728-pixel-x-90-2-learn
728-pixel-x-90
<< >>

ജോസഫ് സേവ്യര്‍ കണ്ട പ്രേംനസീര്‍

കാലം 1982. ലൊക്കേഷന്‍, തിരുവനന്തപുരത്ത് നിന്ന് മദ്രാസിലേക്കുള്ള  ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം.

ജോലിതേടി യു എ ഇ ലേക്ക് പോകുകയായിരുന്നു ഞാന്‍.നിര്‍ഭാഗ്യവശാല്‍ ECNR സ്റ്റാമ്പ്‌ പതിക്കാത്തതിനാല്‍ എനിക്ക് എജന്റ്റ് നിര്‍ദ്ദേശിച്ച പ്രകാരം മദ്രാസില്‍ നിന്നായിരുന്നു ഷാര്‍ജയിലേക്കുള്ള വിമാനം.പക്ഷെ ആ “വഴി മാറി പറക്കല്‍” എന്റെ ജീവിതത്തിലെ ഒരപൂര്‍വ്വ അനുഭവത്തിനു ഹേതുവായി.അല്‍പ്പം പരിഭ്രാന്തിയോടെയും ഉറ്റവരെ പിരിയുന്ന സങ്കടത്തോടെയും വിമാനത്തില്‍ പ്രവേശിച്ച എന്നെ കാത്തിരുന്നത് ഒരു മഹാത്ഭുതമായിരുന്നു.സീറ്റ് നമ്പര്‍ ഒരു വിധം തപ്പിപ്പിടിച്ചു ഞാന്‍ ഇരിപ്പുറപ്പിച്ചു.ആരായിരിക്കും എനിക്കൊപ്പം യാത്ര ചെയ്യുവാനുണ്ടാകുക എന്ന ഒരു കൌതുകത്തോടെ ഞാന്‍ സഹയാത്രികനെതേടി ഇരുന്നു.

nazir 1എയര്‍ഹോസ്റ്റസ് എന്റെ തൊട്ടടുത്ത ഇരിപ്പിടത്തിലേക്ക് ആനയിച്ചു കൊണ്ടുവന്നത് മലയാളത്തിന്‍റെ നിത്യ വസന്തത്തെ ആയിരുന്നു.ആയിരം വസന്തങ്ങള്‍ ഒരുമിച്ചു കണ്ട മാനസികാവസ്ഥയിലായി ഞാന്‍.അന്ന് സിനിമാതാരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗ ജീവികളായിരുന്നല്ലോ. ഇന്നത്തെപ്പോലെ ഔട്ട്‌ ഡോര്‍ ഷൂട്ടിംഗ് അധികം ഇല്ലാത്ത കാലം.ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളും ഇല്ല.ഫിലിം നാദം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ക്കൂടി മാത്രം ജനങ്ങള്‍ കണ്ടു പരിചയിച്ചവരായിരുന്നു അന്നത്തെ താരങ്ങള്‍.അതുകൊണ്ട് തന്നെ ഒരു താരത്തെ “ജീവനോടെ”കാണുക എന്നത് ഒരു മഹാസംഭവമായിരുന്നു അന്ന്.

അസ്തപ്രന്ജനായി ഇരുന്ന എനിക്ക് നേരെ ഹസ്തദാനത്തിനായി ഉയരുന്ന ആ മനോഹര കരങ്ങളും നിറഞ്ഞ ചിരിയും “എന്നെ അറിയുമോ” എന്ന ചോദ്യവും എന്നെ കൂടുതല്‍ “അബോധാവസ്ഥയില്‍”എത്തിച്ചു.സ്ഥലകാലബോധം സാവധാനം വീണ്ടെടുത്ത ഞാന്‍ അദ്ദേഹത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു തുടങ്ങി.ഒപ്പം എനിക്ക് ECNR സമ്മാനിച്ച കുഴപ്പവും ഷാര്‍ജയിലേക്കുള്ള ഫ്ലൈറ്റിനായി രാത്രി വൈകുവോളം മദ്രാസ് എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടതിനെക്കുറിച്ചുമൊക്കെ  ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.ഇന്നത്തെ ചെന്നൈയായ അന്നത്തെ മദ്രാസ് എനിക്ക് ഒരു പരിചയവുമില്ലാത്ത നഗരമായിരുന്നു.സ്നേഹസമ്പന്നനായ അദ്ദേഹത്തിനു ഒട്ടും ആലോചിക്കേണ്ടി വന്നില്ല അപരിചിതനായ എന്നെ ഒപ്പം കൂട്ടാന്‍.”വിഷമിക്കേണ്ട,എയര്‍പോര്‍ട്ടില്‍ എന്നെ കൊണ്ട് പോകാന്‍ കാര്‍ വരും. അതില്‍ നമുക്ക് എന്റെ വീട്ടില്‍ പോകാം.അവിടെ വിശ്രമിച്ചിട്ട് വൈകുന്നേരം എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാനുള്ള ഏര്‍പ്പാടുണ്ടാക്കാം.” എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നില്‍ ഉണ്ടാക്കിയ വികാരം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

ഞങ്ങള്‍ ചെന്നൈയിലെത്തി.അദ്ദേഹത്തെ കൊണ്ട് പോകാന്‍ വന്ന കാറില്‍ ആ മഹാനുഭവനോപ്പം മഹാനഗരത്തിലെ വീഥികളിലൂടെ അദ്ദേഹത്തിന്‍റെ ഗൃഹത്തിലേക്ക്.ഏകദേശം ഉച്ച സമയമായിരുന്നു അപ്പോള്‍.ലഞ്ച് കഴിക്കാനായി അദ്ദേഹം ക്ഷണിച്ചു.സ്വന്തം കൈ കൊണ്ട് എനിക്ക് വിളമ്പി തന്നു.ഒരു യഥാര്‍ഥ മനുഷ്യ സ്നേഹിയുടെ ഹൃദയ വിശാലതയും അലിവും ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു.ഉച്ച ഭക്ഷണത്തിനു ശേഷം വിശ്രമിക്കാനായി ഒരു മുറി അദ്ദേഹം കാണിച്ചു തന്നു.”രാത്രിയല്ലേ ഫ്ലൈറ്റ് ,കുറച്ചു നേരം വിശ്രമിച്ചോളൂ. ഉറങ്ങിപ്പോകുമെന്നു പേടിക്കേണ്ട,ഞാന്‍ വിളിച്ചുണരത്തിക്കോളാം”എന്ന് അദ്ദേഹം പറഞ്ഞു.

joseph zavier photoവൈകുന്നേരം അദ്ദേഹം വന്നു എന്നെ വിളിച്ചു.എന്നിട്ട് പറഞ്ഞു”എനിക്ക് വൈകുന്നേരം എ വി എം സ്റ്റുഡിയോയില്‍ ഷൂട്ടിംഗ് ഉണ്ട്.അത് കൊണ്ട് ഞാനിറങ്ങുകയാണ്.ഫ്ലൈറ്റ് സമയം ഞാന്‍ ഡ്രൈവറോട് പറഞ്ഞിട്ടുണ്ട്.കൃത്യമായി അയാള്‍ കൊണ്ട് വിടും.എല്ലാം നന്നായി വരും.സമാധാനമായി പോയ്‌ വരൂ”.അതും പറഞ്ഞു എനിക്ക് ഹസ്തദാനം നല്‍കി അദ്ദേഹം മുറിക്കു പുറത്തേക്കിറങ്ങി.

എന്നോട് യാത്ര പറഞ്ഞു റൂമില്‍ നിന്നുമിറങ്ങിയ അദ്ദേഹത്തെ ഞാന്‍ യാന്ത്രികമായി അനുഗമിച്ചു.ആ സ്നേഹവായ്പ്പിനു മുന്നില്‍ എന്ത് പറയണം എന്നറിയാതെ കുഴങ്ങുകയായിരുന്നു ഞാന്‍.

വാതില്‍ക്കലെത്തിയപ്പോള്‍ അദ്ദേഹം ഡ്രൈവറോട് എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടിട്ടു പെട്ടെന്ന് തിരിച്ചു പോകരുത്,വിമാനം യാത്രയായി ഞാന്‍ പോയി എന്നുറപ്പ് വരുത്തിയിട്ടേ പോകാവൂ എന്ന് പറയുന്നത് കേട്ടപ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി.

ചാര നിറമുള്ള സഫാരി സൂട്ടില്‍ ഞാനന്ന് കണ്ട മനുഷ്യ സ്നേഹത്തിന്റെ നിറരൂപത്തെ 32 വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയാറുണ്ട്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നതിന് അദ്ദേഹം എനിക്ക് സ്റ്റഡി ക്ലാസ് നല്‍കുകയായിരുന്നു എന്ന് പില്‍ക്കാലത്ത് ഞാന്‍ തിരിച്ചറിഞ്ഞു.കഴിവതും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.അദ്ദേഹത്തെ കണ്ടുമുട്ടിയത് മുതല്‍ സഹജീവി സ്നേഹം എന്നതിന് എന്നെ സംബന്ധിച്ച് ഒരു പര്യായമേയുണ്ടായിരുന്നുള്ളൂ, പ്രേംനസീര്‍ !

ജോസഫ് സേവ്യര്‍ സനുസത്യനോട് പറഞ്ഞത്.

Leave a Reply