728-pixel-x-90-2-learn
728-pixel-x-90
<< >>

ജാമ്യത്തിനുള്ള വഴികള്‍ ദുഷ്‌കരം; ദിലീപ് വിചാരണാ തടവിലേക്കോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കഴിയും വരെ നടന്‍ ദിലീപിന് തടവില്‍ കഴിയേണ്ടിവരുമോയെന്ന സംശയത്തിലാണ് അഭിഭാഷകര്‍. നിലവിലെ സാഹചര്യത്തില്‍ ഇനിയും ജാമ്യത്തിനായി ശ്രമിച്ചാല്‍ ഫലംചെയ്‌തേക്കില്ല. ഇന്ന് നാലാം തവണയാണ് ദിലീപിന് കേസില്‍ ജാമ്യം നിഷേധിച്ചത്.

ഇനി സപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് ഒരേയൊരു പോംവഴി. ഇത്തരത്തില്‍ നീങ്ങണമെങ്കില്‍ തന്നെ ജാമ്യത്തിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ പ്രതിഭാഗത്തിന് കഴിയുകയും വേണം. എന്നാല്‍ പ്രോസിക്യൂഷന്‍ ഓരോ തവണയും ശക്തമായ തെളിവുകളുമായാണ് എത്തുന്നത്. ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ ആദ്യം പരിഗണിക്കുമ്പോള്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശക്തമായതായിരുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിധം യുവനടിയെ ക്രൂരമായി മാനഭംഗപ്പെടുത്താന്‍ ആസൂത്രണം ചെയ്‌തെന്ന ആരോപണം നിസ്സാരമായി കാണാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്.രണ്ടാം തവണയും ജാമ്യം നിഷേധിച്ചപ്പോള്‍ സാഹചര്യങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ പുറത്തിറക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

റിമാന്‍ഡ് തടവില്‍ 60 ദിവസം പിന്നിട്ടശേഷം ആരോപിതന് അര്‍ഹമായ സ്വാഭാവിക ജാമ്യത്തിന് വേണ്ടിയുള്ള അപേക്ഷയിന്‍മേലാണ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ നടത്തിയ എല്ലാ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും ദിലീപ് ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വാദം നിരത്തി. ഈ ജാമ്യാപേക്ഷ കൂടി തള്ളിക്കളഞ്ഞതോടെ ജാമ്യത്തിനായുള്ള എല്ലാ പ്രതീക്ഷയും അസ്ഥാനത്തായെന്നാണ് അഭിഭാഷക കേന്ദ്രങ്ങള്‍ പറയുന്നത്.

ഇനി സുപ്രീംകോടതിയെ സമീപിക്കുകയെന്നതാണ് ഒരേയൊരു പോംവഴി. നിര്‍ഭയ കേസിന് ശേഷം സുപ്രീംകോടതി ഇത്തരം കേസുകളില്‍ കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. അതിനാല്‍ ജാമ്യഹര്‍ജിയുമായി പോകുന്നത് ഏറെ ദുഷ്‌കരമാകുമെന്ന വിലയിരുത്തലുമുണ്ട്. കുറ്റപത്രം തയ്യാറാകാന്‍ അധികം വൈകില്ലെന്നാണ് പോലീസ് പറയുന്നത്. കുറ്റപത്രം നല്‍കി കഴിഞ്ഞാല്‍ വിചാരണ കാലമായി. പിന്നെ കേസിന്റെ ഗതി കാത്തിരുന്ന് കാണേണ്ടതായി വരും. ഇതോടെ കേസില്‍ ദിലീപിന്റെ ജാമ്യം സംബന്ധിച്ചും ഏറെ അനിശ്ചിതത്ത്വങ്ങളാണ് ഉയരുന്നത്.

INDIANEWS24.COM Kochi

Leave a Reply