ആലപ്പുഴ: ദേശീയപാതയില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലുള്ള യന്ത്രം ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് തകര്‍ക്കാനാവാതെ ജെ സി ബിയുടെ പല്ല് അടര്‍ന്നു വീണു. തലേന്ന് രാത്രി നിര്‍മ്മിച്ച റോഡിന്റെ അരിക് പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ തോല്‍വി സമ്മതിച്ച ജെ സി ബി കണ്ട് ഉദ്യോഗസ്ഥരും കണ്ടു നിന്നവരും അന്തംവിട്ടു. ജര്‍മ്മന്‍ യന്ത്രമായ ‘വിര്‍ട്ജന്‍’ ആണ് റോഡ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. പത്ത് കോടി രൂപയാണ് ഇതിന്റെ വില.
പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിലെ പുറക്കാട്ട് ഭാഗത്തു നിന്നും ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയിലെ പാതിരപ്പള്ളി വരെയുള്ള 22 കിലോമീറ്റര്‍ റോഡാണ് വിര്‍ട്ജന്‍ പരീക്ഷിച്ചു നിര്‍മ്മിച്ചത്. അടുത്ത പകല്‍ ജെ സി ബികൊണ്ട് ഈ റോഡിന്റെ അരിക് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആഞ്ഞുശ്രമം തുടര്‍ന്നെങ്കിലും ജെ സി ബിയുടെ പല്ല് അടര്‍ന്നു വീഴുകയായിരുന്നു. ഒടുവില്‍ കോണ്‍ക്രീറ്റ് മുറിക്കുന്ന ബ്ലേഡ് മറ്റൊരു യന്ത്രത്തില്‍ ഘടിപ്പിച്ചാണ് റോഡിന്റെ അരിക് കുറച്ചുഭാഗത്ത് ഇളക്കിയത്.
പഴയ റോഡിന്റെ പ്രതലം ഇളക്കി 20 എം എം മെറ്റല്‍ പാകിയ ശേഷം മുകളില്‍ സിമന്റ് വിതറും. ബിറ്റുമിനും വെള്ളവും നിറച്ച രണ്ടു ടാങ്കര്‍ ലോറികള്‍ പൈപ്പുകള്‍ വഴി ബന്ധിപ്പിച്ച് ഇതിന് മുകളിലൂടെ നീക്കും. രണ്ടും ചേര്‍ന്ന മിശ്രിതം ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലുള്ള മില്ലിംഗ് മെഷീനായ വിര്‍ട്ജന്‍ പൈപ്പിലൂടെ കടത്തിവിട്ടതിന് ശേഷം മദ്ധ്യഭാഗത്ത് 18 ഉം വശങ്ങളില് 16 ഉം സെ.മീ കനത്തില്‍ വിരിക്കുന്നു. മുള്ളര്‍ റോളര്‍ ആറുതണവയോളം ഓടിക്കും. പിന്നാലെ വൈബ്രേറ്ററുള്ള സാധാരണ റോളറും, തുടര്‍ന്ന് ഗ്രേഡറും ഓടിക്കും. ഏറ്റവും അവസാനമായി വീല്‍ റോളര്‍ ഓടിച്ച് ഫിനിഷ് ചെയ്യും. ഇങ്ങനെയാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം.