jio 800x100
jio 800x100
728-pixel-x-90
<< >>

ജില്ലയ്ക്ക് റെക്കോര്‍ഡ്‌ ഇനിഷ്യല്‍ കളക്ഷന്‍ , വീരം ഗംഭീരം

കൊച്ചി : ജില്ല റെക്കോര്‍ഡ്‌ ഇനിഷ്യല്‍ കളക്ഷന്‍ നേടി കുതിക്കുന്നു. മോഹന്‍ലാല്‍ – വിജയ്‌ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ തിയേറ്ററുകള്‍  പൂരപ്പറമ്പാക്കുന്ന കാഴ്ചയാണ് കേരളത്തിലെമ്പാടും. എറണാകുളത്തു വന്‍ കപ്പാസിറ്റി തിയേറ്ററുകളായ ഷേണായീസ് , ശ്രീധര്‍ , സരിത എന്നിവിടങ്ങളില്‍ കരിച്ചന്തയില്‍പ്പോലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. കൂടാതെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളായ പി വി ആര്‍ – ലുലു മാള്‍, സിനിമാക്സ് , ക്യു സിനിമ എന്നിവിടങ്ങളില്‍ നേരത്തെതന്നെ ടിക്കറ്റ് റിസര്‍വേഷന്‍ ഫുള്‍ ആയിരുന്നു. ഇന്ന് രണ്ടാം ദിനവും ഇതേ അവസ്ഥ തുടരുകയാണ്. തമിഴ്നാട്ടിലും ജില്ല  തകര്‍ത്തു വാരുകയാണ്.

ജില്ല എന്ന ടൈറ്റില്‍ റോളില്‍ വിജയ്‌ എത്തുന്ന ജില്ലയുടെ പ്രധാന ആകര്‍ഷണം മോഹന്‍ലാല്‍ തന്നെയാണ്. വിജയ്‌ പതിവ് ശൈലിയില്‍  ഗാന -നൃത്ത-സംഘട്ടന രംഗങ്ങളുമായ് നിറഞ്ഞാടുന്ന  ജില്ലയില്‍ തന്‍റെ വ്യത്യസ്ത ഗെറ്റപ്പും മികവുറ്റ അഭിനയ ശൈലിയുമായി ലാല്‍ വേറിട്ട്‌ നില്‍ക്കുന്നു. ചിത്രം ആരംഭിക്കുന്നത് ലാലില്‍ നിന്നാണെങ്കിലും ആദ്യ പകുതിയുടെ മദ്ധ്യം മുതല്‍ ക്ലൈമാക്സ് വരെ സംവിധായകന്‍ ഒരു വിജയ്‌ ചിത്രമായിട്ടാണ് ജില്ല ഒരുക്കിയിരിക്കുന്നത്.പക്ഷെ വിജയിനെ അപേക്ഷിച്ച് റോളിനു ദൈര്‍ഘ്യം കുറവാണെങ്കിലും ചിത്രത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്നു. ലാല്‍ അവതരിപ്പിക്കുന്ന ശിവന്‍ എന്ന കഥാപാത്രത്തിനു ചുറ്റുമാണ് സിനിമ ഭ്രമണം ചെയ്യുന്നത്. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടുന്നത് ലാലാണെങ്കിലും മോഹന്‍ലാലിന്‍റെ കടുത്ത ആരാധകര്‍ക്ക് ഒരു പക്ഷെ ചിത്രം ദഹിച്ചുവെന്നു വരില്ല. പക്ഷെ ജില്ല സിനിമാ ചരിത്രത്തില്‍ ഓര്‍ക്കപ്പെടുന്നത് വിജയിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രം എന്നതിലുപരി മോഹന്‍ലാലിന്‍റെ  ശിവന്‍ എന്ന ഉജ്ജ്വല കഥാപത്രത്തിന്‍റെ പേരിലായിരിക്കും.

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി ലഭിക്കുന്നത് മോഹന്‍ലാലും വിജയും ഒന്നിച്ചുള്ള ഗാന രംഗത്തിനാണ്. ഇതര നടന്മാരില്‍ സമ്പത്ത് മികച്ച പ്രകടനം കാഴ്ച വെച്ചു. വേഷം ചെറുതാണെങ്കിലും ഷമ്മി തിലകന്‍ തന്‍റെ റോള്‍ ഭംഗിയാക്കി. കാജല്‍ അഗര്‍വാള്‍ , പൂര്‍ണ്ണിമ ജയറാം എന്നിവര്‍ ശരാശരിയിലൊതുങ്ങി. പശ്ചാത്തലസംഗീതവും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.

മോഹന്‍ലാലിന്‍റെയും  ആശീര്‍വാദ് ഫിലിംസ് എന്ന ബാനറിന്‍റെയും കരിയര്‍ ഗ്രാഫ് ഏറെ ഉയരങ്ങളിലെത്തിച്ച ദൃശ്യത്തെത്തുടര്‍ന്നു  ജില്ലയും  വന്‍ വിജയമാകുന്നതാണ് പുതുവത്സരത്തിലെ ഏറ്റവും വലിയ വാര്‍ത്ത. തലൈവയുടെ ക്ഷീണം തീര്‍ക്കാന്‍ ജില്ലയ്ക്കായി എന്നത് വിജയിനും ആശ്വാസമാകും.

veeram

ജില്ലയ്ക്കൊപ്പം മത്സരിച്ച അജിത്തിന്‍റെ വീരത്തിനും  ഗംഭീര റിപ്പോര്‍ട്ടാണ്. മികച്ച  കളക്ഷന്‍ നേടുന്ന വീരം വിജയമുറപ്പിച്ചു കഴിഞ്ഞു. രണ്ടു പൊങ്കല്‍ റിലീസുകളും വിജയം നേടുന്നത് അടുത്ത കാലത്ത് വന്‍ വിജയങ്ങളില്ലാതിരുന്ന തമിഴ് സിനിമാ വ്യവസായത്തിന് പുത്തനുണര്‍വ്വ് സമ്മാനിക്കുകയാണ്. ആരംഭം , വീരം എന്നീ ഇരട്ട വിജയങ്ങളോടെ അജിത്‌ തന്‍റെ സിംഹാസനമുറപ്പിക്കുകയാണ്. സൂര്യ – വിജയ് -അജിത്‌ ത്രയങ്ങളുടെ മാസ്മരിക വലയത്തില്‍ തമിഴ് സിനിമ വ്യവസായം വളര്‍ന്നു പന്തലിക്കുകയാണ്. മൂവര്‍ക്കും കേരളം -ആന്ധ്രാ- കര്‍ണ്ണാടകം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും  വിദേശ ഇന്ത്യക്കാര്‍ക്കിടയിലുമുള്ള സ്വീകാര്യത തമിഴ് സിനിമയെ ബോളിവുഡ് ചിത്രങ്ങളുമായി മത്സരിക്കുന്നതിന് പ്രാപ്തമാക്കുന്നു.രജനീകാന്തിന്‍റെ കൊച്ചടിയാനും കമലഹാസന്‍റെ വിശ്വരൂപം രണ്ടാം ഭാഗവും ഇതിനു ആക്കം കൂട്ടും. 100 കോടി ക്ലബ്ബില്‍ തമിഴ് ചിത്രങ്ങളും ഇടം പിടിച്ചു തുടങ്ങുകയാണ്. ഇതിനു തുടക്കമാകും ജില്ലയും വീരവും എന്ന് കരുതാം.

ജില്ല എന്നത് ഒരു പൊങ്കല്‍ ഉത്സവമാണ് ഒപ്പം അപൂര്‍വ്വമായ ഒരു സംഗമത്തിന്‍റെ അടയാളപ്പെടുത്തലും. യുക്തിക്കും വിമര്‍ശനങ്ങള്‍ക്കും അതീതമായി ആഘോഷമായി കണ്ടു തീര്‍ക്കേണ്ട ഒരു ഉത്സവ ചിത്രം, അതാണ്‌ ജില്ല  !

SANU INDIANEWS24

 

 

 

Leave a Reply