728-pixel-x-90-2-learn
728-pixel-x-90
<< >>

ജി എസ് ടിയുടെ പേരില്‍ സ്വകാര്യ സിനിമാ തിയേറ്ററുകളുടെ കൊള്ള

തിരുവനന്തപുരം: ജി എസ് ടി പ്രാബല്യത്തിലായതോടെ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ വന്‍കൊള്ള. ജി എസ് ടിയുടെ ഫലമായി ടിക്കറ്റ് നിരക്ക് കുറയേണ്ടതിന് പകരം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമായ കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ മാത്രമാണ് ജി എസ് ടി ആനുപാതികമായ നിരക്ക് ഈടാക്കുന്നത്.

കോര്‍പ്പറേഷന് കീഴിലുള്ള കൈരളി, ശ്രീ, നിള, ചിത്രാഞ്ജലി തുടങ്ങിയ തിയേറ്ററുകളില്‍ ജി എസ് ടി നടപ്പാക്കിത്തുടങ്ങിയതോടെ മുന്തിയ ടിക്കറ്റിന് അഞ്ച് രൂപയും താഴ്ന്ന ടിക്കറ്റിന് മൂന്ന് രൂപയും കുറയുകയാണുണ്ടായത്. എന്നാല്‍ സ്വകാര്യ തിയേറ്ററുകളില്‍ ജി എസ് ടിയുടെ പേരില്‍ നിരക്ക് കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.

ജി എസ് ടി വന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതി ഇല്ലാതായി. കോര്‍പ്പറേഷന്‍(25), മുനിസിപ്പാലിറ്റി(20), പഞ്ചായത്ത്(15) എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതിക്ക് പകരം 18 ശതമാനം ജി എസ് ടി മാത്രമായി. നൂറ് രൂപ വരെയാണ് ഈ നിരക്ക്. അതിന് മുകളില്‍ 28 ശതമാനമായി ഉയരും.

കോര്‍പ്പറേഷന്‍ പരിധിയിലെ ടിക്കറ്റിന് നിയമപ്രകാരം നൂറ് രൂപ വിലയുള്ള ടിക്കറ്റില്‍ 25 രൂപ വിനോദ നികുതി കുറച്ച് പകരം 18 രൂപ കൂട്ടുകയാണ് വേണ്ടത്. ഇതോടെ മുമ്പുണ്ടായിരുന്ന നിരക്കിനേക്കാള്‍ ഏഴ് രൂപ കുറയുകയാണ് ചെയ്യുക. ഇതിനു പകരം സ്വകാര്യ തിയേറ്ററുടമകള്‍ മുന്‍പുണ്ടായിരുന്ന നിരക്കിനൊപ്പം ജി എസ് ടി നിരക്ക് കൂടി ചേര്‍ത്ത് ഈടാക്കുകയാണ് ചെയ്തുവരുന്നത്.

INDIANEWS24.COM T V P M

Leave a Reply