jio 800x100
jio 800x100
728-pixel-x-90
<< >>

ജോര്‍ജ് ഫ്ലോയിഡ് ഒരാളല്ല !

ഞാനും  ഒരു ജോര്‍ജ്ജ് ഫ്ലോയിഡാണ് .

ഒരു കഥ പറയാം. സംഭവങ്ങളെ കഥകളാക്കുമ്പോൾ അതിന് ചില ദോഷങ്ങളെ പോലെ ചില ഗുണങ്ങളുമുണ്ട്, മറിച്ചും അങ്ങനെ തന്നെ.

ഇപ്പോൾ വർഷങ്ങൾ കുറച്ചായിരിക്കുന്നു , ആ കമ്പനിതുടങ്ങിയ കാലംമുതൽ അവിടുത്തെ സർവാധി കാര്യസ്ഥനായ ജോർജ് ജോൺ , ഒഫീഷ്യലായിപോലും ഞാൻ ചേട്ടാ എന്ന് വിളിക്കുന്ന ജോർജ്ജേട്ടൻ തന്നയാണ് എന്നെ ആ കമ്പനിയിൽ എത്തിച്ചത് . ജോർജ്ജേട്ടനെ പറ്റി പറഞ്ഞാൽ മരുഭൂമിയിൽ മണൽ വിൽക്കുന്ന , സ്വയപ്രയത്നത്തിൽ ജീവിതം കെട്ടിപ്പടുത്ത , ഒരുപാട് പേരെ അതിനു സഹായിച്ച, സ്നേഹം കണ്ണിൽ നനവായി ഊറിനിറയുന്നത് ഞാൻ കണ്ട അപൂർവ്വം മനുഷ്യരിൽ ഒരാൾ… ഇങ്ങനെ തൽക്കാലം  ജോര്ജ്ജേട്ടനെ ചുരുക്കിപ്പറയാം..

തികഞ്ഞ സഹൃദയനായ എങ്കിലും പക്കാ മലയാളി വിരുദ്ധനായ ഒരു ഗോസായി ആയിരുന്നു കമ്പനി മുതലാളി. പണ്ട് ഏതോ മലയാളി പണി കൊടുത്തു എന്ന് കഥാസാരം . നൂറിലധികം വരുന്ന പല ദേശക്കാരായ ജോലിക്കാരിൽ ഞങ്ങൾ രണ്ടേ രണ്ട് പേർ മാത്രമായിരിന്നു മലയാളികൾ. ഒരു ദിവസം സൗദിയിൽ നിന്നും നാല് കച്ചവട ഡെലിഗേറ്റുകൾ എത്തി, ഒപ്പം അവരെ കൊണ്ടുവന്ന ജോർജേട്ടൻ്റെ ഒരു ഇറാഖിയായ സുഹൃത്ത്   അബ്ദുൽ സൗദുമുണ്ട് .അങ്ങോട്ടും ഇങ്ങോട്ടുമുള്ള പരിചയപ്പെടുത്തലുകൾക്കൊടുവിൽ പറഞ്ഞ കാര്യങ്ങൾ താഴെ മലയാളീകരിക്കുന്നു .

സൗദ് ; ജോർജ്,നിങ്ങള്‍ പറഞ്ഞത്  ഇവിടെ മലബാറികളെ ജോലിക്ക് എടുക്കില്ല എന്ന് അല്ലേ?

… ജോർജ്ജേ പറഞ്ഞ ആ മറുപടി ഇപ്പോഴും ഞാൻ പല സൗഹൃദ കൂട്ടങ്ങളിലും പറഞ്ഞു കൂട്ടച്ചിരിയിൽ കൂടുതൽ ചിരിക്കാൻ ശ്രമിക്കാറുണ്ട് .

ജോർജ്ജേട്ടന്‍ : അതിന് ഇപ്പോഴും മാറ്റം ഒന്നും ഇല്ല.
സൗദ് : അപ്പോൾ സിരിജിത് ?  ( ശ്രീജിത്തിലെ “ശ്രീ ” സൌദിനു  വഴങ്ങിയില്ല )
ജോർജേട്ടൻ : ഓഹ്, അതിന് സുഡാനികളെ എടുക്കുന്നതിന് ഇവിടെ എതിർപ്പൊന്നും ഇല്ലല്ലോ.

ഏറെ നീണ്ട ചിരിയിൽ കൂടുതൽ ചിരിച്ചത് ഞാൻ ആകും. എന്തിനും പ്രതികരിക്കുന്ന നീ എന്തേ അപ്പോള്‍ പ്രതികരിച്ചില്ല ?  എന്ന് ചോദി ക്കുന്നവരോട് ഇത്രയേ പറയാനുള്ളു. അതിനെ ഒരു കളിയാക്കൽ എന്നതിലുപരി ആസ്വദിക്കാനായി ഞാൻ പണ്ടേ സ്വയം പരിശീലിപ്പിക്കപെട്ടിരിക്കുന്നു. അല്ലങ്കിൽ പരുവപ്പെടുത്തി എടുക്കപ്പെട്ടിരിക്കുന്നു. ‘നീ മറ്റൊരുത്തൻ്റെ കൂടെ കഴിയേണ്ടവളാണെന്ന്’ ഓരോ പെൺകുഞ്ഞിനേയും ഓർമ്മ വെയ്ക്കുന്ന  കാലം മുതൽ വീട്ടുകാരും നാട്ടുകാരും പരുവപ്പെടുത്തി എടുക്കുംപോലെ, ജാതിക്കോയ്മകളും മതനിർബന്ധങ്ങളും ജനിച്ച നാൾ മുതൽ പരുവപ്പെടുത്തി എടുക്കുംപോലെ, ഓരോ കറുത്ത നിറമുള്ള ആണും പെണ്ണും ദ്രാവിഡ ഭൂമിയിൽപെട്ട കേരളത്തിൽ പല വിധത്തിൽ , ബന്ധുക്കളിൽ നിന്നും  സ്‌കൂളിൽ നിന്നും, കോളജിൽ നിന്നും ,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പരിശീലിക്കപെടുന്നു .. പരുവമാക്കപ്പെടുന്നു.

ചില ചെറിയ സാമ്പിളുകൾ . . ഡാ, ഇൻെറർവ്യൂന് പോകുമ്പോൾ വെളുത്ത ഷർട്ടിട്ടു പോണേ. ഡീ, നീ സംസാരിക്കുമ്പോൾ ഇടക്കൊന്നു പല്ലുകാണിച്ച് ചിരിക്കണേ. ഡാ, കല്യാണം കഴിച്ചാൽ മുറിയിൽ 110 വാട്ട്സിൻ്റെ ഒരു ബൾബ് ഇടാൻ മറക്കല്ലേ, ………,………. എനിക്ക് തോനുന്നില്ല ഇതൊന്നും കേൾക്കാത്ത കറുത്ത ഒരു ആണോ പെണ്ണോ കേരളത്തിൽ ഉണ്ടാകും എന്ന്. പരുവമായവർ, മനസ്സിലാക്കപ്പെട്ടവർ പതുക്കെ ചിരിച്ച്‌ തുടങ്ങും. പക്ഷെ പരുവമാക്കപ്പെടാത്തവർ കടുത്ത മാനസിക സംഘർഷകങ്ങളിൽ കുടുങ്ങുന്നു, ചിലർ ഫെയർ ആൻഡ് ലൗലിയിൽ മുങ്ങി തോർത്തി കുടുംബം വെളുപ്പിക്കുന്നു.

മെലാനിൻ ഇത്തിരി കുറവുള്ളൊരാൾ അത് ഇത്തിരി കൂടുതലുള്ള ഒരാളിന് മുകളിൽ ചെലുത്തുന്ന ഒരുതരം അധിനിവേശം തന്നയാണിത് . അപ്പോൾ അതിൽ വലത് രാക്ഷ്ട്രീയവും കൊടിയ വംശീയതയും  കൂടിയാകുമ്പോൾ ജോര്‍ജ് ഫ്ലോയിഡുമാരുണ്ടാകുന്നതിൽ അത്ഭുതമൊന്നും ഞാൻ കാണുന്നില്ല , ഇനിയും ഉണ്ടായിക്കൊണ്ടുമിരിക്കും. ഇന്ത്യയിലും കാര്യങ്ങൾ ഇങ്ങനെയൊക്കെ പോയാൽ ഇതൊക്കെത്തന്നെ സംഭവിക്കാം .. ഒരു ഗോസായി പോലീസുകാരൻ്റെ മുട്ടിനിടയിൽ എൻ്റെ ഇരുണ്ട കഴുത്ത് അമരുന്നതായി ഞാൻ സ്വപ്‍നം കണ്ട് തുടങ്ങിയിരിക്കുന്നു. യാഥാർത്യമാകുംമുമ്പേ പരുവപെടുക എന്നത് തന്നയാണ് ചിലപ്പോഴക്കെ അതിജീവനത്തിനുള്ള വഴി. നമ്മൾ ഒരു സമൂഹമായിത്തന്നെ കുറേനാളായി പലവിധ പരുവപെടീലുകളുടെ വഴിയിലാണല്ലോ, എതിർത്ത് തോൽപ്പിക്കുക എന്നതാണ് മാനവികമായ നമ്മുടെ ഉത്തരവാദിത്തം എന്ന് അറിഞ്ഞുകൊണ്ട് തന്നെ.

( ദയവ് ചെയ്ത് എന്നെ സുഡാനികളുമായി ഉപമിച്ച്‍ അവരെ മോശക്കാരായി കാണരുതേ )

ശ്രീജിത്ത് എഴുതിഫേസ്ബുക്കില്‍ യത്.

Leave a Reply