ ഓരോ കഥാപാത്രങ്ങളാണ്. ചിലര്‍ക്ക് അരാജകവാദിയാകുമ്പോള് മറ്റു ചിലര്‍ക്ക് അദ്ദേഹം കവിയും സംഗീതജ്ഞനുമാകും, സിനിമാക്കാരനും,തിരക്കഥാകാരനുമാവും, കള്ളുകുടിയനും, കഞ്ചാവടിക്കാരനുമാവാം.
ഒരു ജീവിതത്തില്‍ നാനാവിധ കഥാപാത്രങ്ങളായി ആടിയ ജോണിന്റെ ജീവിതത്തില്‍ ഏറ്റവും ഇടപെട്ടിട്ടുള്ള ഒരാളാണ് ഹരിനാരായണന്. ജോണ്‍ മരണപ്പെട്ടപ്പോള്‍ ആര്‍ത്തിരമ്പിയ ജനക്കൂട്ടത്തില്‍ പോയി ആ മൃതശരീരം കാണില്ല എന്ന് ദൃഢനിശ്ചയം ചെയ്ത ഹരി ഊര്‍ജ്ജസ്വലനായ ജോണിന്റെ മരിക്കാത്ത ചിത്രം മാത്രം മനസില്‍ മതിയെന്ന് പറഞ്ഞ് അന്ന് രാത്രി പ്രേമിനെ വിളിക്കുകയും ഉടന്‍ കാണണമെന്ന് ആവശ്യപ്പെടുകായും ചെയ്തു.ജോണിന്റെ ജീവിതത്തിലെ പലകാര്യങ്ങളും പങ്കുവെച്ചു. കൂടാതെ പൂര്‍ത്തിയാക്കാത്ത ഹൃസ്വചിത്രങ്ങളുടെ ഒരു സ്ക്രിപ്റ്റും കയ്യില്‍ കൊടുത്തു.
മരിക്കുന്നതിന് മുമ്പേയുള്ള തുടര്‍ച്ചയായുള്ള മൂന്നു രാത്രികളില്‍ ഹരിയെ വിളിച്ചുണര്‍ത്തി എഴുതിപ്പിച്ച തിരക്കഥകള്‍.ഒരു ആശയത്തില്‍ നിന്ന് മെല്ലെ മറ്റൊരാശയത്തിലേക്ക് വഴുതിപ്പോകുന്ന കഥകളുടെ സംഗ്രഹം. ഇത് പിന്നീട് പ്രേംചന്ദ് ചിത്രഭൂമിയില്‍ നീണ്ട ലേഖനങ്ങളായി പ്രസിദ്ധീകരിച്ചു. ആ മൂന്നു രാത്രികളുടെ കഥായാണ് ജോണ്‍ എന്ന സിനിമയിലേക്കുള്ള വഴികാട്ടിയായതെന്ന് സംവിധായകനായ പ്രേം ചന്ദ് ഇന്ത്യാ ന്യുസിനോട് പറഞ്ഞു. തന്റെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ലോണ്‍ എടുത്താണ് ഈസിനിമയിലേക്ക് എത്തുന്നതെന്ന് പ്രേം പറയുന്നു.
തന്റെ മകള്‍ക്കുകൂടി അവകാശപ്പെട്ട തുക ആയതിനാല്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ റോള്‍ മകള്‍ മുക്തയ്ക്കാണ്. ഹരിയടക്കം ജോണുമായി ബന്ധപ്പെട്ട പലരും ഈ സിനിമയുടെ ഭാഗമായി എത്തുന്നു. ജോണ്‍ എബ്രഹാമിന്റെ ആദ്യ സിനിമയായ വിദ്യര്ത്ഥികളേ ഇതിലേ..ഇതിലേ എന്ന സിനിമയുടെ ക്യാമറാമാന് ആയി പ്രവര്‍ത്തിച്ച രാമചന്ദ്രബാബൂ അടക്കും അഞ്ചുപേരാണ് ഈ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ലോ ബജറ്ററ്റിലുള്ള സിനിമയായതിനാല്‍ അഞ്ച് യൂണിറ്റുകളായി വേര്‍തിരിച്ചാണ് സിനിമ പൂര്‍ത്തീകരിച്ചത്.
നാല് പതിറ്റാണ്ട് കാലമായി ചലച്ചിത്ര നിരൂപണ രംഗത്തും മാധ്യമ രംഗത്തും നിറഞ്ഞു നിൽക്കുന്ന പ്രേംചന്ദിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ജോൺ.ജനകീയ സിനിമയുടെ അപ്പൊസ്തലനും പ്രവാചകനായി അവതരിപ്പിക്കപ്പെട്ട ജോൺ എബ്രഹാമിനെ കുറിച്ചുള്ള സിനിമ ‘ജോൺ’ ഉടൻ തന്നെ പ്രേക്ഷകരുടെ മുന്നിലേക്കെത്തും. തിയേറ്റര്‍ റിലീസ് എന്ന സാമ്പ്രദായിക രീതി അനുവര്‍ത്തിക്കാതെ യൂടൂബിലൂടെയും,നെറ്റ്ഫ്ലിക്സലൂടെയും റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നു സംവിധായകന് പ്രേം ചന്ദ് ഇന്ത്യാ ന്യൂസിനോട് പറഞ്ഞു.
ജോണിന്റെ ടീസര്‍ ചുവടെയുള്ള യൂ ട്യൂബ് ലിങ്കില്‍ ലഭ്യമാണ് :
https://tinyurl.com/ydhne8cc
ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ് 24