jio 800x100
jio 800x100
728-pixel-x-90
<< >>

ജോസഫ് അതി ഗംഭീരം,എം.പത്മകുമാറും !

എം.പത്മകുമാര്‍ എന്ന സംവിധായകന്‍ മലയാളിക്ക് സുപരിചിതനാണ്.പക്ഷെ കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടെ  പത്മകുമാറിന്‍റെ ക്രാഫ്റ്റ് വെളിവാക്കുന്ന ഒരു നല്ല സ്ക്രിപ്റ്റ് അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല എന്ന വാദത്തിനുള്ള മറുപടിയാണ് ജോസഫ് എന്ന സോഷ്യോ ത്രില്ലര്‍.മലയാളത്തില്‍ ഇതുവരെ കടന്നു വന്നിട്ടില്ലാത്ത ശക്തമായൊരു പ്രമേയവുമായി ഷാഹി കബീര്‍ എത്തിയപ്പോള്‍ ലഭിച്ചത് പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്ന ലക്ഷണമൊത്ത ഒരു പത്മകുമാര്‍ ചിത്രമാണ് ഒപ്പം ജോജു ജോസഫ് എന്ന നടനും. വില്ലന്‍ വേഷങ്ങളിലും നര്‍മ്മ രസമാര്‍ന്ന കഥാപാത്രങ്ങളിലും ചില സ്വഭാവ വേഷങ്ങളിലും എത്തുന്ന ജോജു മലയാളിക്ക് ചുരുങ്ങിയ കാലം കൊണ്ട് ഏറെ പ്രിയങ്കരനായ നടനാണ്‌.പക്ഷെ ജോജുവിന്റെ അഭിനയ പ്രതിഭയുടെ മാറ്റുരയ്ക്കപ്പെട്ട ചിതം എന്ന നിലയിലാവും ജോസഫ്  ഇനി വിലയിരുത്തപ്പെടുക.മികവുറ്റ അഭിനേതാക്കള്‍ക്ക് മാത്രം അവതരിപ്പിക്കാനാവുന്ന മാനങ്ങളുള്ള ജോസഫ് എന്ന കഥാപാത്രം ജോജുവിന്റെ കയ്യില്‍ ഭദ്രമായത് പത്മകുമാര്‍ എന്ന സംവിധായകന്റെ കൂടി വിജയമാണ്.ഇരുപതുകളില്‍ തുടങ്ങി അന്‍പതുകളുടെ അന്ത്യപാദത്തിലെത്തി നില്‍ക്കുന്ന ജോസഫ് എന്ന വിരമിച്ച പോലീസുകാരനിലേക്ക്  പരകായപ്രവേശം നടത്താന്‍ ജോജുവിന് അനായാസം സാധിച്ചിരിക്കുന്നു.ജോസഫിലൂടെ ജോജുവിനെത്തേടി അംഗീകാരങ്ങള്‍ എത്തുമെന്ന് പ്രത്യാശിക്കാം.

മലയാളത്തിന്‍റെ കാഴ്ചാശീലങ്ങളെ അതിജീവിക്കുന്ന തിരക്കഥയൊരുക്കിയ  ഷാഹി കബീറും ഒരു പോലീസുകാരനാണ് എന്നത് ജോസഫ് സമ്മാനിക്കുന്ന കൌതുകങ്ങളിലൊന്നാണ്.ചിത്രത്തില്‍  ജോസഫിന്‍റെ കുറ്റാന്വേഷണ രീതികള്‍ റിയലിസ്റ്റിക്കായി ഫീല്‍ ചെയ്യുന്നത് കഥാകാരനില്‍ ഒരു പൊലീസ് മനസ് ഉള്ളതിനാലാകാം.ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ സ്വകാര്യ ജീവിതമാണ് ജോസഫ് പറയുന്നത്.മാന്‍ വിത്ത്‌ ദി സ്‌കാര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.ജോസഫിന്റെ ഉണങ്ങാത്ത മുറിപ്പാടുകള്‍ മനസിനെ ഉലയ്ക്കുമ്പോഴും ജോസഫിലെ സമര്‍ത്ഥനായ കുറ്റാന്വേഷകന്‍ സദാ ജാഗരൂകനാണ്.ഒരു പക്ഷെ ജോസഫിനെ ജീവിപ്പിക്കുന്നതും ആ കുറ്റാന്വേഷകന്‍ തന്നെയാണ്.തന്‍റെ വ്രണിത ഏകാന്ത ജീവിതത്തിന്റെ അടയാളങ്ങള്‍ പേറുമ്പോഴും മദ്യപാനത്തിലും പുകവലിയിലും മറ്റു ലഹരികളിലും ഊളിയിടുമ്പോഴും ജോസഫിനെ നിലനിര്‍ത്തുന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നും വരുന്ന സഹായം തേടിയുള്ള ഫോണ്‍കോളുകളാണ്. പൊലീസ് സൂപ്രണ്ടില്‍ നിന്നുമെത്തുന്ന അത്തരമൊരു ഫോണ്‍കോളില്‍  നിന്ന് തുടങ്ങുന്ന ജോസഫിലെ ത്രില്ലിംഗ് അനുഭവങ്ങള്‍ ക്ലൈമാക്സിലെത്തുമ്പോഴേക്കും സിനിമ  ഉദാത്തമായ നിലയിലേക്ക് എത്തുന്നു.ഇന്നത്തെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ചില യാഥാര്‍ഥ്യങ്ങള്‍ ഞെട്ടലോടെയാണ് പ്രേക്ഷകന്‍ തിരിച്ചറിയുന്നത്.ശക്തമായ ഒരു മുന്നറിയിപ്പാണ് ജോസഫ് സമൂഹത്തിനു സമ്മാനിക്കുന്നത്.

മനേഷ് മാധവന്‍റെ ഛായാഗ്രഹണവും രഞ്ജിന്‍ രാജിന്‍റെ സംഗീതവും അനില്‍ ജോണ്‍സന്‍റെ പശ്ചാത്തല സംഗീതവും  എഡിറ്റിംഗിലൂടെ കിരണ്‍ ദാസും പത്മകുമാറിന് നല്‍കുന്ന പിന്തുണ വളരെ വലുതാണ്‌.’റോസ് ഗിറ്റാറിനാല്‍’ എന്ന ചിത്രത്തില്‍ നായികയായിരുന്ന ആത്മീയയും മാധുരിയുമാണ് ജോസഫിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍.ജോസഫിന്റെ റെ സുഹൃത്തുക്കളായി എത്തുന്ന ഇര്‍ഷാദും സുധി കോപ്പയും മികച്ച പ്രകടനം കാഴ്ച വച്ചു.ദിലീഷ് പോത്തന്‍ തനിക്ക് ലഭിച്ച വ്യത്യസ്തമായ കഥാപാത്രത്തെ മികവുറ്റതാക്കി.

വര്‍ഗ്ഗം,വാസ്തവം,അമ്മക്കിളിക്കൂട്,ശിക്കാര്‍,കനല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പത്മകുമാര്‍ പകര്‍ന്നു നല്‍കിയ ദൃശ്യ ഭാഷ നെഞ്ചിലേറ്റുന്നവര്‍ക്ക് ജോസഫ് ഒരു അതി ഗംഭീര അനുഭവമാകും എന്നുറപ്പ്.ദുര്‍ബ്ബലമായ തിരക്കഥകളിലൂടെ തീര്‍ക്കപ്പെട്ട അര്‍ഹിക്കാത്ത പരാജയങ്ങളൊക്കെയും എം.പത്മകുമാര്‍ ജോസഫിലൂടെ ഇതിനാല്‍ കഴുകി കളഞ്ഞിരിക്കുന്നു.ആമേന്‍ !

SANU SATHYAN INDIANEWS24 MOVIES DESK

Leave a Reply